facebook

ഓപ്പറേഷൻ ഫയർവാൾ; പാക്ക് ചാരബന്ധം സംശയിച്ച് 2 പേർ പിടിയിൽ

2 Min Read

ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ അതീവ രഹസ്യ വിവരങ്ങൾ പാക്ക് ചാരന്മാർക്ക് കൈമാറിയെന്ന കേസിൽ രണ്ട് പേരെ ആന്ധ്രാപ്രദേശ് കൗണ്ടർ ഇന്റലിജൻസ് സെൽ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ഫയർവാൾ 2026 എന്ന പേരിൽ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് അന്നം സായ് വരപ്രസാദ്, പ്രദീപ് മുഖർജി എന്നിവർ പിടിയിലായത്. 13 നാവികസേനാ ഉദ്യോഗസ്ഥരടക്കം 18 പേർ ഉൾപ്പെട്ടതായി കണ്ടെത്തിയ ചാരശൃംഖലയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഓപ്പറേഷൻ ഫയർവാൾ 2026; സായ് പ്രസാദ് പിടിയിൽ

നാവികസേനാ ഉദ്യോഗസ്ഥരുടെ താൽക്കാലിക കരാർ ഡ്രൈവറായി ജോലി ചെയ്തിരുന്ന അന്നം സായ് വരപ്രസാദിനെ വിശാഖപട്ടണത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.നാവികസേനയുടെയും മറ്റ് പ്രതിരോധ സ്ഥാപനങ്ങളുടെയും അതീവ രഹസ്യ വിവരങ്ങൾ പാക്ക് ചാരന്മാർക്ക് കൈമാറിയെന്നാണ് ഇയാൾക്കെതിരായ ആരോപണം. ഇതിന് പ്രതിഫലമായി വൻതുക കൈപ്പറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി അറിയിച്ചു.

കോയമ്പത്തൂരിൽനിന്ന് പ്രദീപ് മുഖർജി അറസ്റ്റിൽ

വിശാഖപട്ടണം നേവൽ ബേസിൽ ജീവനക്കാരനായിരുന്ന പ്രദീപ് മുഖർജിയെ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽനിന്നാണ് പിടികൂടിയത്.പാക്ക് ചാരന്മാർക്ക് വാട്സാപ് അക്കൗണ്ട് സജീവമാക്കുന്നതിനുള്ള ഒടിപി കൈമാറിയതായും രഹസ്യ വിവരങ്ങൾ പങ്കുവച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

എൻക്രിപ്റ്റഡ് ആശയവിനിമയം ഉപയോഗിച്ചതായി കണ്ടെത്തൽ

രഹസ്യ വിവരങ്ങൾ കൈമാറാൻ പ്രതികൾ എൻക്രിപ്റ്റഡ് ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നതായി കൗണ്ടർ ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കി.ഭാരതീയ ന്യായ സംഹിത, യുഎപിഎ, ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് എന്നിവ പ്രകാരം ഒക്ടോബർ രണ്ടിന് വിജയവാഡയിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഒക്ടോബർ ഒന്നിന് ഓപ്പറേഷൻ ഫയർവാൾ 2026 ആരംഭിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്.

പത്ത് സംസ്ഥാനങ്ങളിൽ പരിശോധന

ആന്ധ്രാപ്രദേശ്, കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഗോവ, ഡൽഹി, തമിഴ്നാട്, ഛത്തീസ്ഗഡ്, ബിഹാർ എന്നിവിടങ്ങളിലായി 12 കൗണ്ടർ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.അതത് സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സേന, നാവികസേനാ ഉദ്യോഗസ്ഥർ, പ്രാദേശിക പൊലീസ് എന്നിവരുടെ ഏകോപനത്തോടെയാണ് പരിശോധന നടത്തിയത്.

ഇതിനിടെ, സംശയാസ്പദമായി കണ്ടെത്തിയ പത്ത് പേരെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഇവരിൽനിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

English summary:Two people, Annam Sai Varaprasad and Pradeep Mukherjee, have been arrested by the Andhra Pradesh Counter Intelligence Cell in a case involving the alleged leakage of sensitive defence information to Pakistani spies. The arrests were made as part of Operation Firewall 2026, an investigation into a suspected espionage network involving 18 people, including 13 Navy personnel. Investigators allege that Varaprasad shared classified defence information in exchange for money, while Mukherjee allegedly provided an OTP to activate a WhatsApp account used by Pakistani spies and shared sensitive information. The operation involved coordinated searches across 10 states and Union Territories, with several electronic devices seized.

Share This Article