മലപ്പുറം ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ വിമർശനം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സീരിയൽ താരം റനീഷ റഹ്മാൻ.
ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ടാണ് ഓൺലൈനായി ക്രീം വാങ്ങി ഉപയോഗിച്ചതെന്ന് ചികിത്സയിലുള്ള പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
ഈ ഫെയ്സ് ക്രീം റനീഷയും സോഷ്യൽ മീഡിയയിൽ പ്രമോട്ട് ചെയ്തിരുന്നു.ക്രീം പ്രമോട്ട് ചെയ്ത വ്യക്തിയെന്ന നിലയിലും ഉപയോഗിച്ച വ്യക്തിയെന്ന നിലയിലും സംഭവം അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ റനീഷ പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന പെൺകുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നതായും റനീഷ വ്യക്തമാക്കി.
‘15 ദിവസം ഉപയോഗിച്ച് നോക്കിയിരുന്നു’
പണത്തിനുവേണ്ടി ഉൽപന്നങ്ങൾ ഉപയോഗിച്ച് നോക്കാതെ പരസ്യം ചെയ്യുന്നുവെന്ന വിമർശനത്തോടും റനീഷ പ്രതികരിച്ചു.
താൻ ഉപയോഗിച്ച് ബോധ്യപ്പെടാത്ത ഒരു ഉൽപന്നവും ഇതുവരെ ഇൻസ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ പ്രമോട്ട് ചെയ്തിട്ടില്ലെന്നാണ് റനീഷയുടെ വിശദീകരണം.
കഴിഞ്ഞ വർഷം മുഖത്തുണ്ടായ കരുവാളിപ്പ് മാറുന്നതിനായി ഈ ക്രീം 15 ദിവസത്തോളം സ്വന്തമായി ഉപയോഗിച്ചിരുന്നുവെന്നും റനീഷ പറഞ്ഞു.
സെൻസിറ്റീവ് ചർമ്മമായിട്ടും ഉപയോഗിച്ച കാലയളവിൽ പാർശ്വഫലങ്ങളൊന്നും ഉണ്ടായില്ലെന്നും മികച്ച ഫലം ലഭിച്ചതാണ് ആത്മവിശ്വാസത്തോടെ ഉൽപന്നത്തിന്റെ പ്രമോഷൻ വിഡിയോ ചെയ്യാൻ കാരണമെന്നും അവർ വ്യക്തമാക്കി.
‘സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിയുന്നു’
പ്രമോഷനുകൾക്ക് പണം സ്വീകരിക്കാറുണ്ടെങ്കിലും പണത്തിനുവേണ്ടി എന്തും ചെയ്യുന്ന വ്യക്തിയല്ല താനെന്നും റനീഷ പറഞ്ഞു.
ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവവും ആരോഗ്യനിലയും വ്യത്യസ്തമായിരിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ മാത്രം കണ്ട് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്നും ഏതൊരു ഉൽപന്നവും ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദേശം തേടണമെന്നും റനീഷ പറഞ്ഞു.
സംഭവത്തിൽ നിന്ന് താനും വലിയൊരു പാഠം ഉൾക്കൊണ്ടതായും ഇനി ഇത്തരം ഉൽപന്നങ്ങളുടെ പരസ്യങ്ങൾ ഏറ്റെടുക്കുമ്പോൾ കൂടുതൽ ജാഗ്രതയും പരിശോധനയും നടത്തുമെന്നും അവർ വ്യക്തമാക്കി.
English Summary : Serial actor Renisha Rahman has responded to criticism surrounding the promotion of a cosmetic cream linked to a case in Malappuram involving a girl undergoing treatment for severe kidney disease. Renisha said she had personally used the cream for around 15 days before promoting it and had not experienced any side effects. She said the incident was a lesson for her and that she would exercise greater caution and verification before promoting such products in the future.
