ലണ്ടൻ/കൊല്ലം: യുകെയിൽ നഴ്സിങ് പഠനത്തിനെത്തിയ മലയാളി വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കടയ്ക്കൽ സീഡ്ഫാം നന്ദനത്തിൽ ജിനു പി., ധന്യ എൻ.ആർ. ദമ്പതികളുടെ മകൾ നന്ദന ജിനു (19) ആണ് മരിച്ചത്. കൊല്ലം റൂറൽ എസ്പി ഓഫിസിൽ എസ്ഐയാണ് പിതാവ് ജിനു പി.
കഴിഞ്ഞ ദിവസം വൈകുന്നേരം ഭക്ഷണം കഴിച്ചശേഷം മുറിയിൽ വിശ്രമിക്കാനായി പോയ നന്ദന കിടക്കയിൽനിന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മരണം സംഭവിച്ചു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
നഴ്സിങ് പഠനത്തിനായി യുകെയിലെത്തിയത് കഴിഞ്ഞ മാസം
ഗിൽഫോർഡിലെ യൂണിവേഴ്സിറ്റി ഓഫ് സറേയിൽ നഴ്സിങ് പഠനത്തിന് പ്രവേശനം ലഭിച്ചതിനെത്തുടർന്നാണ് നന്ദന യുകെയിലെത്തിയത്. കഴിഞ്ഞ മാസം 21നായിരുന്നു യാത്ര. സർവകലാശാലയ്ക്ക് സമീപത്തായിരുന്നു താമസം.
എറണാകുളത്തെ സ്വകാര്യ ഏജൻസി മുഖേനയാണ് പഠനത്തിനായി യുകെയിലേക്ക് പോയത്. കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ പ്ലസ് ടു പഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയ ശേഷമായിരുന്നു വിദേശത്തേക്കുള്ള യാത്ര.
പ്രതീക്ഷകൾക്കിടയിൽ അപ്രതീക്ഷിത വിയോഗം
ഉന്നത പഠനവും ഭാവിയും മുന്നിൽക്കണ്ട് യുകെയിലെത്തിയ നന്ദനയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. പഠനം ആരംഭിച്ച് അധികം ദിവസങ്ങൾ പിന്നിടുംമുൻപുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് കടയ്ക്കലിലെ കുടുംബവും നാട്ടുകാരും.
ഗോപികയാണ് നന്ദനയുടെ ഏക സഹോദരി. അരുൺ സഹോദരീഭർത്താവാണ്. നന്ദനയുടെ പിതൃസഹോദരപുത്രിയും കുടുംബവും യുകെയിലുണ്ട്.
മൃതശരീരം നാട്ടിലെത്തിക്കാൻ ശ്രമം
നന്ദനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യൂണിവേഴ്സിറ്റി അധികൃതരുടെയും യുക്മ ഉൾപ്പെടെയുള്ള പ്രാദേശിക മലയാളി സംഘടനകളുടെയും സഹകരണത്തോടെയാണ് ഇതിനായുള്ള ക്രമീകരണങ്ങൾ നടക്കുന്നത്.
English Summary: Nandana Jinu, a 19-year-old nursing student from Kadakkal in Kollam, Kerala, died after reportedly collapsing in her room in the UK. She had arrived last month to study nursing at the University of Surrey in Guildford. Arrangements are underway to bring her body back to Kerala.
