facebook

സ്കൂട്ടറിൽ വരികയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്നു; നടുറോഡിൽ വെട്ടി, ഭർത്താവ് അറസ്റ്റിൽ

1 Min Read

തിരുവനന്തപുരം: തിരുമല പെരുകാവിൽ നടുറോഡിൽ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പാച്ചല്ലൂർ സ്വദേശിയായ വിജയൻ (52) ആണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബവഴക്കിനെത്തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. വിജയനും ഭാര്യയും കഴിഞ്ഞ 12 വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. വിജയന്റെ ഉടമസ്ഥതയിലുള്ള സ്ഥലവുമായി ബന്ധപ്പെട്ട തർക്കവും ആക്രമണത്തിന് പിന്നിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

സ്കൂട്ടർ തടഞ്ഞുനിർത്തി വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ വിജയൻ ബൈക്കിൽ പിന്തുടരുകയായിരുന്നു. തുടർന്ന് സ്കൂട്ടർ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു.

തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ സ്ത്രീ റോഡിൽ വീണ ശേഷവും പ്രതി ആക്രമണം തുടർന്നതായാണ് റിപ്പോർട്ട്. നാട്ടുകാർ ഓടിക്കൂടിയതോടെ വിജയൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

രക്തം വാർന്ന് റോഡിൽ കിടന്ന സ്ത്രീയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി

ആക്രമണത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ഭാര്യയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

തുടർന്ന് നടത്തിയ തിരച്ചിലിനിടെ വ്യാഴാഴ്ച പാച്ചല്ലൂർ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് വിജയനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Article