facebook

കേരളത്തിലെ യുവാക്കളിൽ മുടികൊഴിച്ചിൽ രൂക്ഷം; ശരാശരി പ്രായം 25

2 Min Read

കൊച്ചി: ചെറുപ്പക്കാരിലെ മുടികൊഴിച്ചിലിന്റെ കാര്യത്തിൽ കേരളത്തിലെ യുവാക്കൾ ആശങ്കാജനകമായ സാഹചര്യത്തിലാണെന്ന് പഠനറിപ്പോർട്ട്.

 രാജ്യത്ത് മുടികൊഴിച്ചിൽ നേരിടുന്ന യുവാക്കളുടെ ശരാശരി പ്രായം 29 വയസാണെങ്കിൽ കേരളത്തിൽ ഇത് 25 വയസാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. 

മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, മെറ്റബോളിസത്തിലെ തകരാറുകൾ എന്നിവയും മുടികൊഴിച്ചിലിന് കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

18–20 വയസിലും കടുത്ത മുടികൊഴിച്ചിൽ

18 മുതൽ 20 വയസുവരെയുള്ളവരിൽ 15.3 ശതമാനം പേർ കടുത്ത മുടികൊഴിച്ചിൽ നേരിടുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. 

മുടികൊഴിച്ചിൽ ഗുരുതരമായ മൂന്നാംഘട്ടത്തിലെത്തിയ ശേഷമാണ് 55.4 ശതമാനം പേരും ചികിത്സ തേടുന്നത്.

 അതിനാൽ തുടക്കത്തിൽത്തന്നെ പ്രശ്നം തിരിച്ചറിഞ്ഞ് ആവശ്യമായ പരിചരണവും വിദഗ്ധോപദേശവും തേടേണ്ടത് പ്രധാനമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രമുഖ ഇന്ത്യൻ ഹെൽത്ത് ടെക് പ്ലാറ്റ്‌ഫോമായ ട്രായ ഹെൽത്ത് നടത്തിയ പഠനത്തിൽ രാജ്യത്തുടനീളമുള്ള അഞ്ച് ലക്ഷം യുവാക്കളെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്.

മെറ്റബോളിസം തകരാറുകളും മാനസിക സമ്മർദ്ദവും

കേരളത്തിലെ യുവാക്കളിൽ മെറ്റബോളിസവുമായി ബന്ധപ്പെട്ട തകരാറുകൾ കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 18–20 പ്രായവിഭാഗത്തിൽ ഇത് 65.2 ശതമാനമാണ്. 

മാനസിക സമ്മർദ്ദവും വ്യാപകമാണ്. ഈ പ്രായത്തിലുള്ളവരിൽ 50.2 ശതമാനം പേർ സമ്മർദ്ദം നേരിടുമ്പോൾ, 36–40 പ്രായവിഭാഗത്തിൽ ഇത് 61.1 ശതമാനമായി ഉയരുന്നു. 50 വയസുവരെ ഈ പ്രവണത തുടരുന്നതായും പഠനത്തിൽ പറയുന്നു.

കാലാവസ്ഥയും പാരമ്പര്യവും മാത്രമല്ല, ജീവിതശൈലിയിലെ മാറ്റങ്ങളും ശരീരത്തിനുള്ളിലെ അസന്തുലിതാവസ്ഥകളും മുടികൊഴിച്ചിലിനെ സ്വാധീനിക്കാമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

മുടിയുടെ ആരോഗ്യത്തിന് ഉറക്കം പ്രധാനം

മുടിയുൾപ്പെടെയുള്ള ശരീരകോശങ്ങളുടെ പുനരുജ്ജീവനത്തിന് ഉറക്കം പ്രധാനമാണ്. മതിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ബാധിക്കുകയും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യാം.

18–20 പ്രായക്കാരിൽ ഉറക്കക്കുറവ് 34 ശതമാനമാണെങ്കിൽ 41–50 പ്രായവിഭാഗത്തിൽ ഇത് 39.6 ശതമാനമായി ഉയരുന്നു. മോശം ഉറക്കത്തിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യയിൽ കേരളം രണ്ടാം സ്ഥാനത്താണെന്നും സംസ്ഥാനത്തെ കണക്ക് ദേശീയ ശരാശരിയേക്കാൾ 6.1 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

ചെറുപ്പത്തിൽത്തന്നെ ശ്രദ്ധിക്കണം

മുടികൊഴിച്ചിൽ തുടർച്ചയായി വർധിക്കുകയോ ചെറുപ്പത്തിൽത്തന്നെ മുടി നേർത്തുതുടങ്ങുകയോ ചെയ്യുന്നവർ കാരണം കണ്ടെത്താൻ ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടണം. പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, പോഷകക്കുറവ്, ചില ആരോഗ്യപ്രശ്നങ്ങൾ, സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ മുടികൊഴിച്ചിലിന് കാരണമാകാം. സമീകൃതാഹാരം, ക്രമമായ ഉറക്കം, സമ്മർദ്ദനിയന്ത്രണം എന്നിവ ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കുന്നതും പ്രയോജനകരമാണ്.

English Summary: A report by Indian health-tech platform Traya Health says hair loss begins at a younger average age among young people in Kerala than the national average. Stress, sleep deprivation and metabolic issues are identified as associated factors.

Share This Article