വാഹന ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർക്ക് ഇനി ടോൾ പ്ലാസകളിൽനിന്ന് മുന്നറിയിപ്പ് സന്ദേശമെത്തും. ക്യാമറകളും കേന്ദ്ര സർക്കാരിന്റെ വാഹൻ ഡാറ്റാബേസും ഉപയോഗിച്ചുള്ള വാഹന ഇൻഷ്വറൻസ് പരിശോധന സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കാൻ നീക്കം. മുന്നറിയിപ്പ് അവഗണിച്ചാൽ തുടർനടപടിയായി പിഴ ചുമത്താനും പദ്ധതിയുണ്ട്.
ടോൾ പ്ലാസകളിൽ വാഹന ഇൻഷ്വറൻസ് പരിശോധന
ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളുടെ ഉടമകൾക്ക് മൊബൈൽ ഫോണിൽ എസ്.എം.എസ് ലഭിക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.
വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ടോൾ പ്ലാസ കടന്ന തീയതിയും സമയവും, ഇൻഷ്വറൻസ് കാലാവധി അവസാനിച്ച തീയതി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയായിരിക്കും സന്ദേശം.
ആദ്യഘട്ടത്തിൽ ഇൻഷ്വറൻസ് പുതുക്കാനുള്ള മുന്നറിയിപ്പാണ് നൽകുക. എന്നാൽ ഇത് അവഗണിച്ചാൽ ദിവസങ്ങൾക്കുള്ളിൽ പിഴ ചുമത്തിയതായി അറിയിച്ചുകൊണ്ടുള്ള മറ്റൊരു സന്ദേശവും ലഭിക്കാം.
ക്യാമറ വഴി ഓട്ടോമാറ്റിക് പരിശോധന
ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ് 2 (UER-2)യിലെ മുണ്ട്ക ടോൾ പ്ലാസയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കിയത്.
ടോൾ കടക്കുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ക്യാമറകൾ പകർത്തും. തുടർന്ന് ഈ വിവരം നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (NIC) വാഹൻ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് ഇൻഷ്വറൻസ് വിവരങ്ങൾ പരിശോധിക്കും.
ഇൻഷ്വറൻസ് ഇല്ലെന്നോ കാലാവധി അവസാനിച്ചെന്നോ കണ്ടെത്തിയാൽ വാഹന ഉടമയ്ക്ക് സ്വമേധയാ എസ്.എം.എസ് അയയ്ക്കും.
കേരളം ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സംവിധാനം വ്യാപിപ്പിക്കാനാണ് കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ദേശീയപാത അതോറിറ്റിയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
ഇൻഷ്വറൻസ് ഇല്ലെങ്കിൽ എത്ര രൂപ പിഴ?
മോട്ടോർ വാഹന നിയമപ്രകാരം നിരത്തിലിറക്കുന്ന വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷ്വറൻസ് നിർബന്ധമാണ്. ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ നിയമപ്രകാരം പിഴയൊടുക്കേണ്ടിവരും.
ആദ്യ തവണ നിയമലംഘനം നടത്തിയാൽ വാഹനത്തിന്റെ അടിസ്ഥാന ഇൻഷ്വറൻസ് പ്രീമിയത്തിന്റെ മൂന്നിരട്ടി അല്ലെങ്കിൽ 5,000 രൂപ, ഇതിൽ ഏതാണോ കൂടുതൽ അത് പിഴയായി നൽകണം.
രണ്ടാം തവണയും അതിനുശേഷവും നിയമലംഘനം ആവർത്തിച്ചാൽ അടിസ്ഥാന പ്രീമിയത്തിന്റെ അഞ്ചിരട്ടി അല്ലെങ്കിൽ 10,000 രൂപ, ഇതിൽ ഉയർന്ന തുകയാണ് പിഴയായി ഈടാക്കുക.
വാഹന ഉടമകൾ ശ്രദ്ധിക്കേണ്ടത്
ഇൻഷ്വറൻസ് കാലാവധി കൃത്യസമയത്ത് പുതുക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, അപകടസമയത്ത് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാനും സഹായിക്കും.
അതുകൊണ്ട് വാഹന ഉടമകൾ ഇൻഷ്വറൻസ് കാലാവധി പരിശോധിച്ച് തീരുന്നതിന് മുമ്പ് പുതുക്കണം. ടോൾ പ്ലാസകളിലെ ഓട്ടോമാറ്റിക് പരിശോധന സംവിധാനം വ്യാപകമാകുന്നതോടെ ഇൻഷ്വറൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാകും.
English Summary:
The Central Motor Vehicles Department is planning to introduce an automated vehicle insurance verification system at toll plazas across India, including Kerala. Cameras will capture vehicle registration numbers and check insurance details through the NIC’s VAHAN database. Owners of uninsured vehicles or those with expired policies will receive SMS alerts, followed by penalty notifications if they fail to comply. The system was initially tested at Mundka Toll Plaza on Delhi’s Urban Extension Road 2. Under the Motor Vehicles Act, third-party insurance is mandatory. Violators face a fine of Rs 5,000 or three times the base premium for the first offence, whichever is higher. Repeat offenders face Rs 10,000 or five times the base premium, whichever is higher.
