യുഎഇയിലേക്ക് യാത്രയുണ്ടോ? ബാഗിൽ ഈ സാധനങ്ങളുണ്ടെങ്കിൽ പണികിട്ടും
അബുദാബി: യുഎഇയിലേക്ക് യാത്ര തിരിക്കുന്ന ഇന്ത്യക്കാർ ബാഗേജിൽ കൊണ്ടുപോകുന്ന സാധനങ്ങളുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ മുന്നറിയിപ്പ്. ഇന്ത്യയിൽ സാധാരണയായി ലഭിക്കുന്നതും നിയമപരമായി വിൽക്കുന്നതുമായ പല ഉൽപന്നങ്ങൾക്കും യുഎഇയിൽ നിരോധനമോ കർശന നിയന്ത്രണങ്ങളോ ഉണ്ടാകാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ കോൺസുലേറ്റ് ജനറലും സംയുക്തമായാണ് യാത്രക്കാർക്കായി പൊതുജാഗ്രതാ നിർദേശം പുറത്തിറക്കിയത്.
യുഎഇയിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല, അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കും വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് കണക്റ്റിങ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ഈ നിർദേശങ്ങൾ ബാധകമാണ്. നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കൾ അറിവില്ലാതെ കൈവശം വയ്ക്കുന്നതുപോലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം. സാധനങ്ങൾ പിടിച്ചെടുക്കൽ, കനത്ത പിഴ, അറസ്റ്റ്, തടവുശിക്ഷ, നാടുകടത്തൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വെറ്റില, അടയ്ക്ക, ഗുഡ്ക എന്നിവ കൊണ്ടുപോകരുത്
ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ ഭക്ഷണസാധനങ്ങളുടെയും പുകയില ഉൽപന്നങ്ങളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ചില ഉൽപന്നങ്ങൾ ഇന്ത്യയിൽ സാധാരണ ഉപയോഗിക്കുന്നവയാണെങ്കിലും യുഎഇയിൽ പൂർണമായും നിരോധിച്ചവയാണ്.
കസ്കസ് അഥവാ പോപ്പി സീഡ്സ്, ഖാട്ട് ഇലകൾ, വെറ്റില, അടയ്ക്ക, നിസ്വാർ തുടങ്ങിയ പുകയില ഉൽപന്നങ്ങൾ എന്നിവ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഗുഡ്ക ഉൾപ്പെടെയുള്ള ചവയ്ക്കുന്ന പുകയില ഉൽപന്നങ്ങളും യുഎഇയിലേക്ക് കൊണ്ടുപോകാൻ പാടില്ല.
വീട്ടിൽനിന്ന് യാത്രയ്ക്കായി ഭക്ഷണസാധനങ്ങൾ പായ്ക്ക് ചെയ്യുമ്പോഴും ഇത്തരം നിയന്ത്രണങ്ങൾ ശ്രദ്ധിക്കണം. പരിചയമില്ലാത്തവരുടെ കൈവശംനിന്ന് ലഭിക്കുന്ന ഭക്ഷണപ്പൊതികളോ മറ്റ് ഉൽപന്നങ്ങളോ പരിശോധിക്കാതെ ബാഗിൽ സൂക്ഷിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ഉറക്കഗുളികകളും വേദനാസംഹാരികളും കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കുക
മരുന്നുകൾ കൈവശം വയ്ക്കുന്ന യാത്രക്കാർ യുഎഇയിലെ നിയമങ്ങൾ പ്രത്യേകം മനസ്സിലാക്കിയിരിക്കണം. ലഹരിമരുന്ന്, സൈക്കോട്രോപിക് ഘടകങ്ങൾ, മറ്റ് നിയന്ത്രിത പദാർഥങ്ങൾ എന്നിവ അടങ്ങിയ മരുന്നുകൾ കൊണ്ടുപോകുന്നതിന് കർശനമായ വ്യവസ്ഥകളാണുള്ളത്.
ചില ഉറക്കഗുളികകൾ, ശക്തമായ വേദനാസംഹാരികൾ, മാനസികാരോഗ്യ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവ നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെട്ടേക്കാം. ഇന്ത്യയിൽ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുന്ന മരുന്നാണെന്ന കാരണത്താൽ മാത്രം യുഎഇയിലേക്ക് കൊണ്ടുപോകാൻ അനുമതിയുണ്ടാകണമെന്നില്ല.
അതുകൊണ്ട് യാത്രയ്ക്ക് മുമ്പ് കൈവശമുള്ള മരുന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് പ്രസിദ്ധീകരിച്ച നിയന്ത്രിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. ആവശ്യമായ സാഹചര്യങ്ങളിൽ വ്യക്തിഗത ഉപയോഗത്തിനുള്ള ഔദ്യോഗിക ഇറക്കുമതി പെർമിറ്റ് നേടുകയും വേണം.
മരുന്നുകൾക്കൊപ്പം ഡോക്ടറുടെ സാധുവായ കുറിപ്പടിയോ വിശദമായ മെഡിക്കൽ റിപ്പോർട്ടോ കരുതണം. അനുവദനീയമായ അളവിൽ കൂടുതൽ മരുന്നുകൾ കൈവശം വയ്ക്കാനും പാടില്ല. ആവശ്യമായ രേഖകളില്ലാതെ നിയന്ത്രിത മരുന്നുകൾ കൊണ്ടുപോകുന്നത് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നയിച്ചേക്കാം.
മരുന്നുകൾക്കുള്ള പെർമിറ്റ് എങ്ങനെ നേടാം?
നിയന്ത്രിത ഘടകങ്ങൾ അടങ്ങിയ മരുന്നുകൾ യുഎഇയിലേക്ക് കൊണ്ടുപോകേണ്ടവർ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി അപേക്ഷിക്കണം.
ഇതിനായി www.ede.gov.ae എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യണം. തുടർന്ന് ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് ഡോക്ടറുടെ കുറിപ്പടിയോ മെഡിക്കൽ റിപ്പോർട്ടോ അപ്ലോഡ് ചെയ്യണം.
അപേക്ഷകൾക്ക് സാധാരണയായി ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നാണ് അറിയിപ്പ്. ഈ സേവനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 800-33784 എന്ന ഹെൽപ്ലൈൻ നമ്പറിലോ info\@ede.gov.ae എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
ഇന്ത്യയിൽനിന്ന് നിയമപരമായി ലഭിച്ച ഡോക്ടറുടെ കുറിപ്പടി കൈവശമുണ്ടെങ്കിലും യുഎഇയിൽ ആവശ്യമായ അനുമതി ഇല്ലാതെ നിയന്ത്രിത മരുന്നുകൾ കൊണ്ടുപോകുന്നത് അപകടകരമാണ്. ഇത്തരം സാഹചര്യങ്ങളിൽ മരുന്നുകൾ പിടിച്ചെടുക്കുന്നതിനും അറസ്റ്റ്, വിചാരണ, തടവുശിക്ഷ തുടങ്ങിയ നടപടികൾക്കും സാധ്യതയുണ്ട്.
മറ്റ് നിരോധിത വസ്തുക്കളും അറിയണം
മരുന്നുകൾക്കും ഭക്ഷണസാധനങ്ങൾക്കും പുറമേ നിരവധി ഉൽപന്നങ്ങൾക്കും യുഎഇയിൽ പൂർണ നിരോധനമുണ്ട്. എല്ലാത്തരം ലഹരിമരുന്നുകളും നിയന്ത്രിത സൈക്കോട്രോപിക് പദാർഥങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
വ്യാജ കറൻസികൾ, വ്യാജ ഉൽപന്നങ്ങൾ, ചൂതാട്ടത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവയും രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല. മൂന്ന് പാളികളുള്ള നൈലോൺ മീൻപിടിത്ത വലകൾ, ആഭിചാരവും മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.
അപകടകരമായ വസ്തുക്കൾ, റേഡിയോ ആക്ടീവ് മലിനീകരണമുള്ള ഉൽപന്നങ്ങൾ എന്നിവയും നിരോധിത വിഭാഗത്തിലാണ്. യാത്രക്കാർ ഇത്തരം സാധനങ്ങൾ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
മുൻകൂർ അനുമതിയോടെ മാത്രം കൊണ്ടുപോകാവുന്ന സാധനങ്ങൾ
ചില ഉൽപന്നങ്ങൾക്ക് പൂർണ നിരോധനമില്ലെങ്കിലും ബന്ധപ്പെട്ട യുഎഇ അധികൃതരുടെ മുൻകൂർ അനുമതി നിർബന്ധമാണ്. ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു.
ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ എന്നിവ കൊണ്ടുപോകുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. ഔഷധ ഉൽപന്നങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കും ബാധകമായ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം.
പുസ്തകങ്ങൾ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ, റെക്കോർഡ് ചെയ്ത മാധ്യമങ്ങൾ, ബ്രോഡ്കാസ്റ്റിങ് ഉപകരണങ്ങൾ, വയർലെസ് ട്രാൻസ്മിറ്ററുകൾ, വാർത്താവിനിമയ ഉപകരണങ്ങൾ, ജിപിഎസ് ഉപകരണങ്ങൾ എന്നിവയ്ക്കും നിയന്ത്രണങ്ങളുണ്ട്.
മദ്യം, ഇ-സിഗരറ്റുകൾ, ഇലക്ട്രോണിക് ഷീഷകൾ, വാഹനങ്ങളുടെ ടയറുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ചില പ്രത്യേക ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയും അനുമതി ആവശ്യമായ ഉൽപന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ആണവ-റേഡിയോ ആക്ടീവ് വസ്തുക്കൾ, അസംസ്കൃത വജ്രങ്ങൾ എന്നിവയ്ക്കും പ്രത്യേക വ്യവസ്ഥകളുണ്ട്.
60,000 ദിർഹത്തിന് മുകളിൽ പണമുണ്ടെങ്കിൽ അറിയിക്കണം
യുഎഇയിലേക്ക് പ്രവേശിക്കുമ്പോഴും അവിടെനിന്ന് പുറത്തുപോകുമ്പോഴും കൈവശമുള്ള പണത്തിനും വിലപിടിപ്പുള്ള വസ്തുക്കൾക്കും പ്രത്യേക കസ്റ്റംസ് നിയമങ്ങളുണ്ട്.
റൊക്കം പണം, ചെക്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ രേഖകൾ, സ്വർണം പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ എന്നിവയുടെ ആകെ മൂല്യം 60,000 ദിർഹമോ അതിന് തുല്യമായ വിദേശ കറൻസിയോ അതിൽ കൂടുതലാണെങ്കിൽ കസ്റ്റംസ് അധികൃതർക്ക് മുന്നിൽ വെളിപ്പെടുത്തണം.
ഈ പരിധി മറികടന്നിട്ടും ആവശ്യമായ വിവരങ്ങൾ നൽകാതിരിക്കുന്നത് കസ്റ്റംസ് പരിശോധനകളിൽ നിയമപ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ വലിയ തുക കൈവശം വച്ച് യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് മുമ്പുതന്നെ ബന്ധപ്പെട്ട നടപടിക്രമങ്ങൾ മനസ്സിലാക്കണം.
യാത്രയ്ക്ക് മുമ്പ് ബാഗേജ് നിർബന്ധമായും പരിശോധിക്കുക
യുഎഇയിലേക്കുള്ള യാത്രയിൽ വിമാനത്താവളത്തിലെ പരിശോധനകളിൽ അനാവശ്യമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ യാത്രക്കാർ ചില മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ അധികൃതർ നിർദേശിക്കുന്നു.
ബാഗേജിൽ നിരോധിതമോ നിയന്ത്രണമുള്ളതോ ആയ സാധനങ്ങളില്ലെന്ന് യാത്രയ്ക്ക് മുമ്പ് ഉറപ്പാക്കണം. മറ്റുള്ളവരുടെ ബാഗുകളോ പൊതികളോ അവയ്ക്കുള്ളിലെ സാധനങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലാതെ ഏറ്റുവാങ്ങി കൊണ്ടുപോകരുത്. നിയന്ത്രിത മരുന്നുകൾ ഉപയോഗിക്കുന്നവർ ആവശ്യമായ പെർമിറ്റും മെഡിക്കൽ രേഖകളും നേരത്തെ തന്നെ തയ്യാറാക്കണം.
ഫെഡറൽ കസ്റ്റംസ് അതോറിറ്റി, ദുബായ് കസ്റ്റംസ്, അബുദാബി കസ്റ്റംസ്, എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് തുടങ്ങിയ ഔദ്യോഗിക സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽനിന്ന് ഏറ്റവും പുതിയ നിയമങ്ങളും നിർദേശങ്ങളും പരിശോധിക്കണമെന്നും അധികൃതർ ഓർമിപ്പിക്കുന്നു.
ഇന്ത്യയിൽ സാധാരണമായി ഉപയോഗിക്കുന്ന പല ഉൽപന്നങ്ങളും യുഎഇയിൽ നിരോധിതമോ നിയന്ത്രിതമോ ആയിരിക്കാം. അതിനാൽ യാത്രയ്ക്കുള്ള തയ്യാറെടുപ്പിനൊപ്പം ബാഗേജിന്റെ പരിശോധനയ്ക്കും ആവശ്യമായ പ്രാധാന്യം നൽകണമെന്നാണ് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും നിർദേശം.
