എറണാകുളം: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഒടുവിൽ ഒത്തുതീർപ്പായി. സമരത്തിലുണ്ടായിരുന്ന ദലിത് കുടുംബങ്ങൾക്ക് തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് വീതം ഭൂമി നൽകാനും ഒരു വർഷത്തിനുള്ളിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾ സർക്കാർ നിർമ്മിച്ച് നൽകാനും ധാരണയായി. ഇതോടെ ദീർഘനാളായി തുടരുന്ന സമരം അവസാനിപ്പിക്കുന്നതായി സമരസമിതിയും പ്രഖ്യാപിച്ചു.
ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം ഓരോ കുടുംബത്തിനും തർക്കഭൂമിയിൽ നിന്ന് അഞ്ച് സെന്റ് വീതം ഭൂമി അനുവദിക്കും. പുതിയ വീടുകളുടെ നിർമാണം പൂർത്തിയാകുന്നത് വരെ നിലവിലെ വീടുകളിൽ തന്നെ താമസം തുടരാനും കുടുംബങ്ങൾക്ക് അനുമതിയുണ്ടാകും.
സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും പിൻവലിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും ചേർന്നുള്ള കരാർ ഉടൻ ഒപ്പുവെക്കുമെന്നും ജൂൺ 15നകം കരാർ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും മന്ത്രി റോജി എം. ജോൺ അറിയിച്ചു.
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികൾ ജൂൺ 16 വരെ നിർത്തിവെക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രശ്നപരിഹാരത്തിനായി കൂടുതൽ സമയം ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പരിഗണിച്ചായിരുന്നു കോടതി തീരുമാനം. ഇതിനിടെ നടത്തിയ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയതോടെയാണ് ഒടുവിൽ സമവായത്തിലൂടെ പരിഹാരമുണ്ടായത്.
സർക്കാരിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ പൂർണമായും അംഗീകരിക്കുന്നതായും ഇത് സമരസമിതിയുടെ വലിയ വിജയമാണെന്നും സമരനേതാക്കൾ പ്രതികരിച്ചു.
English Summary
A settlement has been reached in the controversial Malayidamthuruth eviction issue in Ernakulam. Under the agreement, each protesting Dalit family will receive five cents of land and a 1,000-square-foot house to be built by the government within a year. The protesters have also decided to end their agitation, and all cases registered in connection with the protest will be withdrawn.
