എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അമിത് ഷായും മന്ത്രിമാരും! നെഹ്റുവിന്റെ റെക്കോഡ് തകർത്ത മോദിക്ക് വിദേശ രാജ്യങ്ങളിൽ നിന്നും പ്രശംസ; പ്രമേയം പാസാക്കി എൻഡിഎ

2 Min Read

ന്യൂഡൽഹി: തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം വഹിച്ച നേതാവെന്ന റെക്കോഡ് സ്വന്തമാക്കി നരേന്ദ്ര മോദി. 4,399 ദിവസം പദവിയിൽ പൂർത്തിയാക്കിയതോടെയാണ് ജവഹർലാൽ നെഹ്റുവിന്റെ 4,398 ദിവസത്തെ റെക്കോഡ് മോദി മറികടന്നത്. നേട്ടത്തെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ പ്രത്യേക പ്രമേയം പാസാക്കി. മന്ത്രിമാർ എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആദരവ് അറിയിച്ചപ്പോൾ മോദി നന്ദി രേഖപ്പെടുത്തി.

‘രാഷ്ട്രം ആദ്യം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി രാജ്യത്തെ നയിച്ച നേതാവിന് ജനങ്ങൾ നൽകിയ അപൂർവ പിന്തുണയുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് മന്ത്രിസഭയുടെ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ലക്ഷ്യം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിക്കുമെന്ന പ്രത്യാശയും പ്രമേയത്തിൽ പ്രകടിപ്പിച്ചു.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ജനങ്ങളുടെ ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കുകയും ചെയ്തതാണ് പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ നേട്ടമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഉപരാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെ നിരവധി പ്രമുഖർ ആശംസകൾ നേർന്നു.

ഭൂട്ടാൻ, ശ്രീലങ്ക, മലേഷ്യ, മാലിദ്വീപ്, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങളിലെ നേതാക്കളും മോദിയെ അഭിനന്ദിച്ചു. കേന്ദ്ര സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ ചേർന്ന എൻ.ഡി.എ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗവും അഭിനന്ദന പ്രമേയം പാസാക്കി.

പ്രമേയത്തിന് മറുപടിയായി സംസാരിച്ച മോദി, പാർട്ടിയേക്കാൾ വലുത് രാജ്യമാണെന്ന സമീപനമാണ് തന്റെ തീരുമാനങ്ങൾക്ക് അടിസ്ഥാനം എന്ന് പറഞ്ഞു. ദേശീയ താൽപര്യം മുൻനിർത്തിയുള്ള നിർണായക തീരുമാനങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:
Prime Minister Narendra Modi has become the longest-serving Prime Minister in India in a continuous term, surpassing Jawaharlal Nehru’s record by completing 4,399 consecutive days in office. The Union Cabinet and NDA leaders congratulated him, while several world leaders also extended their wishes. Modi reiterated that national interest remains the guiding principle behind his decisions.

Share This Article