പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇടിമിന്നലിൽ പത്തോളം വീടുകൾക്ക് നാശനഷ്ടം. വെങ്ങോല പഞ്ചായത്ത് പാലായിക്കുന്ന് പ്രദേശത്താണ് ഞായറാഴ്ച അർധരാത്രിയോടെ ശക്തമായ ഇടിമിന്നലുണ്ടായത്. വീടുകളുടെ ഭിത്തികൾക്ക് വിള്ളലുണ്ടാകുകയും വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും കത്തിനശിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും ഗുരുതരമായി പരിക്കില്ല.
പെരുമ്പാവൂരിൽ ഇടിമിന്നൽ; വീടുകൾക്ക് കേടുപാട്
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് പാലായിക്കുന്ന് മേഖലയിൽ ശക്തമായ ഇടിമിന്നലുണ്ടായത്. നിരവധി വീടുകൾ ഭാഗികമായി തകർന്ന നിലയിലാണ്.
പാലായിക്കുന്ന് അമ്പാട്ട് വീട്ടിൽ സാറാമ്മയുടെ വീടിന്റെ ഭിത്തിയിൽ വിള്ളലുണ്ടായി. കാർ ഷെഡിനോട് ചേർന്ന തറ ഇടിമിന്നലിന്റെ ആഘാതത്തിൽ ചിതറിത്തെറിച്ചു.
വീട്ടിലെ വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. സാറാമ്മയുടെ പേരക്കുട്ടി അക്ഷരയുടെ കൈകൾക്ക് നേരിയ പൊള്ളലേറ്റതായും വിവരമുണ്ട്.
കല്ലും മണ്ണും സമീപവീടിന്റെ മേൽക്കൂരയിലേക്ക് തെറിച്ചു
ഇടിമിന്നലിന്റെ ആഘാതത്തിൽ തറയിൽനിന്ന് ഇളകിത്തെറിച്ച കല്ലും മണ്ണും സമീപത്തെ വീടിന്റെ മേൽക്കൂരയുടെ മുകൾഭാഗം വരെ എത്തി.
പോക്കയിൽ എൽദോ, തെക്കേക്കുറ്റയിൽ ഫിലിപ്പോസ്, മുരിങ്ങത്തറ ദാസൻ, അറയ്ക്കക്കുടി സിബി, ആനപ്പംതടത്തിൽ ശിവൻ, കണ്ണാട്ടുമഠം വിനീത, കണ്ണിമോളത്ത് ശശി, അനിൽകുമാർ, കെ.കെ. തമ്പി, മഹേഷ്, മനോജ്, കളരിക്കൽ അശോകൻ എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി.
ഫാൻ, എ.സി., ഫ്രിഡ്ജ്, ഇൻവെർട്ടർ ഉൾപ്പെടെയുള്ള നിരവധി ഗൃഹോപകരണങ്ങൾ കത്തിനശിച്ചു.
നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം
നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് പ്രകൃതിദുരന്തത്തിൽ ഉൾപ്പെടുത്തി സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെമ്പർ ബേസിൽ കുര്യാക്കോസ് ആവശ്യപ്പെട്ടു.
നഷ്ടപരിഹാരത്തിനായി കുടുംബങ്ങൾ വെങ്ങോല വില്ലേജ് ഓഫീസർ മുഖേന പ്രത്യേക അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
പാലക്കാട്ട് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ഇടിമിന്നലിൽ പരിക്ക്
അതേസമയം, പാലക്കാട്ടും ഇടിമിന്നലിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. മണ്ണാർക്കാട് കോട്ടപ്പാടം ഭീമനാട് സ്വദേശിനി നിവേദിനിക്കാണ് പരിക്കേറ്റത്.
വീടിനുള്ളിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലിന്റെ ആഘാതമുണ്ടായത്. ശക്തമായ ഇടിയും മിന്നലുമുണ്ടായതിന് പിന്നാലെ വീടിന്റെ ചുവരിൽ വിള്ളലുണ്ടായി.
പൊള്ളലേറ്റ നിവേദിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
English Summary:
Lightning caused extensive damage to around ten houses in the Palayikunnu area of Vengola panchayat near Perumbavoor. Several homes suffered structural damage, while electrical wiring and household appliances were destroyed. A ninth-standard student in Palakkad was also injured in a separate lightning incident.
