ഇഞ്ചുറി ടൈമിൽ സ്വിറ്റ്സർലൻഡിനെ ഞെട്ടിച്ച് ഖൗഖിയുടെ മാന്ത്രിക ഹെഡർ; ഖത്തറിന് ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ്! സ്വിസ് പടയെ പൂട്ടി ഏഷ്യൻ ചാമ്പ്യന്മാർ

2 Min Read

സാന്റ ക്ലാര: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെതിരെ അവസാന നിമിഷം സമനില പിടിച്ച് ഖത്തർ. ഇഞ്ചുറി ടൈമിൽ ക്യാപ്റ്റൻ ബൗലെം ഖൗഖി നേടിയ ഹെഡർ ഗോളാണ് ഖത്തറിന് ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് സമ്മാനിച്ചത്.

നാലു വർഷം മുൻപ് സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ഖത്തറിന് ഇതാദ്യമായാണ് ലോകകപ്പിൽ പോയിന്റ് നേടാനാകുന്നത്. കഴിഞ്ഞ ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് ഖത്തർ നേടിയത്. ഖൗഖിയുടെ ഹെഡറിലൂടെ ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ഗോളും ഖത്തർ സ്വന്തമാക്കി.

17-ാം മിനിറ്റിൽ ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദ നടത്തിയ ഫൗളിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ബ്രീൽ എംബോളോയാണ് സ്വിറ്റ്സർലൻഡിന് ലീഡ് സമ്മാനിച്ചത്. റെമോ ഫ്രേയ്ലറിനെ വീഴ്ത്തിയ അബുനാദയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു.

ആദ്യ പകുതിയിൽ 56 ശതമാനം പന്തടക്കവുമായി സ്വിറ്റ്സർലൻഡ് ആധിപത്യം പുലർത്തി. എന്നാൽ ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദയുടെ മികച്ച സേവുകളാണ് കൂടുതൽ ഗോളുകൾ വഴങ്ങാതിരിക്കാൻ ടീമിനെ സഹായിച്ചത്. 44-ാം മിനിറ്റിൽ ഹോമാം അഹമ്മദിന്റെ ഷോട്ട് സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബെൽ തടഞ്ഞതോടെ ആദ്യ പകുതി 1-0ന് സ്വിറ്റ്സർലൻഡിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിലും സ്വിറ്റ്സർലൻഡ് ആക്രമണം തുടർന്നെങ്കിലും അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു. മറുവശത്ത് കൂടുതൽ സംഘടിതമായ പ്രകടനം പുറത്തെടുത്ത ഖത്തർ, അവസാന നിമിഷങ്ങളിൽ ആക്രമണം ശക്തമാക്കുകയും ഇഞ്ചുറി ടൈമിൽ ഖൗഖിയുടെ ഗോളിലൂടെ സമനില പിടിച്ചെടുക്കുകയും ചെയ്തു.

ഖത്തർ ടീമിലുള്ള കണ്ണൂർ വളപട്ടണം സ്വദേശി തഹ്സീൻ മുഹമ്മദ് ജംഷിദ് മത്സരത്തിൽ കളത്തിലിറങ്ങിയില്ല.

English Summary

Qatar secured their first-ever FIFA World Cup point after captain Boualem Khoukhi scored a dramatic injury-time equaliser against Switzerland in Group B. Breel Embolo had given Switzerland the lead through a penalty, but Qatar fought back late to earn a memorable 1-1 draw.

Share This Article