തിരുവനന്തപുരം: ആൺകുട്ടികളുടെ മുടിനീളം സ്കൂളിലെ ശിക്ഷയ്ക്കോ വിവേചനത്തിനോ കാരണമാകരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും താൽപര്യപ്രകാരം മുടി വളർത്താനും വസ്ത്രധാരണ രീതി തിരഞ്ഞെടുക്കാനും അവകാശമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. മുടിയുടെ പേരിൽ കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ക്ലാസിൽനിന്ന് മാറ്റിനിർത്തുകയോ ശിക്ഷിക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
മുടിയുടെ പേരിൽ ശിക്ഷ പാടില്ല
മുടിയുടെ നീളമോ മുടിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളോ ചൂണ്ടിക്കാട്ടി ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കരുതെന്ന് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ ഉത്തരവിട്ടു.
ക്ലാസിൽനിന്ന് മാറ്റിനിർത്തുകയോ വിവേചനപരമായി പെരുമാറുകയോ മറ്റ് ശിക്ഷാ നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
വൃത്തിയും സുരക്ഷയും കുട്ടികളുടെ ഉത്തരവാദിത്തം
അതേസമയം, മുടി വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കേണ്ട ഉത്തരവാദിത്തം കുട്ടികൾക്കുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. മുടി കണ്ണുകളോ മുഖമോ മറയ്ക്കുന്ന രീതിയിൽ സൂക്ഷിക്കരുത്.
ലബോറട്ടറി പ്രവർത്തനങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ, കായിക മത്സരങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ മുടി കെട്ടിവയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ വേണം.
മുടിക്കും വസ്ത്രത്തിനും കുട്ടികളുടെ താൽപര്യം
ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രാസവസ്തുക്കളോ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ താൽപര്യത്തിനനുസരിച്ച് മുടി പരിപാലിക്കുന്നതിനും ഡ്രസ് കോഡ് തിരഞ്ഞെടുക്കുന്നതിനും അവകാശമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വ്യക്തമായ മാർഗനിർദേശം വേണം
വിദ്യാർഥികളുടെ മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി കാണുന്നില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ അടിയന്തരമായി തയ്യാറാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിനായി രൂപീകരിക്കുന്ന സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും ഉൾപ്പെടുത്തി അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കണമെന്നും നിർദേശമുണ്ട്.
പഠനത്തിനും വ്യക്തിത്വവികാസത്തിനും മുൻഗണന
വിദ്യാർഥികളുടെ ബാഹ്യരൂപത്തേക്കാൾ പഠന പുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് സ്കൂൾ അധികൃതർ മുൻഗണന നൽകേണ്ടതെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഉത്തരവുമായി ബന്ധപ്പെട്ട് എതിർകക്ഷികൾ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
രണ്ട് ഹർജികൾ പരിഗണിച്ച് ഉത്തരവ്
കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുമ്പോഴും നീണ്ട മുടി വളർത്തുന്ന ആൺകുട്ടികളോട് വിവേചനപരമായ സമീപനം സ്വീകരിക്കുന്നുവെന്നാരോപിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോൻ നൽകിയ ഹർജിയാണ് കമ്മീഷൻ പരിഗണിച്ചത്.
ഇതിന് പുറമെ, പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് മുടി വെട്ടി വരാൻ പലതവണ ആവശ്യപ്പെട്ടിട്ടും കുട്ടി തയ്യാറാകാത്ത സാഹചര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നതിൽ മാർഗനിർദേശം തേടി കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ഹർജി നൽകിയിരുന്നു.
രണ്ട് ഹർജികളും പരിഗണിച്ച ശേഷമാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
English Summary:
The Kerala State Commission for Protection of Child Rights has directed schools not to punish or discriminate against boys and gender-non-conforming children based on hair length. Children should be allowed to choose hairstyles and clothing according to their preferences, subject to hygiene and safety requirements.
