തിരുവനന്തപുരം: സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിനൊപ്പം പാട്ടുപാടാൻ കഴിഞ്ഞ സന്തോഷം പങ്കുവച്ച് സംഗീത സംവിധായകൻ ശരത്. മന്ത്രിക്കൊപ്പമുള്ള ഗാനാലാപനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചാണ് അദ്ദേഹം അനുഭവം പങ്കിട്ടത്.
‘ഒരു മന്ത്രിയുടെ കൂടെ ഡ്യൂറ്റ് പാടണമെന്ന മോഹം പൂവണിഞ്ഞു. സാംസ്കാരിക മന്ത്രി, സഹോദരതുല്യനായ പ്രിയപ്പെട്ട വിഷ്ണുനാഥ് ഒരു നല്ല ഗായകൻ കൂടിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം’ എന്ന കുറിപ്പോടെയാണ് ശരത് വീഡിയോ പങ്കുവച്ചത്.
വീഡിയോയിൽ പാട്ടുപാടാൻ മടിക്കുന്ന മന്ത്രിയെയും പിന്നീട് സമ്മതിച്ച് പാടുന്നതും കാണാം. താൻ സ്ഥിരമായി പാട്ടുപാടുന്ന ആളല്ലെന്നും, മന്ത്രിയായ ശേഷം പാട്ട് പാടി വിമർശനം ഏറ്റുവാങ്ങേണ്ട സാഹചര്യം ഉണ്ടാകരുതെന്നുമാണ് വിഷ്ണുനാഥ് തമാശരൂപേണ പറയുന്നത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർ ‘എവിടെയും പോയി ഇനി പാടരുത്’ എന്ന് പറഞ്ഞുവെന്ന തരത്തിൽ തമാശ പറഞ്ഞും മന്ത്രി ചിരി പടർത്തി. കുട്ടികളുടെ ക്യാമ്പായതിനാലാണ് ഇവിടെ പാടുന്നതെന്നും, വീഡിയോ പുറത്തുപറയരുതെന്നും അദ്ദേഹം രസകരമായി പറഞ്ഞു.
തുടർന്ന് മന്ത്രി ഗാനം ആലപിച്ചപ്പോൾ അത് പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നുവെന്ന് ശരത് പ്രതികരിച്ചു. ആദ്യം തമാശയ്ക്കായി പറഞ്ഞതാണെന്ന് കരുതിയെങ്കിലും മന്ത്രി മികച്ച രീതിയിൽ പാടിയെന്നും, ഒരു മന്ത്രിക്കൊപ്പം ഡ്യൂറ്റ് പാടണമെന്ന തന്റെ ആഗ്രഹം ഇതോടെ സഫലമായെന്നും അദ്ദേഹം പറഞ്ഞു.
വിഷ്ണുനാഥിന്റെ ഗാനാലാപനവും ശരത്തിന്റെ പ്രതികരണവും ഉൾപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
English Summary:
Music composer Sharath shared his joy after singing a duet with Kerala Cultural Affairs Minister P.C. Vishnunath. Posting a video on social media, Sharath praised the minister’s singing talent and joked that his dream of singing with a minister had finally come true. Vishnunath, who initially hesitated humorously, later sang a song, earning appreciation from Sharath and social media users alike.
