തിരുവനന്തപുരം: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ സംസ്ഥാനത്ത് കർശന നടപടികളുമായി ആരോഗ്യവകുപ്പ്.
ഓൺലൈൻ വിപണനം ഉൾപ്പെടെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.
നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതിനൊപ്പം ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടികളും സ്വീകരിക്കും.
ഫേസ് ഷീറ്റുകൾ, ഫെയർനെസ് ഉൽപ്പന്നങ്ങൾ, ചർമത്തിന്റെ നിറവും സൗന്ദര്യവും വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ തുടങ്ങിയവയുടെ വിൽപ്പനയും പ്രത്യേകം പരിശോധിക്കും.
ഓൺലൈൻ വിതരണ ശൃംഖലയും നിരീക്ഷണത്തിൽ
മംഗലാപുരം–കാസർകോട് മേഖല കേന്ദ്രീകരിച്ച് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളും ആരോഗ്യ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി കേരളത്തിലെത്തിച്ച് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇത്തരം ഉൽപ്പന്നങ്ങളുടെ ഉറവിടം, ഗുണനിലവാരം, സുരക്ഷ എന്നിവയിൽ ആശങ്കയുണ്ട്.
പാകിസ്താൻ വഴി എത്തുന്ന ചില ഉൽപ്പന്നങ്ങളിൽ നിർമാതാവിന്റെ പേര്, നിർമാണ തീയതി, കാലാവധി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇവയുടെ വിതരണശൃംഖല കണ്ടെത്തി നടപടിയെടുക്കാനും നിർദേശമുണ്ട്.
ആരോഗ്യത്തിന് ഭീഷണിയാകുന്ന ഉൽപ്പന്നങ്ങൾ
ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ത്വക്ക് ക്യാൻസർ ഉൾപ്പെടെയുള്ള രോഗസാധ്യതകളും ചൂണ്ടിക്കാട്ടുന്നുണ്ട്.സൗന്ദര്യം വർധിപ്പിക്കാനും ചർമത്തിന്റെ നിറം മാറ്റാനും വേഗത്തിൽ ഫലം ലഭിക്കുമെന്നുമുള്ള അവകാശവാദങ്ങളോടെയാണ് പല ഉൽപ്പന്നങ്ങളും വിപണിയിലെത്തുന്നത്.
എന്നാൽ അവയിൽ അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ചും ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ചും ഉപഭോക്താക്കൾക്ക് മതിയായ വിവരങ്ങൾ ലഭിക്കുന്നില്ല.
പേശീബലവും ശാരീരിക കരുത്തും ഉത്തേജനവും വർധിപ്പിക്കുമെന്ന് അവകാശപ്പെട്ട് ഗുളികകൾ, ഓയിന്റ്മെന്റുകൾ, തൈലങ്ങൾ എന്നിവ വിൽക്കുന്നവരെയും പരിശോധനയുടെ പരിധിയിൽ കൊണ്ടുവരും.
ശാസ്ത്രീയ തെളിവുകളില്ലാത്ത അവകാശവാദങ്ങളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകും.
ഇൻഫ്ലുവൻസർമാരുടെ പ്രചാരണവും പരിശോധിക്കും
സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്ലോഗർമാരെയും നിരീക്ഷിക്കും.
പണം വാങ്ങി ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് നിർദേശം.
പരസ്യങ്ങളും വിൽപ്പനയും മാത്രമല്ല, ഉൽപ്പന്നങ്ങളുടെ ഉറവിടവും വിതരണശൃംഖലയും പരിശോധിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചു.
അംഗീകൃത ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാവൂവെന്ന് മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
ആകർഷകമായ പരസ്യങ്ങളിലും പെട്ടെന്ന് ഫലം ലഭിക്കുമെന്ന വാഗ്ദാനങ്ങളിലും വിശ്വസിക്കാതെ ഉൽപ്പന്നങ്ങളുടെ അംഗീകാരം, നിർമാതാവിന്റെ വിവരങ്ങൾ, ഗുണനിലവാരം എന്നിവ ഉറപ്പാക്കണം.
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
English Summary :The Kerala Health Department has ordered statewide inspections to curb the sale of unauthorised cosmetic products and fake protein powders. Health Minister K. Muraleedharan has directed the State Drugs Controller to take strict action, including licence cancellations and criminal proceedings against violators. Online sellers and social media influencers promoting such products will also come under scrutiny.
