തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പിന്റെ ആവേശം മുതലെടുത്ത് വ്യാജ ടി.വി ആപ്പുകൾ വഴി പണം തട്ടുന്ന സംഘങ്ങൾ സജീവമായതായി പൊലീസ് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴിയാണ് തട്ടിപ്പുകാർ ആളുകളെ ലക്ഷ്യമിടുന്നത്.
‘ഫിഫ വേൾഡ് കപ്പ് ലൈവ് ഫ്രീ’, ‘1000-ലധികം ചാനലുകൾ സൗജന്യം’, ‘പ്രീമിയം ഒ.ടി.ടി ഉള്ളടക്കം ഫ്രീ’ തുടങ്ങിയ ആകർഷക വാഗ്ദാനങ്ങൾ നൽകിയാണ് ഉപയോക്താക്കളെ കെണിയിലാക്കുന്നത്. HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ പ്രചരിക്കുന്ന വ്യാജ എ.പി.കെ ഫയലുകളുടെ ഡൗൺലോഡ് ലിങ്കുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ മൊബൈൽ ഫോണിലേക്ക് അപ്ഡേറ്റ്, സബ്സ്ക്രിപ്ഷൻ, സർവീസ് എനേബിൾഡ് തുടങ്ങിയ സന്ദേശങ്ങൾ എത്തും. തുടർന്ന് നോട്ടിഫിക്കേഷൻ, ആക്സസിബിലിറ്റി തുടങ്ങിയ പ്രധാന അനുമതികൾ ആവശ്യപ്പെടും. ഉപയോക്താക്കൾ ഇവ അനുവദിക്കുന്നതോടെ തട്ടിപ്പുകാർക്ക് ഫോണിലെ വിവിധ ആപ്ലിക്കേഷനുകളിലേക്ക് അനധികൃത പ്രവേശനം ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ഇത്തരത്തിൽ ലഭിക്കുന്ന പ്രവേശനാനുമതി ഉപയോഗിച്ച് യു.പി.ഐ ഉൾപ്പെടെയുള്ള ബാങ്കിങ് ആപ്ലിക്കേഷനുകളിലേക്ക് കടന്നുകയറി അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായതായി സംശയമുണ്ടെങ്കിൽ ഉടൻ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെടുകയോ ദേശീയ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുതെന്നും, ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ‘ഫ്രീ പ്രീമിയം സബ്സ്ക്രിപ്ഷൻ’, ‘അൺലിമിറ്റഡ് ആക്സസ്’, ‘എല്ലാ മത്സരങ്ങളും സൗജന്യമായി കാണാം’ തുടങ്ങിയ വാഗ്ദാനങ്ങളിൽ വീഴരുതെന്നും പൊലീസ് വ്യക്തമാക്കി.
സ്ക്രീൻ കൺട്രോൾ, ഇൻസ്റ്റാൾ അൺനോൺ ആപ്പ്സ് തുടങ്ങിയ അനുമതികൾ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകൾ ഒഴിവാക്കണമെന്നും ബാങ്കിങ്, യു.പി.ഐ ആപ്ലിക്കേഷനുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ ഇടയ്ക്കിടെ പരിശോധിക്കണമെന്നും നിർദേശമുണ്ട്.
English Summary:
Kerala Police have warned football fans against fake TV streaming apps that promise free FIFA World Cup matches and premium OTT content. These malicious apps can gain unauthorized access to mobile devices and banking applications, leading to financial fraud. Users are advised to download apps only from official app stores and report cyber fraud immediately.
