തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി. നിരവധി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ പുതിയ ചുമതലകളിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
ഇന്റലിജൻസ് മേധാവിയായിരുന്ന പി. വിജയനെ സംസ്ഥാനത്തെ നിയമ-ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചു. നിലവിൽ ആ സ്ഥാനത്തുണ്ടായിരുന്ന എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായി മാറ്റി. എസ്. ശ്രീജിത്താണ് പുതിയ ജയിൽ മേധാവി. ജയിൽ മേധാവിയായിരുന്ന ബൽറാംകുമാർ ഉപാധ്യായയെ സായുധ പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പിയായി നിയമിച്ചു.
ദിനേന്ദ്ര കശ്യപിനെ പുതിയ ഇന്റലിജൻസ് മേധാവിയായി നിയമിച്ചു. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി ഐ.ജിയായിരുന്ന ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്തെ ഐ.ജിയായി ചുമതലയേൽക്കും. എസ്. ശ്യാംസുന്ദറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായും ആർ. നിശാന്തിനിയെ ഇന്റലിജൻസ് ഐ.ജിയായും നിയമിച്ചു.
കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ച് ഡി.ഐ.ജിയായി മാറ്റി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന കെ. കാർത്തികിന് തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ചുമതല നൽകി. ടി. നാരായണനാണ് പുതിയ കണ്ണൂർ റേഞ്ച് ഡി.ഐ.ജി.
തലസ്ഥാനത്തിന് സ്വന്തം കമ്മിഷണർ
എറണാകുളം റേഞ്ച് ഡി.ഐ.ജിയായിരുന്ന അരുൾ ആർ.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ അരുൾ ആദ്യമായാണ് സ്വന്തം നഗരത്തിന്റെ പൊലീസ് കമ്മിഷണറാകുന്നത്.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായി മാറ്റി. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്ത് അലിയാണ് പുതിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ.
കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസറായിരുന്ന പ്രശാന്തൻ കാണി.ബി.കെയെ തിരുവനന്തപുരം റൂറൽ എസ്.പിയായി നിയമിച്ചു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി മാറ്റി.
മറ്റ് പ്രധാന നിയമനങ്ങൾ
കൊല്ലം എസ്.പിയായി ഷാജി സുഗുണനും, ആലപ്പുഴ എസ്.പിയായി ടി.കെ. വിഷ്ണു പ്രദീപും, പാലക്കാട് എസ്.പിയായി എ. അബ്ദുൾ റാഷിദും, വയനാട് എസ്.പിയായി എസ്. ദേവമനോഹറും ചുമതലയേൽക്കും.
ബി. കൃഷ്ണകുമാറിനെ റെയിൽവേ എസ്.പിയായും, പി. നിതിൻരാജിനെ കാസർകോട് എസ്.പിയായും നിയമിച്ചു. അനുജ് പളിവലിന് പൊലീസ് ആസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള എ.ഐ.ജിയുടെ ഉത്തരവാദിത്തം നൽകി. ടി. ഫറാഷ് തീരദേശ പൊലീസ് എ.ഐ.ജിയായും നിയമിതനായി.
ഇതുകൂടാതെ എം.പി. മോഹനചന്ദ്രൻ നായരെ കോഴിക്കോട്-വയനാട് ക്രൈംബ്രാഞ്ച് എസ്.പിയായും, മുഹമ്മദ് നദീമുദീനെ തൃശൂർ എസ്.പിയായും, ഉമേഷ് ഗോയലിനെ കണ്ണൂർ എസ്.പിയായും, ഡോ. എ. നസീമിനെ ഇടുക്കി എസ്.പിയായും, സി.എസ്. ഷാഹുൽ ഹമീദിനെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റ്-1 ക്രൈംബ്രാഞ്ച് എസ്.പിയായും നിയമിച്ചു.
English Summary:
The Kerala government has carried out a major reshuffle in the police department following the UDF’s assumption of power. P. Vijayan has been appointed as ADGP (Law and Order), while several senior IPS officers have been assigned new responsibilities across intelligence, crime branch, prisons, and district police units.
