ആലുവ: സർക്കാർ നയങ്ങൾ സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്നാരോപിച്ച് വ്യത്യസ്ത പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ. ഇന്ദിര ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ആരംഭിക്കുന്ന ദിവസമുതൽ ആലുവ–മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാവുമായ വട്ടപ്പറമ്പ് സ്വദേശി ബി.ഒ. ഡേവിസ് പ്രഖ്യാപിച്ചു.
രാവിലെ 6.30 മുതൽ രാത്രി 8 മണിവരെ നടത്തുന്ന ഏഴ് ട്രിപ്പുകളിലും പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്ര ലഭ്യമാക്കുമെന്നാണ് തീരുമാനം. അതേസമയം, കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഒഴിവാക്കി അന്നേദിവസം സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന വനിതകൾക്ക് മധുരം നൽകി ആദരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൊതുഗതാഗത മേഖലയിലെ സന്തുലിതാവസ്ഥ തകർക്കുന്നതും സ്വകാര്യ ബസുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നതുമാണ് ഇന്ദിര ഗ്യാരണ്ടി പദ്ധതിയെന്ന് ഡേവിസ് ആരോപിച്ചു. സർക്കാർ നയങ്ങൾ സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
English Summary
A private bus owner in Aluva has announced free travel for men as a symbolic protest against the government’s Indira Guarantee scheme, which offers free bus travel for women in KSRTC buses. B.O. Davis, who operates the Little Flower bus on the Aluva-Manjaly route, said the move is aimed at highlighting the challenges faced by the private bus sector.
