facebook

യുവജന പ്രക്ഷോഭത്തിന് മമതയുടെ പിന്തുണ; സ്വതന്ത്ര നിലപാടിൽ ഉറച്ച് CJP

2 Min Read
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും പശ്ചിമ ബംഗാൾ മുൻ മുഖ്യ മന്ത്രി മമത ബാനർജിയും

ന്യൂഡൽഹി: യുവജന പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകിയതിന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയോട് നന്ദിയറിയിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്‌കെ.

ഡൽഹിയിൽ മമതയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന ഇന്ത്യാ മുന്നണിയുടെ റാലിക്ക് പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്നും എന്നാൽ റാലിയിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.

ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ CJP നടത്തിയ ആദ്യ പ്രതിഷേധത്തിന് മമത നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ദിപ്‌കെ പറഞ്ഞു.

പാർട്ടി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും മമത ശക്തമായ പിന്തുണ നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വതന്ത്ര നിലപാടിൽ ഉറച്ച് CJP

ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന്, പ്രതിഷേധത്തിന് പിന്തുണയുണ്ടെങ്കിലും സ്വതന്ത്ര സംഘടനയായി തുടരാനാണ് തീരുമാനമെന്ന് ദിപ്‌കെ മറുപടി നൽകി.

നിഷ്പക്ഷ വേദിയെന്ന നിലയിൽ പാർട്ടിയുടെ സ്വതന്ത്ര സ്വത്വം നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.വോട്ടുകൊള്ളയ്ക്കെതിരെ പോരാടുന്ന എല്ലാ സംഘടനകൾക്കും CJP പിന്തുണ നൽകുമെന്നും ദിപ്‌കെ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തുന്നവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവജന പ്രക്ഷോഭകരെ പ്രശംസിച്ച് മമത

ഞായറാഴ്ചത്തെ റാലിക്ക് CJP പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും തിരിച്ചും പാർട്ടിക്ക് എല്ലാവിധ പിന്തുണയും നൽകിയിട്ടുണ്ടെന്നും മമത ബാനർജി പറഞ്ഞു.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെയും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും നടന്ന പ്രതിഷേധങ്ങളിൽ യുവപ്രവർത്തകർ നിർണായക പങ്കുവഹിച്ചതായും അവർ ചൂണ്ടിക്കാട്ടി.

അഭിജീത് ദിപ്‌കെയും മറ്റ് യുവപ്രവർത്തകരും ഈ പ്രസ്ഥാനത്തിന്റെ തുടക്കക്കാരും മുന്നണിപ്പോരാളികളുമാണെന്ന് മമത വിശേഷിപ്പിച്ചു.

പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ദിപ്‌കെയെയും മറ്റ് പ്രവർത്തകരെയും പശ്ചിമ ബംഗാളിലേക്ക് ക്ഷണിക്കുകയും ചെയ്തു. കൊൽക്കത്തയിൽ പരിപാടി നടത്തണമോയെന്നത് അവർക്ക് തീരുമാനിക്കാമെന്നും മമത വ്യക്തമാക്കി.

ദിപ്‌കെയുടെ തടങ്കലിനെ വിമർശിച്ച് മമത

ദേശീയ പതാക കൈവശംവച്ചതിന്റെ പേരിൽ അഭിജീത് ദിപ്‌കെയെ കസ്റ്റഡിയിലെടുത്ത സംഭവത്തെയും മമത പരാമർശിച്ചു.

സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യപരമായ അവകാശങ്ങൾ സമാധാനപരമായി ഉയർത്തിപ്പിടിക്കുന്ന യുവാക്കളെപ്പോലും തടങ്കലിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

ഒക്ടോബർ 16-നും ദിപ്‌കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതിനെ മമത വിമർശിച്ചിരുന്നു. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ശബ്ദങ്ങളെ സഹിക്കാനാകാത്ത ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നടപടിയാണിതെന്നായിരുന്നു അന്ന് അവർ വിശേഷിപ്പിച്ചത്.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഉയർത്തിക്കാട്ടുകയും അതിൽ പ്രതിഷേധിക്കുകയും ചെയ്യുക എന്നതാണ് ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന ഇന്ത്യാ മുന്നണിയുടെ റാലിയുടെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

English Summary : Cockroach Janta Party (CJP) founder Abhijeet Dipke met former West Bengal Chief Minister Mamata Banerjee in New Delhi and thanked her for supporting the party’s youth-led protests. CJP expressed solidarity with the INDIA bloc’s rally at Ramlila Maidan but ruled out participating, citing its independent identity. Mamata praised the activists and invited them to organise programmes in West Bengal.

Share This Article