ലഖ്നൗ: പതിനൊന്ന് മാസത്തെ ജയിൽവാസത്തിനുശേഷം രാംപൂർ ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങിയ സമാജ്വാദി പാർട്ടി മുതിർന്ന നേതാവും മുൻ എംപിയുമായ അസം ഖാനെ ഉടൻ കസ്റ്റഡിയിലെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ശനിയാഴ്ച ജയിലിന് പുറത്തെത്തിയതിന് പിന്നാലെയായിരുന്നു നടപടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
അതേസമയം, മകൻ അബ്ദുള്ള അസമിനെ ജയിലിൽനിന്ന് മോചിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.ജയിലിന് പുറത്തെത്തിയ അസം ഖാനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തശേഷം വാഹനത്തിൽ കയറ്റി കൊണ്ടുപോയി.
2019ൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) രജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുമായി (ഇസിഐആർ) ബന്ധപ്പെട്ടാണ് നടപടിയെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ഖാനെ ഗാസിയാബാദിലെ കോടതിയിൽ ഹാജരാക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ഇഡി ഉദ്യോഗസ്ഥരുമായി വാഗ്വാദം
ചോദ്യം ചെയ്യലിനിടെ അസം ഖാൻ ഇഡി ഉദ്യോഗസ്ഥരുമായി രൂക്ഷമായ വാഗ്വാദത്തിലേർപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
അറസ്റ്റിനോട് വൈകാരികമായി പ്രതികരിച്ച അദ്ദേഹം, “ഇനി എനിക്ക് എന്താണ് പറയാനുള്ളത്? ഒരു മുസ്ലീം ആയിരിക്കുന്നതിനുള്ള ശിക്ഷയാണിത്. ഒരു മുസ്ലീം ഒരു സർവകലാശാല നിർമിച്ചു എന്നതാണ് തെറ്റ്. അതാണ് നമ്മുടെ കുറ്റം” എന്ന് പ്രതികരിച്ചു.
അസം ഖാന്റെ മോചനത്തിന് മുമ്പുതന്നെ ഇഡി സംഘം രാംപൂർ ജയിലിലെത്തിയിരുന്നു. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജയിലിന് പുറത്ത് 24 ഓളം സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
മോചനവിവരമറിഞ്ഞ് സ്വീകരിക്കാനായി എത്തിയ അനുയായികളുടെ വലിയ ജനക്കൂട്ടത്തിനിടയിലായിരുന്നു അറസ്റ്റ്.
ഇരട്ട പാൻ കാർഡ് കേസിൽ ജാമ്യം
ഇരട്ട പാൻ കാർഡ് കേസിൽ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് അസം ഖാനും മകൻ അബ്ദുള്ള അസമും ജയിൽമോചിതരായത്. ഒക്ടോബർ 29നാണ് കോടതി ഉത്തരവിറക്കിയത്.
എന്നാൽ, ഇരുവരുടെയും ശിക്ഷ കോടതി സ്റ്റേ ചെയ്തില്ല. അതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നുള്ള അയോഗ്യത തുടരും.
അസം ഖാനെതിരായ 50 കേസുകളിലും അബ്ദുള്ള അസമിനെതിരായ 40 കേസുകളിലും മോചന ഉത്തരവുകൾ ലഭിച്ചതായി രാംപൂർ ജയിൽ സൂപ്രണ്ട് രാജേഷ് യാദവ് പറഞ്ഞു. മകൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും അസം ഖാനെ മറ്റൊരു കേസിൽ ഇഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസ്
മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റും ട്രസ്റ്റിന് കീഴിൽ സ്ഥാപിച്ച സർവകലാശാലയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളാണ് ഇഡിയുടെ 2019ലെ ഇസിഐആറിന്റെ അടിസ്ഥാനം.
2025 നവംബർ 17 മുതൽ അസം ഖാൻ രാംപൂർ ജയിലിലായിരുന്നു. പതിനൊന്ന് മാസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന് മോചനത്തിന്റെ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. മറ്റൊരു കേസിൽ ഇഡി കസ്റ്റഡിയിലെടുത്തതോടെ വീണ്ടും നിയമനടപടികൾ നേരിടേണ്ടിവന്നു.
English Summary : Senior Samajwadi Party leader and former MP Azam Khan was arrested by the Enforcement Directorate shortly after his release from Rampur District Jail on Saturday, following nearly 11 months in custody. The arrest is linked to a 2019 money laundering case involving the Maulana Mohammad Ali Jauhar Trust and its university. His son, Abdullah Azam, was released and taken home.
