കൊച്ചി: ചാനൽ ഷോകളിലൂടെയും അവാർഡ് നിശകളിലെയും അവതാരകയായി പ്രേക്ഷകർക്ക് സുപരിചിതയായ രഞ്ജിനി ഹരിദാസ് വീണ്ടും ശ്രദ്ധ നേടുന്നു. ബിഗ് ബോസ് സീസൺ 8ന് മുന്നോടിയായി നടന്ന ‘അഗ്നിപരീക്ഷ’ സെഗ്മന്റിലെ തന്റെ അനുഭവങ്ങളും അതിനെത്തുടർന്നുള്ള വിമർശനങ്ങളോടുള്ള നിലപാടും രഞ്ജിനി തുറന്നുപറഞ്ഞു.
സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി ഹരിദാസ് പ്രതികരിച്ചത്. തനിക്ക് തോന്നുന്നത് അതേപടി പ്രകടിപ്പിക്കുന്നതാണ് തന്റെ രീതിയെന്നും അതിൽ ഫിൽട്ടർ വയ്ക്കാൻ കഴിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി.
‘ധാർഷ്ഠ്യത്തോടെ വിധിനിർണയം നടത്തണമെന്ന് പറഞ്ഞു’
‘അഗ്നിപരീക്ഷ’യിലേക്ക് ക്ഷണം ലഭിച്ചത് കുറച്ചധികം ധാർഷ്ഠ്യത്തോടെ വിധിനിർണയം നടത്തണമെന്ന് പറഞ്ഞുകൊണ്ടായിരുന്നുവെന്ന് രഞ്ജിനി പറഞ്ഞു. ആ നിർദേശം തനിക്ക് ഇഷ്ടപ്പെട്ടതായും താരം വ്യക്തമാക്കി.
ഒട്ടും ഫിൽട്ടറില്ലാതെ താനായി പെരുമാറാൻ കഴിയുന്ന ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് പരിപാടി ഏറ്റെടുത്തത്. ഷോ ശരിക്കും ആസ്വദിച്ചാണ് ചെയ്തതെന്നും അതിനുള്ള പ്രതിഫലവും ലഭിച്ചുകഴിഞ്ഞെന്നും രഞ്ജിനി പറഞ്ഞു.
ചാനലിനോടും ജോലിയോടും ഷോയോടും പൂർണമായും നീതി പുലർത്തിയെന്നാണ് തന്റെ വിശ്വാസമെന്നും അതിനാൽ നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
‘മലയാളികൾക്ക് പെട്ടെന്ന് അംഗീകരിക്കാൻ കഴിയില്ല’
താൻ അത്രയും കടുപ്പിച്ചിട്ടില്ലെന്നാണ് വ്യക്തിപരമായി തോന്നുന്നതെന്നും രഞ്ജിനി പറഞ്ഞു. ഇത്തരത്തിലുള്ള പരിപാടി പുതിയതായതിനാൽ മലയാളികൾക്ക് പെട്ടെന്ന് അംഗീകരിക്കാൻ കഴിയില്ലെന്നും താരം വിലയിരുത്തി.
അടുത്ത സീസണുകളിലൂടെ ഇത്തരം ഫോർമാറ്റുകൾ വളർത്തിയെടുക്കാനാകുമെന്നും രഞ്ജിനി പറഞ്ഞു. വിമർശനങ്ങൾ എന്തുതന്നെയായാലും ഫിൽട്ടറില്ലാതെ കാര്യങ്ങൾ പറയാനും ചെയ്യാനും കഴിഞ്ഞതിന്റെ സന്തോഷമാണ് ഇപ്പോഴുള്ളതെന്നും താരം വ്യക്തമാക്കി.
‘എന്റെ എക്സ്പ്രഷൻ എന്തായിരുന്നോ, അതൊക്കെ സത്യമായിരുന്നു’
തന്റെ പ്രതികരണ രീതിയെക്കുറിച്ചുള്ള വിമർശനങ്ങൾക്കും രഞ്ജിനി മറുപടി നൽകി.
“മുഖത്തൊരു എക്സ്പ്രഷൻ വച്ച്, മറ്റൊരു തരത്തിൽ കള്ളം പറയാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് ഞാൻ ഷൗട്ട് ചെയ്തു സംസാരിച്ചു എന്ന് നിങ്ങൾ പറയുന്നതൊക്കെ സത്യമാണ്. എന്തായിരുന്നോ എന്റെ എക്സ്പ്രഷൻ, അതൊക്കെ സത്യമായിരുന്നു,” എന്നാണ് രഞ്ജിനി പറഞ്ഞത്.
‘ഐഡിയ സ്റ്റാർ സിംഗർ’യിലൂടെ ശ്രദ്ധ നേടിയ രഞ്ജിനി കഴിഞ്ഞ 25 വർഷമായി നിരവധി സ്റ്റേജ് ഷോകളിലും വലിയ ഇവന്റുകളിലും അവതാരകയായി സജീവമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയും തന്റെ കരിയറിലെയും വ്യക്തിജീവിതത്തിലെയും അനുഭവങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.
English Summary
Television presenter Ranjini Haridas has opened up about her experience as a judge on ‘Agnipareeksha’, a segment held ahead of Bigg Boss Malayalam Season 8 to select commoners for the show. Speaking through her YouTube channel, Ranjini said she enjoyed being able to behave without filters and felt she had done justice to the show and her work. Addressing criticism over her outspoken style, she said she cannot pretend or hide her real expressions and admitted that claims that she shouted while speaking were true. She also said negative comments do not affect her.
