facebook

ബാലഭാസ്കറിന്റെ അപകടമരണം : സിബിഐ അന്വേഷണത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; തുടരന്വേഷണത്തിന് ഉത്തരവ്

5 Min Read

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ സിബിഐ നടത്തിയ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കേസിൽ വീണ്ടും തുടരന്വേഷണം നടത്താനും ചുമതല അഡീഷനൽ എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കാനും ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവിട്ടു.

നേരത്തേ കോടതി ചൂണ്ടിക്കാട്ടിയ 20 സംശയാസ്പദ സാഹചര്യങ്ങൾ അന്വേഷിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടെന്നാണ് വിമർശനം.മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങൾ അതേപടി ശരിവയ്ക്കുന്ന രീതിയിലാണ് പിന്നീട് അന്വേഷണം നടത്തിയ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

അന്വേഷണത്തിലെ അപാകതകൾ മറച്ചുവയ്ക്കാനുള്ള ശ്രമമായി ഇതിനെ കാണേണ്ടിവരുമെന്നും കോടതി വിമർശിച്ചു. ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ചാണ് ഉത്തരവ്.

20 സംശയങ്ങളിൽ വ്യക്തത തേടി കോടതി

ബാലഭാസ്കറിന്റെ അപകടവുമായി ബന്ധപ്പെട്ട് നേരത്തേ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി, പരിശോധിക്കേണ്ട 20 പ്രധാന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇവയിൽ പലതിലും ശാസ്ത്രീയമായ പരിശോധനയോ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണമോ ഉണ്ടായില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.

സംശയനിഴലിലുള്ള സാക്ഷികൾ മൊഴി തിരുത്തിയപ്പോഴും അവരുടെ വിശദീകരണങ്ങൾ മതിയായ പരിശോധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥൻ അംഗീകരിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് രണ്ടാഴ്ചയ്ക്കുള്ളിൽ പുറപ്പെടുവിക്കണമെന്നും നിർദേശിച്ചു.

മടക്കയാത്രയും അപകടത്തിന് മുമ്പുള്ള സംഭവങ്ങളും

2018 സെപ്റ്റംബർ 24ന് തൃശൂരിലെത്തിയ ബാലഭാസ്കർ ഒരു ദിവസത്തേക്ക് ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നെങ്കിലും അന്നുതന്നെ തിരുവനന്തപുരത്തേക്ക് മടങ്ങി. മടക്കയാത്രയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് സംഗീത സംവിധായകനുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതായി സുഹൃത്ത് പറഞ്ഞെങ്കിലും അങ്ങനെയൊരു കൂടിക്കാഴ്ചയില്ലെന്ന് സംഗീത സംവിധായകൻ മൊഴി നൽകിയിരുന്നു.എന്നാൽ, തൃശൂരിലെ ക്ഷേത്രച്ചടങ്ങുകൾ കഴിഞ്ഞാൽ മടങ്ങാൻ നേരത്തേ തീരുമാനിച്ചിരുന്നുവെന്നും ബുക്ക് ചെയ്ത ബിഎംഡബ്ല്യു കാർ ഏറ്റുവാങ്ങാൻ ബാലഭാസ്കറിന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്നുവെന്നും ഭാര്യ ലക്ഷ്മി വിശദീകരിച്ചതായി സിബിഐ റിപ്പോർട്ടിൽ പറയുന്നു.

കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത് സംഗീത സംവിധായകനുമായല്ല, ഒരു സിനിമാ സംവിധായകനുമായിരുന്നുവെന്നും അത് സെപ്റ്റംബർ 23ന് നടന്നിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

ആശുപത്രി മാറ്റവും മൊബൈൽ ഫോണും സംശയനിഴലിൽ

അപകടത്തിന് പിന്നാലെ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയതിലും കോടതി സംശയം ഉന്നയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റാൻ പ്രകാശ് തമ്പി മുൻകൈയെടുത്തതും അടുത്തുള്ള മറ്റു ആശുപത്രികളും ബന്ധുവായ ഡോക്ടറെയും സമീപിക്കാതിരുന്നതും പരിശോധിക്കേണ്ട വിഷയങ്ങളായി കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ, നാഡീവ്യൂഹ ചികിത്സയ്ക്കും ട്രോമ കെയറിനും അനുയോജ്യമെന്ന വിലയിരുത്തലിലാണ് അനന്തപുരി ആശുപത്രി തിരഞ്ഞെടുത്തതെന്നും ബാലഭാസ്കറിന് ബോധമുണ്ടായിരുന്ന സമയത്ത് അനുമതി വാങ്ങിയാണ് മാറ്റിയതെന്നും സിബിഐ റിപ്പോർട്ട് വിശദീകരിച്ചു.അപകടസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്ത ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ, പഴ്സ്, കാറിന്റെ താക്കോൽ എന്നിവ പ്രകാശ് തമ്പി വാങ്ങിയതിലും കോടതി സംശയം പ്രകടിപ്പിച്ചു.

ഭാര്യ ലക്ഷ്മി പലതവണ ആവശ്യപ്പെട്ടിട്ടും ഫോൺ കൈമാറിയില്ലെന്ന ആരോപണവും ഫോണിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായിരുന്നു.കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ഫോണിലുണ്ടായിരുന്നതിനാൽ പരുക്കേറ്റ ലക്ഷ്മിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് ഫോൺ കൈമാറാതിരുന്നതെന്ന് പ്രകാശ് തമ്പി മൊഴി നൽകിയതായി സിബിഐ വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനിൽനിന്ന് സാധനങ്ങൾ വാങ്ങിയ സമയം സംബന്ധിച്ച മൊഴികളിലെ വ്യത്യാസവും റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.

സ്വർണക്കടത്ത് കേസും പണം പിൻവലിച്ചതും

അപകടം നടന്ന ദിവസം രാത്രി 7.58ന് അപകടസ്ഥലത്തിന് സമീപമുള്ള എടിഎമ്മിൽനിന്ന് പ്രകാശ് തമ്പി 25,000 രൂപ പിൻവലിച്ചിരുന്നുവെന്ന വിവരവും കോടതി പരിശോധിക്കേണ്ട വിഷയമായി പരിഗണിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഈ വിവരം 2020 ഒക്ടോബർ 12ന് കത്തിലൂടെ സിബിഐയെ അറിയിച്ചിരുന്നുവെന്നും നൽകിയ വിവരങ്ങളിൽ പറയുന്നു.

സ്വർണക്കടത്ത് കേസിൽ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും അറസ്റ്റിലായതും കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ, സ്വർണക്കടത്തും ബാലഭാസ്കറിന്റെ അപകടവും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് സിബിഐ വിശദീകരിച്ചു.

ഭാര്യയുടെ ആശുപത്രി ബിൽ അടയ്ക്കാനാണ് പണം പിൻവലിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും

അപകടദിവസം ബാലഭാസ്കർ ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രകാശ് തമ്പി കൊല്ലത്തെത്തിയതും അന്വേഷണത്തിൽ പരിശോധിച്ചു. സാങ്കേതിക തകരാറുകൾ കാരണം ദൃശ്യങ്ങൾ ശേഖരിക്കാനായില്ലെന്നാണ് സിബിഐയുടെ വിശദീകരണം.

അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന അർജുന്റെ ക്രിമിനൽ പശ്ചാത്തലം, സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെങ്കിലും ഗുരുതരമായി പരുക്കേൽക്കാത്ത സാഹചര്യം, പ്രകാശ് തമ്പി ബാലഭാസ്കറിന്റെ വിരലടയാളം എടുത്തെന്ന ആരോപണം എന്നിവയും അന്വേഷണത്തിന്റെ പരിധിയിലുണ്ടായിരുന്നു.

അർജുന്റെ പരുക്കുകളുമായി ബന്ധപ്പെട്ട് ഫൊറൻസിക് സർജന്റെ അഭിപ്രായം തേടിയതായും വിരലടയാളം എടുത്തെന്ന ആരോപണത്തിന് സ്ഥിരീകരണമില്ലെന്നും സിബിഐ റിപ്പോർട്ട് വിശദീകരിച്ചു.പ്രകാശ് തമ്പിയും ആകാശ് ഷാജിയും തമ്മിൽ അപകടത്തിന് മുൻപ് ഫോൺ സംഭാഷണം നടന്നെന്ന ആരോപണവും പരിശോധിച്ചു.

എന്നാൽ, ബന്ധപ്പെട്ട സിം കാർഡ് അന്ന് ദുബായിലുണ്ടായിരുന്ന പ്രകാശ് തമ്പിയുടെ സുഹൃത്ത് ആനന്ദാണ് ഉപയോഗിച്ചിരുന്നതെന്നും ജന്മദിനാശംസകൾ അറിയിക്കാനാണ് വിളിച്ചതെന്നും സിബിഐ വിശദീകരിച്ചതായി റിപ്പോർട്ടിലുണ്ട്.

സിബിഐയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി

സിബിഐ സമർപ്പിച്ച വിശദീകരണങ്ങളെ ഉപരിപ്ലവവും യാന്ത്രികവുമെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. നേരത്തേ ചൂണ്ടിക്കാട്ടിയ പ്രധാന സംശയങ്ങളിൽ ആഴത്തിലുള്ള അന്വേഷണം നടത്തുന്നതിനു പകരം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും കോടതി വിമർശിച്ചു.

സാക്ഷിമൊഴികളിലെ വൈരുധ്യങ്ങൾ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ആശുപത്രി മാറ്റം, മൊബൈൽ ഫോൺ കൈവശംവച്ചത്, കലാഭവൻ സോബിയുടെ വെളിപ്പെടുത്തലിൽ നുണപരിശോധന നടത്താത്തത് തുടങ്ങിയ വിഷയങ്ങളിൽ പ്രഫഷണലായ അന്വേഷണം നടന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഇതോടെയാണ് ബാലഭാസ്കർ അപകടക്കേസിൽ വീണ്ടും തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം അഡീഷനൽ എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു.

English Summary: The Kerala High Court has strongly criticised the CBI investigation into the road accident that killed violinist Balabhaskar and his daughter. Justice G. Girish ordered a fresh further investigation under an officer of at least the rank of Additional Superintendent of Police, citing the failure to adequately examine 20 suspicious circumstances identified earlier. The court also questioned the handling of witness contradictions, hospital transfers and mobile phone evidence. The order followed a review petition filed by Balabhaskar’s parents.

Share This Article