ഹോട്ടൽ മുറിയിൽ മൂട്ടയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സ തേടേണ്ടിവന്ന കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. ചെറുവത്തൂർ സ്വദേശി വാസുദേവ കോണൂരായ നൽകിയ പരാതിയിലാണ് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ നടപടി. നഷ്ടപരിഹാരം, ചികിത്സച്ചെലവ്, കോടതി ചെലവ് എന്നിങ്ങനെയാണ് തുക നൽകേണ്ടത്.
മൂട്ടയുടെ കടിയേറ്റു; 30,000 രൂപ നൽകണം
കമ്മീഷൻ ഉത്തരവ് പ്രകാരം 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സച്ചെലവായും 5,000 രൂപ കോടതി ചെലവായും നൽകണം. ഒരുമാസത്തിനുള്ളിൽ തുക നൽകണമെന്നാണ് നിർദേശം.
2024 ഓഗസ്റ്റ് 26നാണ് വാസുദേവയും കുടുംബവും തിരുവനന്തപുരത്തെ ‘രൂപ്മഹൽ’ ഹോട്ടലിൽ മുറിയെടുത്തത്. പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനുമായിരുന്നു യാത്ര.
മൂട്ടയുടെ കടിയേറ്റതോടെ രാത്രി ഉറങ്ങാനായില്ല
3,500 രൂപ നൽകി എയർ കണ്ടീഷൻഡ് ഡബിൾ മുറിയായിരുന്നു കുടുംബം എടുത്തത്. എന്നാൽ ദീർഘയാത്ര കഴിഞ്ഞെത്തിയ കുടുംബത്തിന് മുറിയിലെ മൂട്ട ശല്യം കാരണം രാത്രി ഉറങ്ങാൻ സാധിച്ചില്ലെന്നാണ് പരാതി.
കുടുംബത്തോടൊപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മൂട്ടയുടെ കടിയേറ്റതായും ശരീരത്തിൽ പലയിടത്തും ചുവന്നുതുടുത്ത പാടുകളും ചൊറിച്ചിലും ഉണ്ടായതായും പരാതിയിൽ പറയുന്നു.
ഹോട്ടലിൽ പരാതി അറിയിച്ചു; ചികിത്സ തേടി
മുറിയിലെ പ്രശ്നം ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചതായും പരാതിക്കാരൻ പറഞ്ഞു. പിറ്റേന്ന് തിരുവനന്തപുരത്തെ ആൻഡിയൽ ആശുപത്രിയിലെത്തി ചികിത്സ തേടി.
ഡോ. മഹേഷ് കുമാർ പരിശോധിച്ച് മരുന്നുകൾ നൽകിയതായും ആശുപത്രി പരിശോധനാരേഖകളും ലാബ് റിപ്പോർട്ടുകളും കമ്മീഷനിൽ ഹാജരാക്കിയതായും പരാതിക്കാരന്റെ ഭാഗം വ്യക്തമാക്കി.
ഹോട്ടലിന്റെ വാദം കമ്മീഷൻ പരിഗണിച്ചു
നാട്ടിലെത്തിയ ശേഷം ഹൊസ്ദുർഗ് ബാറിലെ അഡ്വ. എ. രാധാകൃഷ്ണൻ മുഖേനയാണ് വാസുദേവ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
കേസ് തിരുവനന്തപുരം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ പരിധിയിലേക്ക് മാറ്റണമെന്ന് ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ ആവശ്യം അനുവദിച്ചില്ല.
അതേസമയം, ഹോട്ടലിനെതിരെ മുമ്പ് സമാനമായ പരാതികൾ ഉണ്ടായിട്ടില്ലെന്നതടക്കമുള്ള വാദങ്ങളും അധികൃതർ ഉന്നയിച്ചു. എന്നാൽ പരാതിക്കാരൻ ഹാജരാക്കിയ ചികിത്സാ രേഖകളും ലാബ് റിപ്പോർട്ടുകളും ഉൾപ്പെടെയുള്ള രേഖകൾ പരിഗണിച്ചാണ് കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
English Summary:
The Kasaragod Consumer Disputes Redressal Commission has ordered a hotel to pay Rs 30,000 to Vasudeva Konooray of Cheruvathur after he complained that his family suffered bedbug bites during their stay at a hotel in Thiruvananthapuram. The amount includes Rs 15,000 compensation, Rs 10,000 towards medical expenses and Rs 5,000 as legal costs. The payment must be made within one month.
