ഏറ്റുമാനൂർ: കുട്ടികളെ കാറിൽ കയറ്റാൻ ശ്രമം നടത്തിയെന്ന പരാതിയിൽ അതിരമ്പുഴയിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് സംശയാസ്പദമായി ഒരു സംഘം കറങ്ങുന്നതായും പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥിനികളെ കാറിൽ കയറ്റാൻ ശ്രമിച്ചതായുമാണ് പരാതി. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന തുടങ്ങി.
ട്യൂഷന് പോയ വിദ്യാർഥിനിയെ സമീപിച്ചു
ബുധനാഴ്ച വൈകിട്ട് 5.30ഓടെയാണ് ആദ്യ സംഭവം. ട്യൂഷൻ ക്ലാസിലേക്ക് വീട്ടിൽനിന്ന് ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ കാറിലെത്തിയ സ്ത്രീയും പുരുഷനും അടങ്ങുന്ന സംഘം സമീപിച്ചതായാണ് പരാതി.
ട്യൂഷൻ ക്ലാസിൽ എത്തിക്കാമെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്ന സ്ത്രീ കുട്ടിയെ വാഹനത്തിൽ കയറാൻ ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ സംശയം തോന്നിയ വിദ്യാർഥിനി ഭയന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്
കുട്ടി തിരികെ വരുന്നുണ്ടോയെന്ന് നോക്കാൻ കാറിലുണ്ടായിരുന്ന യുവതി പുറത്തിറങ്ങി നിരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറകളിൽനിന്ന് പൊലീസിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്.
ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. അതേസമയം, സംഭവത്തിന് പിന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം തന്നെയാണെന്ന് അന്വേഷണത്തിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മറ്റൊരു വിദ്യാർഥിനിയെയും സമീപിച്ചതായി പരാതി
കഴിഞ്ഞ ദിവസം കാലിന് സ്വാധീനക്കുറവുള്ള മറ്റൊരു വിദ്യാർഥിനിയെയും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സംഘം സമീപിച്ചതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
രണ്ട് സംഭവങ്ങളും പുറത്തുവന്നതോടെ പ്രദേശത്ത് ആശങ്ക ശക്തമായി. തുടർന്ന് അതിരമ്പുഴയിൽ നാട്ടുകാർ പ്രതിഷേധിക്കുകയും ജനപ്രതിനിധികളെയും പൊലീസ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയും ചെയ്തു.
സ്കൂൾ വിദ്യാർഥിയെ കാണാതായതും ആശങ്ക കൂട്ടി
ഇതിനിടെ സമീപത്തെ ഒരു സ്കൂളിലെ മറ്റൊരു വിദ്യാർഥിയെ കാണാതായതായ വിവരവും പുറത്തുവന്നു. ഇതോടെ നാട്ടുകാരുടെ ആശങ്ക വർധിച്ചു.
സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരാതികളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
കുട്ടികളുടെ സുരക്ഷയിൽ ജാഗ്രത
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളെ പരിചയമില്ലാത്ത ആളുകളോടൊപ്പം വാഹനത്തിൽ കയറാൻ അനുവദിക്കരുതെന്നും സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിക്കുന്ന സാഹചര്യമാണ്.
പരാതികളിൽ പറയുന്ന സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും ഒരേ സംഘം തന്നെയാണോ കുട്ടികളെ സമീപിച്ചതെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
English Summary:
Police have intensified an investigation in Athirampuzha, Kottayam, following complaints that a group in a car allegedly tried to lure two minor girls into the vehicle. CCTV footage is being examined, while the intelligence wing has also started an inquiry. Police have not yet confirmed that an organised child-kidnapping gang is operating in the area.
