ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആർ നടപടികളിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.
കരട് വോട്ടർപട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് പുതിയ അപേക്ഷയായ ഫോം 6 സമർപ്പിക്കാതെതന്നെ പട്ടികയിൽ തിരിച്ചെത്താൻ അവസരം നൽകുന്നതാണ് പുതിയ തീരുമാനം.
എസ്.ഐ.ആർ നടപടികൾ പുരോഗമിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ വോട്ടർമാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
4.52 കോടി പേരുകൾ കരട് പട്ടികയിൽനിന്ന് ഒഴിവാക്കി
ഡൽഹി, മഹാരാഷ്ട്ര, ഹരിയാണ, ആന്ധ്രപ്രദേശ്, തെലങ്കാന, ഝാർഖണ്ഡ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലായി 4.52 കോടി വോട്ടർമാരുടെ പേരുകളാണ് കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്.
നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന പ്രസ്താവനയ്ക്കൊപ്പം വീണ്ടും എന്യുമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം.
സ്ഥലം മാറാത്തവർക്കും താമസം മാറിയവർക്കും പ്രത്യേക നിർദേശം
താമസസ്ഥലം മാറാതെ തുടരുന്നതിനിടയിലും വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർ കാരണം വ്യക്തമാക്കുന്ന പ്രസ്താവന സഹിതം എന്യുമറേഷൻ ഫോം സമർപ്പിക്കണം.
അതേസമയം, ഒരേ സംസ്ഥാനത്തിനുള്ളിൽ താമസസ്ഥലം മാറിയതിനെത്തുടർന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് ഫോം 8 നൽകേണ്ടതില്ല. പുതിയ വിലാസം തെളിയിക്കുന്ന രേഖയും ബന്ധപ്പെട്ട നിയോജകമണ്ഡലത്തിന്റെ വിവരങ്ങളും ഉൾപ്പെടുത്തിയ പ്രസ്താവനയ്ക്കൊപ്പം എന്യുമറേഷൻ ഫോം നൽകിയാൽ മതിയാകും.
ഇതിനകം ഫോം 6 വഴി പുതിയ അപേക്ഷ സമർപ്പിച്ചവർ വീണ്ടും പ്രസ്താവനയോടുകൂടിയ എന്യുമറേഷൻ ഫോം നൽകേണ്ടതില്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
പേര് ഒഴിവായവരെ നേരിട്ട് ബന്ധപ്പെടണം
കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ അതത് പോളിങ് സ്റ്റേഷനുകളിൽ പ്രസിദ്ധീകരിക്കണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമാക്കണം.
പട്ടികയിൽനിന്ന് പുറത്തായ ഓരോ വോട്ടറുമായും ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) മുഖേന ബന്ധപ്പെടുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ആപ്പ് വഴിയും എന്യുമറേഷൻ ഫോം ഡൗൺലോഡ് ചെയ്യാം
ഇ.സി.ഐ. നെറ്റ് ആപ്പ് വഴി വോട്ടർമാർക്ക് സ്വന്തം നിലയിൽ എന്യുമറേഷൻ ഫോം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം തുടരും. ഇതിനായി നിലവിലുള്ള വോട്ടർ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കാം.
ഫയലുകളുടെ മേൽനോട്ടം പവൻകുമാർ ശർമയ്ക്ക്
തിരഞ്ഞെടുപ്പ് കമ്മിഷനിൽ മറ്റൊരു നിർണായക ഭരണപരമായ മാറ്റത്തിനും ഉത്തരവിറങ്ങി. കമ്മിഷനിലെ ഐ.ടി. വിഭാഗം ഡയറക്ടർ ജനറൽ സീമാ ഖന്ന കൈകാര്യം ചെയ്യുന്ന ഫയലുകളുടെ മേൽനോട്ട ചുമതല സീനിയർ ഡെപ്യൂട്ടി കമ്മിഷണർ പവൻകുമാർ ശർമയ്ക്ക് കൈമാറി.
സീമാ ഖന്നയുടെ ഫയലുകൾ നേരിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാൻ അനുമതി നൽകിയ നടപടി കമ്മിഷന്റെ അറിവോടെയല്ലെന്ന് ആരോപിച്ച് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ നേരത്തെ കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
ഈ നീക്കം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ഫയലുകളുടെ മേൽനോട്ടം സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
English Summary:
The Election Commission of India has revised its SIR procedures, allowing voters whose names were excluded from draft electoral rolls in seven states to seek reinstatement without submitting Form 6 again. They can submit a fresh enumeration form along with a declaration explaining the delay. Voters who have already applied through Form 6 need not submit the additional declaration. The Commission has also directed election officials to publish the excluded voters’ lists and contact affected individuals. In a separate administrative change, file supervision responsibilities handled by IT Director General Seema Khanna have been assigned to Senior Deputy Election Commissioner Pawan Kumar Sharma.
