facebook

ഇറാൻ സംഘർഷം: കൂട്ടക്കുഴിമാടം ഒരുക്കാൻ യുഎസ് സൈന്യത്തിന്റെ പരിശീലനം; 24 മണിക്കൂറിൽ 2,400 മൃതദേഹങ്ങൾ സംസ്കരിക്കാം

2 Min Read

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നതിനുള്ള പരിശീലനവുമായി യുഎസ് സൈന്യം. 1950–53 കാലത്തെ കൊറിയൻ യുദ്ധത്തിനുശേഷം ഇത്രയും വിപുലമായ രീതിയിൽ താത്കാലിക കൂട്ടക്കുഴിമാടങ്ങൾ ഒരുക്കുന്നതിനുള്ള പരിശീലനം ആദ്യമായാണ് നടക്കുന്നത്.

ഭാവിയിൽ വലിയ തോതിൽ സൈനികർ കൊല്ലപ്പെടാനിടയുള്ള സാഹചര്യം മുന്നിൽക്കണ്ടാണ് സൈനികാഭ്യാസമെന്നാണ് ‘ന്യൂസ് വീക്ക്’ റിപ്പോർട്ട് ചെയ്യുന്നത്. നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാനെതിരെ പുതിയ സൈനിക നടപടികൾക്ക് അമേരിക്ക മുതിർന്നേക്കുമെന്ന സൂചനകൾക്കിടയിലാണ് ഈ നീക്കം.

ഫോർട്ട് ബ്രാഗിൽ ‘ഓപ്പറേഷൻ ഡ്രാഗൺ കവനന്റ് ഫെയ്‌സ് 2’

നോർത്ത് കരോലൈനയിലെ ഫോർട്ട് ബ്രാഗിലാണ് ‘ഓപ്പറേഷൻ ഡ്രാഗൺ കവനന്റ് ഫെയ്‌സ് 2’ എന്ന പേരിൽ സൈനികാഭ്യാസം നടക്കുന്നത്. ബുൾഡോസറുകളും എക്സ്കവേറ്ററുകളും ഉപയോഗിച്ച് താത്കാലിക കുഴിമാടങ്ങൾ നിർമിക്കുക, മൃതദേഹങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് പരിശീലനത്തിലെ പ്രധാന ഘടകങ്ങൾ.

സൈനികരുടെ വിലയിരുത്തലനുസരിച്ച്, അഞ്ച് നീളത്തിലുള്ള കുഴികളുള്ള ഒരു താത്കാലിക കുഴിമാടത്തിൽ 100 മൃതദേഹങ്ങൾവരെ സംസ്കരിക്കാനാകും. എട്ട് ബുൾഡോസറുകളും നാല് സൈനിക എക്സ്കവേറ്ററുകളും ഒരേസമയം പ്രവർത്തിച്ചാൽ 24 മണിക്കൂറിനുള്ളിൽ 2,400 സൈനികരുടെ മൃതദേഹങ്ങൾ താത്കാലികമായി സംസ്കരിക്കാൻ ശേഷിയുണ്ടാകും.

ഓരോ കുഴിമാടവും ഒരുക്കാൻ ശരാശരി ഒരു മണിക്കൂർ 15 മിനിറ്റ് വേണ്ടിവന്നതായും റിപ്പോർട്ടിൽ പറയുന്നു.

കൊറിയൻ യുദ്ധത്തിനുശേഷം ആദ്യമായി വിപുലമായ പരിശീലനം

1950 മുതൽ 1953 വരെ നടന്ന കൊറിയൻ യുദ്ധത്തിൽ 36,515 യുഎസ് സൈനികർ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിരുന്നു. എന്നാൽ ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ വേഗത്തിൽ അമേരിക്കയിലെത്തിക്കാൻ സാധിച്ചിരുന്നു. അതിനാൽ അത്തരം യുദ്ധങ്ങളിൽ കൂട്ടസംസ്കാരത്തിനുള്ള സംവിധാനത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.

മൃതശരീരങ്ങൾ തിരിച്ചറിയുന്നതിനും അവ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതുവരെ സുരക്ഷിതമായി സംരക്ഷിക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലും സൈനികർക്ക് പരിശീലനം നൽകുന്നുണ്ട്.

ഇറാൻ യുദ്ധത്തിൽ യുഎസ് സൈനികരുടെ മരണം സംബന്ധിച്ച് തർക്കം

ഫെബ്രുവരി 28ന് ആരംഭിച്ച ഇറാൻ യുദ്ധത്തിൽ കുറഞ്ഞത് 22 യുഎസ് സൈനികർ കൊല്ലപ്പെട്ടെന്നാണ് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ കണക്ക് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നിഷേധിച്ചിരുന്നു.

ഇറാനുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമായാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ മുന്നിൽക്കണ്ടാണ് സൈനികാഭ്യാസമെന്ന വിലയിരുത്തലുകൾക്കിടയിലാണ് കൂട്ടസംസ്കാരത്തിനുള്ള പരിശീലനവിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Share This Article