ബംഗളൂരു: പട്ടാപ്പകൽ ആൾക്കൂട്ടം നോക്കിനിൽക്കെ 26കാരിയായ നഴ്‌സിന് നേരെ ആസിഡ് ആക്രമണവും വടിവാൾ ആക്രമണവും. ജെ.പി നഗറിൽ ഇന്ന് രാവിലെ നടന്ന സംഭവത്തിൽ കൊൽക്കത്ത സ്വദേശിനിയായ മധുമിതയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന യുവതി ഒന്നര വർഷമായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വെങ്കടേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽ നഴ്‌സിന് നേരെ ആക്രമണം
രാവിലെ 9.15ഓടെയാണ് സംഭവം. ഭക്ഷണം കഴിക്കാനായി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ മധുമിതയെ ഭർത്താവ് വെങ്കടേശൻ ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
ഭയന്ന യുവതി ആശുപത്രിയുടെ പാർക്കിംഗ് ഏരിയ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് ഓടുകയായിരുന്നു. പിന്നാലെ എത്തിയ വെങ്കടേശൻ ഇവിടെവച്ച് യുവതിയെ വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയും ആസിഡ് ഒഴിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
കത്തിയും വടിവാളും ആസിഡുമായി എത്തി
ആശുപത്രിക്ക് മുന്നിലേക്ക് വെങ്കടേശൻ ബൈക്കിലാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈവശം കത്തിയും വടിവാളും ആസിഡും ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മധുമിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി നിലവിൽ ചികിത്സയിൽ തുടരുകയാണ്.
നിലവിളി കേട്ട് ഓടിയെത്തി ജീവനക്കാരും നാട്ടുകാരും
മധുമിതയുടെ നിലവിളി കേട്ടാണ് ആശുപത്രി ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും സംഭവസ്ഥലത്തേക്ക് എത്തിയത്.
വെങ്കടേശനെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇവരെയും ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പ്രദേശത്തുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ പിടികൂടുകയായിരുന്നു.
ആക്രമണത്തിന് പിന്നിലെ കാരണം അന്വേഷിച്ച് പൊലീസ്
സംഭവത്തിൽ ജെ.പി നഗർ പൊലീസ് വെങ്കടേശനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ ആക്രമണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ആക്രമണത്തിന്റെ സാഹചര്യം, ഉപയോഗിച്ച ആയുധങ്ങൾ, ദമ്പതികൾ തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
