facebook

അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ പോപ്പ്; മെയിൽ-ഇൻ ബാലറ്റ് സമർപ്പിച്ച് ലിയോ പതിനാലാമൻ

3 Min Read
ലിയോ പതിനാലാമൻ മാർപാപ്പ

യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിനായി മെയിൽ-ഇൻ ബാലറ്റ് സമർപ്പിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ പോപ്പും മതേതര ജനാധിപത്യ തിരഞ്ഞെടുപ്പിൽ പങ്കാളിയാകുന്ന ആദ്യ മാർപ്പാപ്പയുമായി അദ്ദേഹം മാറിയെന്ന് വത്തിക്കാൻ അറിയിച്ചു.

ചിക്കാഗോയിൽ നിന്നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നത് പൗരന്മാരുടെ അവകാശവും കടമയുമാണെന്ന് മാർപ്പാപ്പ വിശ്വസിക്കുന്നതായി വത്തിക്കാൻ പ്രസ്താവനയിൽ വ്യക്തമാക്കി.

“ആദ്യ അമേരിക്കൻ പോപ്പ് ചിക്കാഗോയിൽ തന്റെ മെയിൽ-ഇൻ ബാലറ്റ് സമർപ്പിച്ചു. ജനാധിപത്യ പ്രക്രിയകളിൽ പങ്കെടുക്കാനുള്ള പൗരന്മാരുടെ അവകാശത്തിലും കടമയിലും പരിശുദ്ധ പിതാവ് വിശ്വാസം പ്രകടിപ്പിക്കുന്നു” എന്നായിരുന്നു വത്തിക്കാന്റെ പ്രസ്താവന.

ജനാധിപത്യ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ പോപ്പ്

മാർപ്പാപ്പമാരെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ച ബ്രിട്ടീഷ് ചരിത്രകാരനും എഴുത്തുകാരനുമായ മൈക്കൽ വാൽഷും ലിയോ പതിനാലാമന്റെ വോട്ട് ചരിത്രപരമാണെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യപരവും മതേതരവുമായ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ പോപ്പായിരിക്കും അദ്ദേഹമെന്നാണ് വാൽഷിന്റെ വിലയിരുത്തൽ.

“ജനാധിപത്യപരമായ ഒരു തിരഞ്ഞെടുപ്പിൽ പോപ്പ് മുമ്പ് ഒരിക്കലും വോട്ട് ചെയ്തിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്” എന്ന് അദ്ദേഹം സിഎൻഎന്നിനോട് പറഞ്ഞു.ഷിക്കാഗോയിലെ ന്യൂ ലെനോക്‌സിൽ വോട്ട് ചെയ്യുന്നതിനായി മാർപ്പാപ്പ തന്റെ സ്നാനനാമമായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അദ്ദേഹത്തിന്റെ സഹോദരൻ ജോൺ താമസിക്കുന്നത് ഇവിടെയാണ്. ഷിക്കാഗോയിൽ ജനിച്ച ലിയോ പതിനാലാമൻ മുൻവർഷങ്ങളിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പ്രൈമറികളിലും 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടുണ്ട്.

ട്രംപ് ഭരണകൂടവുമായി അഭിപ്രായവ്യത്യാസം

2025 മേയിൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പൗരന്മാരുടെ ജനാധിപത്യ പങ്കാളിത്തത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ടും ജനങ്ങൾ സ്വന്തം അഭിപ്രായം തുറന്നുപറയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ഇറാനിലെ യുദ്ധം, കുടിയേറ്റ നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി ലിയോ പതിനാലാമൻ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ട്രംപ് മാർപ്പാപ്പയ്‌ക്കെതിരെ അസാധാരണമായ വിമർശനങ്ങളും ഉന്നയിച്ചിരുന്നു.

എന്നാൽ അടുത്തിടെ വിമർശനങ്ങൾ കുറഞ്ഞു. മാർപ്പാപ്പയുടെ മൂത്ത സഹോദരൻ ലൂയിസ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യം ട്രംപ് ഇടയ്ക്കിടെ പരാമർശിക്കാറുണ്ട്.

ഇല്ലിനോയിസ് രാഷ്ട്രീയത്തിലും താൽപര്യം

മാർപ്പാപ്പയുടെ ബാലറ്റിൽ ഇല്ലിനോയിസിലെ സെനറ്റ്, ഗവർണർ തിരഞ്ഞെടുപ്പുകൾക്കു പുറമേ പ്രതിനിധിസഭയിലേക്കും സംസ്ഥാന, കൗണ്ടി തലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളും ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2025 നവംബറിൽ വത്തിക്കാനിൽവെച്ച് ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കറെ അദ്ദേഹം കണ്ടിരുന്നു. കുടിയേറ്റ നിയമനടപടികളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.

എന്നാൽ പ്രിറ്റ്സ്കർ ഒപ്പുവെച്ച മെഡിക്കൽ സഹായത്തോടെയുള്ള മരണത്തിനുള്ള ഇല്ലിനോയിസിലെ നിയമനിർമാണത്തോട് പിന്നീട് മാർപ്പാപ്പ പ്രകടിപ്പിച്ചു.ഇല്ലിനോയിസ് രാഷ്ട്രീയത്തിൽ ലിയോ പതിനാലാമൻ വർഷങ്ങളായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

2011-ൽ റോബർട്ട് പ്രെവോസ്റ്റ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാലത്ത്, സംസ്ഥാനത്ത് വധശിക്ഷ നിർത്തലാക്കിയതിന് അന്നത്തെ ഗവർണർ പാറ്റ് ക്വിന്നിന് അദ്ദേഹം നേരിട്ട് നന്ദി അറിയിച്ചിരുന്നു.

അതേസമയം, മാർപ്പാപ്പയുടെ സഹോദരൻ ജോൺ ബുധനാഴ്ച ന്യൂ ലെനോക്‌സിലെ സെന്റ് ജൂഡ്‌സ് ഇടവകയിൽനിന്നുള്ള തീർഥാടക സംഘത്തോടൊപ്പം വത്തിക്കാനിലെത്തിയിരുന്നു. എന്നാൽ മാർപ്പാപ്പ വത്തിക്കാനിൽനിന്ന് തന്നെയാണോ ബാലറ്റ് തപാൽ വഴി അയച്ചതെന്ന് വ്യക്തമല്ല.

വത്തിക്കാന്റെ ബുധനാഴ്ചത്തെ പ്രസ്താവനയ്ക്കു മുൻപ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മെയിൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ അപേക്ഷിച്ചവരുടെ പട്ടികയിൽ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ പേരുണ്ടെന്ന് വിൽ കൗണ്ടി ക്ലാർക്ക് ഓഫീസ് ഉദ്യോഗസ്ഥൻ ചിക്കാഗോ സൺ-ടൈംസിനോട് വ്യക്തമാക്കിയിരുന്നു.

English Summary : Pope Leo XIV has submitted a mail-in ballot for the US midterm elections, becoming the first pope to vote in a US election and, reportedly, in a secular democratic election. The Vatican said he believes voting is both a right and a duty of citizens. Registered in Illinois under his baptismal name, Robert Francis Prevost, he has previously voted in state primaries and the 2024 presidential election.

Share This Article