പാലക്കാട്: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും വ്യക്തമായ മദ്യനയം രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുൻ എക്സൈസ് മന്ത്രിയും സിപിഎം നേതാവുമായ എം.ബി. രാജേഷ്.
നയത്തിലെ അവ്യക്തത കാരണം സംസ്ഥാനത്തെ മദ്യമേഖലയിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും ഓരോ ദിവസവും നിലപാടുകൾ മാറ്റുകയാണെന്നും രാജേഷ് വിമർശിച്ചു. പാലക്കാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിലവിൽ വ്യക്തമായ മദ്യനയം ഉണ്ടോയെന്നും രാജേഷ് ചോദിച്ചു. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡ്രൈ ഡേ ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കത്തിൽ വിമർശനം
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ടൂറിസം ഡയറക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ടൂറിസം മേഖലയിലെ സംരംഭകർ ഡ്രൈ ഡേ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ഈ യോഗത്തിന്റെ മിനുട്സ് ഉയർത്തിക്കാട്ടി ഡ്രൈ ഡേ പിൻവലിക്കാൻ നീക്കം നടക്കുകയാണെന്ന് ആരോപിച്ച് അഴിമതി ആരോപണം ഉന്നയിക്കുകയും നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുകയും ചെയ്തത് യുഡിഎഫ് നേതാക്കളാണെന്ന് രാജേഷ് പറഞ്ഞു.
അന്ന് എതിർത്തവർ ഇപ്പോൾ ഡ്രൈ ഡേ പിൻവലിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇതിന് വേണ്ടിയുള്ള അരങ്ങൊരുക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും രാജേഷ് ആരോപിച്ചു.
യുഡിഎഫിന്റെ പഴയ നിലപാടുകളെ ചോദ്യം ചെയ്ത് രാജേഷ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സർക്കാർ കേരളത്തിൽ മദ്യമൊഴുക്കുകയാണെന്ന് യുഡിഎഫ് വ്യാജപ്രചാരണം നടത്തിയെന്നും രാജേഷ് പറഞ്ഞു.
അന്ന് സർക്കാരിനെതിരെ നിലപാടെടുത്ത കെസിബിസിയുടെ ഇപ്പോഴത്തെ അഭിപ്രായം എന്താണെന്നും വി.എം. സുധീരന്റെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.
പറഞ്ഞ കാര്യങ്ങൾ മറന്ന് അതിന് വിരുദ്ധമായി പ്രവർത്തിക്കുകയാണ് യുഡിഎഫ് സർക്കാരെന്നും രാജേഷ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷമായ പരാമർശം.
‘മുഖ്യമന്ത്രി നിലപാടുകളുടെ രാജകുമാരനല്ല, മറിച്ച് അവസരവാദത്തിന്റെ ചക്രവർത്തിയാണ്’ എന്നായിരുന്നു എം.ബി. രാജേഷിന്റെ വിമർശനം.
English Summary : Former Excise Minister and CPI(M) leader M.B. Rajesh has criticised the UDF government, alleging that it has failed to formulate a clear liquor policy even after six months in office. He questioned the government’s move to consider lifting the dry day restriction and accused the Chief Minister and Tourism Minister of frequently changing their positions. Rajesh made the remarks at a press conference in Palakkad.
