ഇറച്ചിക്കടകൾ അടഞ്ഞുകിടക്കുമ്പോഴും ഹോട്ടലുകളിൽ ബീഫ് സുലഭം! കേരളത്തിലേക്ക് ഒഴുകുന്നത് കിലോക്കണക്കിന് ‘സുനാമി ഇറച്ചി’യെന്ന് ആരോപണം; വിലക്കുറവിന്റെ ചതിക്കുഴികൾ

2 Min Read

കോട്ടയം: അന്യസംസ്ഥാനങ്ങളിൽ നിന്ന് അറവുമാടുകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇറച്ചിക്കടകൾ അടച്ചുള്ള സമരം ശക്തമായതോടെ ‘സുനാമി ഇറച്ചി’യുടെ വ്യാപനം വർധിക്കുന്നതായി ആരോപണം. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് അതിർത്തികൾ വഴി പ്രതിദിനം രണ്ട് ലക്ഷം കിലോഗ്രാമോളം ഇറച്ചി കേരളത്തിലെത്തുന്നതായാണ് ഏകദേശ കണക്ക്.

അയൽസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം എത്തിക്കുന്ന ശീതീകരിച്ച വാഹനങ്ങളിലൂടെ രോഗബാധിതമായതോ ചത്തുപോയ കന്നുകാലികളുടേതോ അടക്കമുള്ള ഇറച്ചി കേരളത്തിലെത്തുന്നുണ്ടെന്നും, ചെക്കുപോസ്റ്റുകളിൽ ആവശ്യമായ പരിശോധനകൾ നടക്കുന്നില്ലെന്നുമാണ് ഇറച്ചി വ്യാപാരികളുടെ സംഘടനകളുടെ ആരോപണം.

ഹോട്ടലുകൾ, തട്ടുകടകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, കോൾഡ് സ്റ്റോറേജുകൾ എന്നിവിടങ്ങളിലേക്കാണ് ഈ ഇറച്ചി എത്തുന്നതെന്നാണ് പരാതി. ഇറച്ചി ക്ഷാമത്തെ തുടർന്ന് മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിൽ സുനാമി ഇറച്ചി സംഭരിക്കുന്നതിന് അനുമതി നൽകിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഇടുക്കി, കോട്ടയം ജില്ലകളിലായി 700-ലധികം ഇറച്ചിക്കടകൾ ജൂൺ 12 മുതൽ അടഞ്ഞുകിടക്കുമ്പോഴും മിക്ക ഹോട്ടലുകളിലും ബീഫ് വിഭവങ്ങൾ ലഭ്യമാണെന്നത് സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ ബീഫ് കറിയുടെയും ബീഫ് ഫ്രൈയുടെയും വിലയും ഉയർന്നിട്ടുണ്ട്.

സാധാരണ മാട്ടിറച്ചിക്ക് കിലോയ്ക്ക് 500 രൂപ വരെ വിലയുള്ളപ്പോൾ, ‘സുനാമി ഇറച്ചി’ക്ക് 300 രൂപ മാത്രമാണ് വിലയെന്ന് വ്യാപാരികൾ പറയുന്നു. കൃത്യമായ വിവരം ലഭിച്ചാലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കുന്നില്ലെന്നാണ് ആക്ഷേപം. ജീവനക്കാരുടെ കുറവും പുലർച്ചെ സമയങ്ങളിലായുള്ള വാഹനങ്ങളുടെ വരവും പരിശോധനകൾക്ക് തടസമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

അതേസമയം, പഴകിയതോ രോഗബാധിതമായ മൃഗങ്ങളുടേതോ ആയ ഇറച്ചി ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എ.എ. സലീം ആവശ്യപ്പെട്ടു.

English Summary

As the strike by meat shops intensifies in Kerala, allegations are emerging over the increasing circulation of so-called “tsunami meat” brought from neighbouring states. Traders claim that insufficient inspections and illegal supply chains are enabling the distribution of low-quality meat, raising concerns over public health and food safety.

Share This Article