facebook

ഷൗക്കത്ത് അലിയുടെ ആത്മഹത്യ; എംവിഡി ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ്

3 Min Read

തിരുവനന്തപുരം: വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിച്ചെന്ന ആരോപണത്തെ തുടർന്ന് മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഷൗക്കത്ത് അലി ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി.

വീഴ്ച വരുത്തിയ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർ എൻ. പ്രേംകുമാറിന് കാരണം കാണിക്കൽ നോട്ടിസ് നൽകും.

15 ദിവസത്തിനകം ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം വാങ്ങി തുടർനടപടികൾ സ്വീകരിക്കാൻ ഗതാഗത മന്ത്രി സി.പി. ജോൺ ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകി.

ഫിറ്റ്നസ് പരിശോധനയിലെ വീഴ്ച; ഉദ്യോഗസ്ഥനോട് വിശദീകരണം തേടും

2025 നവംബർ 13നാണ് ഷൗക്കത്ത് അലിയുടെ ഓട്ടോറിക്ഷ എഎംവിഐ എൻ. പ്രേംകുമാർ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

വാഹനത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് അപാകതകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദേശം നൽകിയിരുന്നു.

എന്നാൽ 1989ലെ കേരള മോട്ടർ വാഹന ചട്ടങ്ങളിലെ 110-ാം ചട്ടപ്രകാരം അപേക്ഷ നിരസിച്ച വിവരം സിഎഫ്ആർആർ ഫോമിൽ രേഖപ്പെടുത്തി അപേക്ഷകന് നൽകുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

ഈ വീഴ്ച ചൂണ്ടിക്കാട്ടിയാണ് എൻ. പ്രേംകുമാറിനോട് വിശദീകരണം തേടുന്നത്.

കൈക്കൂലി ആരോപണം തെളിയിക്കാനായില്ലെന്ന് റിപ്പോർട്ട്

അതേസമയം, ഷൗക്കത്ത് അലിയുടെ മരണത്തിന് കാരണം മോട്ടർ വാഹന വകുപ്പിന്റെ വീഴ്ചകൾ മാത്രമാണെന്ന് കരുതാനാകില്ലെന്നാണ് ഗതാഗത സെക്രട്ടറി മന്ത്രിക്ക് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ വിലയിരുത്തൽ.

കൈക്കൂലി നൽകാത്തതിനാലോ ഏജന്റുമാർ വഴി ഉദ്യോഗസ്ഥനെ സമീപിക്കാത്തതിനാലോ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന ആരോപണം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വന്തം താൽപര്യത്തിനായി എഎംവിഐ ബോധപൂർവം അപേക്ഷ നിരസിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.

പൊലീസ് അന്വേഷണവും വകുപ്പുതല അന്വേഷണവും

ഷൗക്കത്ത് അലിയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ഇതിന് സമാന്തരമായാണ് ഗതാഗത വകുപ്പ് വകുപ്പുതല അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് സമർപ്പിച്ചത്.

അതേസമയം, എംവിഡിയിൽ നടപ്പാക്കേണ്ട നവീകരണ പ്രവർത്തനങ്ങൾക്കായി സമയബന്ധിതമായ ആക്ഷൻ പ്ലാൻ തയ്യാറാക്കാനും മന്ത്രി നിർദേശം നൽകി.

ഇതിന്റെ പുരോഗതി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങളിൽ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

വാഹന പരിശോധന പൂർണമായും ഡിജിറ്റലാക്കും

വാഹന പരിശോധനാ നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള നിർദേശങ്ങളും പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ട്.

വാഹന പരിശോധനകൾ പൂർണമായും ഡിജിറ്റലാക്കണമെന്നും മാന്വൽ രജിസ്റ്ററുകൾ ഒഴിവാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

English Summary

Action has been initiated against Assistant Motor Vehicles Inspector N. Premkumar in connection with the suicide of Malappuram auto-rickshaw driver Shoukath Ali, who had alleged that his vehicle was repeatedly denied fitness certification. The officer will be served a show-cause notice, and the Transport Secretary has been directed to obtain his explanation within 15 days. A departmental inquiry found a procedural lapse during the fitness inspection but said allegations that the fitness certificate was denied for refusing a bribe or for not approaching the officer through agents could not be established. The report also said the officer had not deliberately rejected the application for personal reasons. A police investigation based on the suicide note is also underway. The department has recommended fully digitising vehicle inspections and eliminating manual registers.

Share This Article