facebook

പോസ്റ്റ്മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് തമാശ! വീഡിയോ വൈറലായതോടെ എംബിബിഎസ് വിദ്യാർഥിനിക്കെതിരെ കടുത്ത നടപടി

1 Min Read

മുംബൈ: സ്റ്റാൻഡപ് കോമഡി പരിപാടിക്കിടെ മൃതദേഹങ്ങളെയും പോസ്റ്റ്മോർട്ടം നടപടികളെയും അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന വിവാദത്തിൽ എംബിബിഎസ് വിദ്യാർഥിനി സേജൽ പവാറിനെതിരെ കെഇഎം മെഡിക്കൽ കോളജ് അധികൃതർ അച്ചടക്കനടപടി സ്വീകരിച്ചു. വിദ്യാർഥിനിയോട് 15 ദിവസത്തെ നിർബന്ധിത അവധിയെടുക്കാൻ നിർദേശിച്ച അധികൃതർ, ഈ കാലയളവിൽ കോളജ് ക്യാംപസിലും ഹോസ്റ്റലിലും പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.

സ്റ്റാൻഡപ് കോമഡി അവതാരകനായ പ്രണിത് മോറെ ചോദിച്ച ചോദ്യത്തിന് മറുപടിയായി, പോസ്റ്റ്മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് തമാശ പറയുമായിരുന്നുവെന്ന സേജൽ പവാറിന്റെ പരാമർശമാണ് വിവാദമായത്. ഇതിന് പിന്നാലെ മഹാരാഷ്ട്ര സൈബർ പൊലീസ് വിദ്യാർഥിനിക്കെതിരെ കേസെടുത്തിരുന്നു.

സംഭവത്തെ തുടർന്ന് അന്വേഷണ കമ്മിഷനെ നിയോഗിച്ച കെഇഎം മെഡിക്കൽ കോളജ്, വീഡിയോയിൽ ഉള്ളത് സേജൽ തന്നെയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അച്ചടക്കനടപടി സ്വീകരിച്ചത്. വിദ്യാർഥിനിയുടെ മാതാപിതാക്കളെയും കോളജ് അധികൃതർ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു.

വിവാദം വലിയ ചർച്ചയായതോടെ സേജൽ പവാർ സമൂഹമാധ്യമങ്ങളിലൂടെ മാപ്പുപറഞ്ഞ് വീഡിയോ പങ്കുവെച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെയും കോളജ് നിയോഗിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം.

സംഭവത്തെ തുടർന്ന് വിദ്യാർഥിനിക്ക് ഉണ്ടായ മാനസിക സമ്മർദം കൂടി പരിഗണിച്ച് കൗൺസലിങ്ങിന് വിധേയയാകാനും കോളജ് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

English Summary

KEM Medical College in Mumbai has taken disciplinary action against MBBS student Sejal Pawar for controversial remarks made during a stand-up comedy show. She has been asked to take compulsory leave for 15 days and barred from entering the campus and hostel during that period. An inquiry committee has also been constituted, while counselling has been recommended considering the mental stress caused by the controversy.

Share This Article