കൊടുങ്ങല്ലൂർ: ട്രോളിങ് നിരോധന കാലയളവിൽ കടലിൽ ഇറങ്ങിയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി കൊഴുവ മീനിന്റെ സമൃദ്ധമായ ലഭ്യത. ട്രോളിങ് നിരോധനത്തിന്റെ ആദ്യ ദിവസം കാര്യമായ മത്സ്യലഭ്യത ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് കടലിൽ നിന്ന് കൊഴുവയും വേളൂരിയും ധാരാളമായി ലഭിക്കുന്നതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു.
അഴീക്കോട് നിന്ന് ഇന്നലെ രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട 40 തൊഴിലാളികളടങ്ങിയ വള്ളത്തിന് രണ്ട് ലക്ഷം രൂപയുടെ കൊഴുവയാണ് ലഭിച്ചത്. തീരത്തുനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയായിരുന്നു ഇവർ മത്സ്യബന്ധനം നടത്തിയത്. രണ്ടുമാസത്തോളമായി കടൽ കനിയാത്തതിനെ തുടർന്ന് നിരാശയിലായിരുന്ന തൊഴിലാളികൾക്ക് വലനിറയെ മീൻ ലഭിച്ചത് വലിയ ആശ്വാസമായി.
ട്രോളിങ് നിരോധനം നിലവിലുള്ളതിനാൽ നിരവധി ബോട്ടുകൾ കടലിൽ ഇറങ്ങാത്ത സാഹചര്യത്തിൽ പരമ്പരാഗത വള്ളങ്ങളിൽ നിന്ന് ലഭിക്കുന്ന മീനുകൾ വാങ്ങാൻ ചെറുകിട വ്യാപാരികളുടെ നീണ്ടനിരയാണ് തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. ലേലത്തിൽ ഉയർന്ന വില നൽകിയാണ് മീനുകൾ സ്വന്തമാക്കേണ്ടി വരുന്നതെന്ന് വ്യാപാരികൾ പറയുന്നു.
ഉയർന്ന വിലയ്ക്ക് മീൻ വാങ്ങേണ്ടി വരുന്നതിനാൽ ചെറുകിട മീൻ വിൽപ്പനക്കാരും പ്രതിസന്ധിയിലാണ്. അതേസമയം, ബോട്ടുകൾ കടലിൽ പോകാത്തതിനാൽ അയല ഉൾപ്പെടെയുള്ള വലിയ മീനുകളുടെ ലഭ്യത വിപണിയിൽ കുറഞ്ഞിട്ടുണ്ട്.
നിലവിൽ വിപണിയിലെ മത്സ്യവിലയിൽ വലിയ മത്തി കിലോയ്ക്ക് 260 രൂപയും ചെമ്മീന് 160 രൂപയും ചെറുമീനുകൾക്ക് 300 രൂപയും കൊഴുവയ്ക്ക് 200 രൂപയും വേളൂരിക്ക് 260 രൂപയുമാണ്.
English Summary
Traditional fishermen in Kodungallur are witnessing a good catch of Kozhuva and Veloori fish during the trawling ban period. A fishing boat from Azhikode with 40 workers reportedly landed Kozhuva worth ₹2 lakh, bringing relief to fishermen after months of poor catches. Rising auction prices, however, are putting pressure on small fish vendors.
