‘മിന്നൽ മാജിക്’ ബ്രാൻഡിക്ക് പിന്നാലെ പിൻവാതിൽ നിയമന വിവാദം! മലബാർ ഡിസ്റ്റിലറിസിലേക്ക് സി.പി.എം തിരുകിക്കയറ്റലെന്ന് കോൺഗ്രസ്

2 Min Read
2 Min Read

 

പാലക്കാട്: സർക്കാർ ഉടമസ്ഥതയിലുള്ള പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിസിൽ പുതിയ ബ്രാൻഡിയായ ‘മിന്നൽ മാജിക്’ വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി പിന്‍വാതിൽ നിയമനങ്ങൾ നടന്നുവെന്നാരോപിച്ച് കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്ത്.

മുൻ എൽഡിഎഫ് സർക്കാരിന്റെ അവസാനഘട്ടത്തിൽ 90 താൽക്കാലിക വനിതാ തൊഴിലാളികളെ നിയമിച്ചുവെന്നും സിപിഎം ഭരിക്കുന്ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിനുകീഴിലുള്ള കുടുംബശ്രീ എഡിഎസ് മുഖേന പാർട്ടി നേതാക്കളുടെ ഇടപെടലോടെയാണ് പട്ടിക തയ്യാറാക്കിയതെന്നുമാണ് ആരോപണം.

നിയമനവുമായി ബന്ധപ്പെട്ട പരാതികൾ കമ്പനി അധികൃതർക്കും എക്‌സൈസ് മന്ത്രി എം. ലിജുവിനും നൽകിയതായി സംഘടനകൾ അറിയിച്ചു. നിയമനത്തിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങൾ കമ്പനി അധികൃതർ തള്ളി. നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചാണ് കുടുംബശ്രീ മുഖേന താൽക്കാലിക തൊഴിലാളികളുടെ പട്ടിക തയ്യാറാക്കിയതെന്നാണ് വിശദീകരണം.

ട്രാവൻകൂർ ഷുഗേഴ്‌സ് കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനമുള്ള ബ്ലോക്കിലെ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് നിയമനം നടത്തേണ്ടതെന്നും അതനുസരിച്ച് ചിറ്റൂർ ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ യൂണിറ്റികളെയാണ് പരിഗണിച്ചതെന്നും അധികൃതർ അറിയിച്ചു.

55 അപേക്ഷകരിൽ 45 പേരും ഒരേ നിരക്കാണ് ക്വോട്ട് ചെയ്തതെന്നും അതിനാൽ നറുക്കെടുപ്പിലൂടെയാണ് നല്ലേപ്പിള്ളി എഡിഎസിനെ തെരഞ്ഞെടുത്തതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

എന്നാൽ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതൻ ആരോപിച്ചു. താൽക്കാലിക നിയമനങ്ങൾ തൊഴിൽവിനിമയ കേന്ദ്രം മുഖേന നടത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദൂരപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളെ പട്ടികയിൽ ഉൾപ്പെടുത്തിയതും സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്ന് എം.എൽ.എ ആരോപിച്ചു. ജോലിസ്ഥലത്തെത്താൻ ചിലർക്കു ഒന്നരമണിക്കൂറിലധികം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ ‘മിന്നൽ മാജിക്’ ബ്രാൻഡിയുടെ ഉൽപ്പാദനം നിർത്തിവെച്ചിട്ടില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. പരീക്ഷണ ഉൽപ്പാദനം പൂർത്തിയായതായും പുതിയ ബ്രാൻഡി ഉടൻ ബെവ്കോ വിൽപ്പനശാലകളിൽ എത്തുമെന്നും അധികൃതർ വ്യക്തമാക്കി.

English Summary: 

Congress-backed organisations alleged backdoor appointments at Malabar Distilleries in Palakkad ahead of the launch of the new “Minnal Magic” brandy. Company officials denied the allegations, saying the temporary appointments were made through Kudumbashree units as per existing guidelines.

Share This Article