facebook

ജർമനിയിൽ ജനറേഷൻ ഇസഡ് പ്രതിഷേധം അക്രമാസക്തം; പൊലീസിന് നേരെ ആക്രമണം

4 Min Read
ജർമനിയിൽ നടക്കുന്ന പ്രക്ഷോഭം

ബെർലിൻ: ജീവിതച്ചെലവിലെ വർധന, വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി, പരിസ്ഥിതി പ്രശ്നങ്ങൾ, നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കാനുള്ള നീക്കം എന്നിവയ്ക്കെതിരെ ജർമനിയിൽ നടന്ന യുവജന പ്രക്ഷോഭം അക്രമാസക്തമായി.

ശനിയാഴ്ച രാജ്യവ്യാപകമായി നടന്ന ‘ജനറൽ ഇസഡ് ഹാസ് ഗോട്ട് ദിസ്!’ പ്രസ്ഥാനത്തിന്റെ റാലികളിലാണ് സംഘർഷമുണ്ടായത്. ഫ്രാങ്ക്ഫർട്ട്, കൊളോൺ, ഹാംബർഗ് തുടങ്ങിയ നഗരങ്ങളിൽ മുഖംമൂടി ധരിച്ചവർ കടകളുടെ ജനാലകൾ തകർക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം സമാധാനപരമായി നടത്തണമെന്ന് സംഘാടകർ നേരത്തെ ആഹ്വാനം ചെയ്തിരുന്നെങ്കിലും ചില നഗരങ്ങളിൽ സ്ഥിതിഗതികൾ കൈവിട്ടു.

ജർമനിയിലുടനീളം നടന്ന പ്രതിഷേധങ്ങളിൽ 1.20 ലക്ഷം പേർ പങ്കെടുത്തതായാണ് സംഘാടകരുടെ കണക്ക്.

പ്രതിഷേധത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന് ആരോപണം

സമാധാനപരമായ പ്രതിഷേധങ്ങളെ തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ ഹൈജാക്ക് ചെയ്തതായി ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് ആരോപിച്ചു. അക്രമാസക്തരായ ഇടതുപക്ഷ സംഘടനകളും കുടിയേറ്റ സമൂഹങ്ങളിൽ നിന്നുള്ള പ്രശ്നക്കാരും പ്രതിഷേധങ്ങളിൽ ഇടപെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ ആരോപണത്തിന് കൂടുതൽ വിശദീകരണം നൽകിയില്ല.ഫ്രാങ്ക്ഫർട്ട് ഉൾപ്പെടുന്ന ഹെസ്സെ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി റോമൻ പോസെക്കും പ്രതിഷേധത്തിലുണ്ടായ അക്രമത്തെ വിമർശിച്ചു.

ഏകദേശം 100 ഇടതുപക്ഷ തീവ്രവാദികൾ പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയതായാണ് അദ്ദേഹത്തിന്റെ ആരോപണം. ഫ്രാൻസിലെ കൊള്ളയും അക്രമവും ആവർത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫ്രാങ്ക്ഫർട്ടിലും കൊളോണിലും സംഘർഷം

ഫ്രാങ്ക്ഫർട്ടിൽ അടിയന്തര സേവന പ്രവർത്തകർക്കു നേരെ മോളോടോവ് കോക്ടെയിലുകൾ എറിഞ്ഞതായും നിരവധി കടകളുടെ ജനാലകൾ തകർത്തതായും പൊലീസ് അറിയിച്ചു. ഒരു തോക്കുകടയുടെ ജനാലകൾ തകർത്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

ഇയാളിൽനിന്ന് രണ്ട് ആയുധങ്ങളും പിടിച്ചെടുത്തു.നഗരമധ്യത്തിലെ കടകളിൽ അതിക്രമിച്ചുകയറിയ സംഭവങ്ങളുമുണ്ടായി. വൈകുന്നേരത്തോടെ 30-ലധികം പേരെ താൽക്കാലികമായി കസ്റ്റഡിയിലെടുത്തതായി ജർമൻ മാധ്യമമായ ഡെർ സ്പീഗൽ റിപ്പോർട്ട് ചെയ്തു.

കൊളോണിൽ മാർച്ചിനിടെ ചിലർ പടക്കം പൊട്ടിച്ചതിനെത്തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെയല്ല, അക്രമം നടത്തുന്നവർക്കെതിരെയാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

ഹാംബർഗിൽ ബാരിക്കേഡുകൾക്ക് തീയിടുകയും അടിയന്തര സേവന ഉദ്യോഗസ്ഥർക്കുനേരെ ആക്രമണമുണ്ടാകുകയും ചെയ്തതോടെ കലാപവിരുദ്ധ പൊലീസ് രംഗത്തെത്തി. കരിമരുന്നുകളും നിർമാണ സാമഗ്രികളും ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ചതായി പൊലീസ് അറിയിച്ചു.

ബെർലിനിൽ 27 പൊലീസ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റു. സ്വത്ത് നശിപ്പിക്കൽ, ആക്രമണം, അടിയന്തര സേനയുടെ പ്രവർത്തനം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് 60-ൽ താഴെ പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് എക്സിലൂടെ അറിയിച്ചു.

അക്രമങ്ങളിൽ നിന്ന് അകലം പാലിച്ച് സംഘാടകർ

പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന അക്രമങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ജനറേഷൻ ഇസഡ് പ്രസ്ഥാനത്തിന്റെ സംഘാടകർ വ്യക്തമാക്കി. ഔദ്യോഗിക പ്രതിഷേധ പരിപാടികൾ അവസാനിച്ചതിന് ശേഷമുണ്ടായ സംഭവങ്ങളിൽ തങ്ങൾക്ക് നിയന്ത്രണമില്ലെന്ന് സംഘടനാ വക്താവ് ഡെർ സ്പീഗലിനോട് പറഞ്ഞു.

ഹാലോവീനിനോട് അനുബന്ധിച്ച് കൂടുതൽ ജനപങ്കാളിത്തവും ശ്രദ്ധയും ഉറപ്പാക്കുന്നതിനാണ് ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്. “ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നത് ഇനി അംഗീകരിക്കാനാകില്ല” എന്നാണ് പ്രസ്ഥാനത്തിന്റെ വെബ്സൈറ്റിലെ സന്ദേശം.

മ്യൂണിക്കിൽ പ്രതിഷേധത്തിൽ പങ്കെടുത്ത 18കാരനായ വിദ്യാർഥി, യുവാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും കൂടുതൽ ഭാരങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുകയാണെന്ന് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഡ്രെസ്ഡനിൽ ‘സമ്പന്നർക്ക് യുദ്ധം വേണം, യുവാക്കൾക്ക് ഭാവി വേണം’, ‘നിങ്ങൾ കുഴപ്പത്തിലാക്കി, ജനറേഷൻ ഇസഡ് അത് പരിഹരിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകളും ഉയർന്നു.

ഫ്രാൻസിലും പോർച്ചുഗലിലും ഇറ്റലിയിലും പ്രതിഷേധം

ജർമനിക്ക് പുറമെ ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ശനിയാഴ്ച പ്രതിഷേധങ്ങൾ നടന്നു. ഫ്രാൻസിൽ യെല്ലോ വെസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം വാരാന്ത്യത്തിലാണ് റാലികൾ സംഘടിപ്പിച്ചത്.

ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തുടനീളം 3.20 ലക്ഷം പേർ പ്രതിഷേധിച്ചു. ഇതിൽ 70,000 പേർ പാരീസിലായിരുന്നു. ഒക്ടോബർ 17ന് 5.50 ലക്ഷം പേരും കഴിഞ്ഞ ആഴ്ച 4.10 ലക്ഷം പേരും പങ്കെടുത്തതിനെ അപേക്ഷിച്ച് ഇത്തവണ പ്രതിഷേധക്കാരുടെ എണ്ണം കുറഞ്ഞു.

ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളൊഴികെ റാലികൾ സമാധാനപരമായിരുന്നു.അതേസമയം, പോർച്ചുഗലിൽ ഭവനവില വർധനയ്ക്കും വാടക പ്രതിസന്ധിക്കും എതിരെയാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്. രാജ്യത്തെ ഭവനപ്രതിസന്ധി രൂക്ഷമാക്കുമെന്ന് ആരോപിച്ച് മധ്യ-വലതുപക്ഷ സർക്കാർ വാടക ബിൽ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഇറ്റലിയിൽ ടൂറിൻ, ബൊളോണ, മിലാൻ തുടങ്ങിയ നഗരങ്ങളിൽ വിദ്യാർഥി സംഘടനകളും തൊഴിലാളികളും പ്രതിഷേധിച്ചു. പണപ്പെരുപ്പം, വേതനത്തിലെ മന്ദഗതി, താങ്ങാനാവാത്ത ഭവനവില എന്നിവയായിരുന്നു പ്രതിഷേധത്തിന്റെ പ്രധാന വിഷയങ്ങൾ.

English Summary : Youth-led protests over rising living costs, education funding cuts, environmental concerns and the possible return of compulsory military service turned violent in several German cities. Police used water cannons in Frankfurt and Cologne, while arrests and injuries were reported in Berlin and other cities. Organisers estimated that 120,000 people participated in demonstrations across Germany. Similar protests also took place in France, Portugal and Italy.

Share This Article