ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി മന്ദാനയെ ബിസിസിഐ നിയമിച്ചു.എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം ഹർമൻപ്രീത് കൗർ ഒഴിഞ്ഞതിന് പിന്നാലെയാണ് മന്ദാനയ്ക്ക് പുതിയ ചുമതല ലഭിച്ചത്. 2013 മുതൽ ഇന്ത്യൻ ടീമിൻ്റെ ഭാഗമായ മന്ദാന ഇനി ടീമിനെ പുതിയ ഘട്ടത്തിലേക്ക് നയിക്കും.
ഹർമൻ പ്രീത് കൗറിനു പകരം സ്മൃതി മന്ദാനയ്ക്ക് നായികസ്ഥാനം
ചൊവ്വാഴ്ചയാണ് സ്മൃതി മന്ദാനയെ ഇന്ത്യൻ വനിതാ ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചത്. നേരത്തെ 18 ടി20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും മന്ദാന ഇന്ത്യയെ നയിച്ചിട്ടുണ്ട്.
അതേസമയം, 2016ൽ ടി20 ടീമിൻ്റെ ക്യാപ്റ്റനായും 2022ൽ ഏകദിന, ടെസ്റ്റ് ടീമുകളുടെ മുഴുവൻ സമയ നായികയായും ചുമതലയേറ്റ ഹർമൻപ്രീത് കൗറിന്റെ നേതൃത്വകാലത്തിനാണ് ഇതോടെ വിരാമമായത്.
ഹർമൻപ്രീത് കൗർ ടീമിൽ തുടരും
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ഹർമൻപ്രീത് കൗർ ഇന്ത്യൻ ടീമിൻറെ താരമായി തുടരും. 2025ലെ ചരിത്രപ്രധാനമായ വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചത് ഹർമൻപ്രീതായിരുന്നു.
കൂടാതെ, നാഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യക്ക് സ്വർണം നേടിക്കൊടുക്കാൻ ഹർമൻപ്രീപ്രീതിന് കഴിഞ്ഞു. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടവും ഈ വർഷം അവർ സ്വന്തമാക്കി.
മുൻ നായികയ്ക്ക് നന്ദിയുമായി മന്ദാന
പുതിയ ഉത്തരവാദിത്തം വലിയ ബഹുമതിയാണെന്ന് സ്മൃതി മന്ദാന പ്രതികരിച്ചു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എന്നും തനിക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും അവർ പറഞ്ഞു.
ഹർമൻപ്രീത് കൗറിന്റെ സംഭാവനകളെയും മന്ദാന പ്രത്യേകം പ്രശംസിച്ചു. വർഷങ്ങളായി ടീമിനെ പ്രതിബദ്ധതയോടെ നയിച്ച ഹർമൻപ്രീത് ഇന്ത്യൻ ക്രിക്കറ്റിന്റെ യാത്രയിലെ നിർണായക ഭാഗമായിരുന്നുവെന്നും മന്ദാന വ്യക്തമാക്കി.
പുതിയ ചുമതലയുടെ ഉത്തരവാദിത്തം താൻ മനസ്സിലാക്കുന്നുണ്ടെന്നും ടീമിനൊപ്പം പ്രവർത്തിച്ചും പഠിച്ചും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാൻ പരമാവധി ശ്രമിക്കുമെന്നും മന്ദാന പറഞ്ഞു.
ആർസിബിയിലെ വിജയവും മന്ദാനയുടെ കരുത്ത്
അന്താരാഷ്ട്ര മത്സരങ്ങളിലെ അനുഭവത്തിന് പുറമെ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ നേതൃത്വ മികവും മന്ദാനയ്ക്കുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിച്ച് 2024ലും 2026ലും വനിതാ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ മന്ദാനയ്ക്ക് കഴിഞ്ഞു.
ഇന്ത്യൻ ടീമിനെ നയിക്കാനുള്ള മന്ദാനയുടെ കഴിവിൽ വിശ്വാസമുണ്ടെന്ന് ബിസിസിഐ പ്രസിഡൻ്റ് മിഥുൻ മൻഹാസ് പറഞ്ഞു. മത്സരത്തെക്കുറിച്ചുള്ള പരിചയവും ടീമിനെ മുന്നിൽ നിന്ന് നയിക്കാനുള്ള കഴിവും പുതിയ ചുമതലയിൽ മന്ദാനയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിസിഐ ഓണററി സെക്രട്ടറി ദേവജിത് സൈകിയയും മന്ദാനയുടെ നേതൃത്വഗുണങ്ങളെ പ്രശംസിച്ചു. ഇന്ത്യയെ നയിക്കുന്നത് വലിയ ഉത്തരവാദിത്തമാണെങ്കിലും അത് ഏറ്റെടുക്കാനുള്ള അനുഭവവും പക്വതയും മന്ദാനയ്ക്കുണ്ടെന്ന് സൈകിയ പറഞ്ഞു.
ഇതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പുതിയൊരു നേതൃത്വഘട്ടത്തിനാണ് തുടക്കമാകുന്നത്. ഹർമൻപ്രീത് കൗർ താരമായി ടീമിൽ തുടരുമ്പോൾ സ്മൃതി മന്ദാന ഇനി ഇന്ത്യയുടെ ക്യാപ്റ്റനായി ടീമിനെ മുന്നോട്ട് നയിക്കും.
English summary:Smriti Mandhana has been appointed the new captain of the Indian women’s cricket team after Harmanpreet Kaur stepped down from captaincy across all formats. Mandhana, who has represented India since 2013, has previously led the side in 18 T20Is and four ODIs. Harmanpreet will continue playing for India after a successful captaincy tenure that included the 2025 Women’s Cricket World Cup title and Asian Games gold.Mandhana also brings strong franchise leadership experience, having guided Royal Challengers Bengaluru to Women’s Premier League titles in 2024 and 2026.
