കോട്ടയം: കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ വൈദ്യുതി മീറ്റർ റീഡിങ് സംബന്ധിച്ച് ഉപയോക്താക്കൾക്കിടയിലും ആശങ്ക.
ജീവനക്കാരുടെ വേതന വർധനയും മീറ്റർ റീഡിങ്ങിൽ പരമാവധി വൈദ്യുതി ആവശ്യം (ആർഎംഡി) ഉൾപ്പെടുത്താനുള്ള നിർദേശവുമാണ് സമരത്തിന് പ്രധാന കാരണമെന്ന് ഓൾ കേരള മീറ്റർ റീഡേഴ്സ് കൂട്ടായ്മ സ്റ്റേറ്റ് പ്രസിഡന്റ് കണ്ണൻ തലവടി പറഞ്ഞു.
കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം എന്തിന്?
പുതിയ സർക്കാരിനെതിരായ സമരമല്ല ഇതെന്ന് കണ്ണൻ തലവടി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി വേതനത്തിൽ വർധനയുണ്ടായിട്ടില്ലെന്നും കെഎസ്ഇബി മാനേജ്മെന്റിനും മുൻ മന്ത്രിക്കും പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മീറ്റർ റീഡിങ്ങിൽ ആർഎംഡി കൂടി ഉൾപ്പെടുത്താനുള്ള കെഎസ്ഇബി നിർദേശമാണ് നിലവിലെ പ്രതിഷേധത്തിന് പ്രധാന കാരണമെന്ന് സമരസമിതി പറയുന്നു. മുൻ സർക്കാരിന്റെ കാലത്തും ഇതുമായി ബന്ധപ്പെട്ട നീക്കം ഉണ്ടായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
വേതന വർധന സംബന്ധിച്ച് ന്യായമായ തീരുമാനം ഉണ്ടാകാതെയാണ് ആർഎംഡി കണക്കാക്കുന്നതിനുള്ള പരിശീലനം ഉൾപ്പെടെയുള്ള നടപടികളിലേക്ക് കെഎസ്ഇബി കടന്നതെന്നും ഇതോടെയാണ് സമരം ആരംഭിച്ചതെന്നും കണ്ണൻ പറഞ്ഞു.
ആർഎംഡി കണക്കെടുപ്പിൽ എതിർപ്പ് എന്തുകൊണ്ട്?
വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ ആവശ്യമായ വൈദ്യുതിയുടെ പരമാവധി ഉപയോഗം കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ആർഎംഡി. നിലവിൽ വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന മീറ്ററുകളിൽ തന്നെ ഇത് പരിശോധിക്കാനുള്ള സംവിധാനമുണ്ടെന്ന് സമരസമിതി പറയുന്നു.
ആർഎംഡി കണക്കാക്കി പരമാവധി ഡിമാൻഡിനനുസരിച്ച് ഫിക്സഡ് ചാർജ് ബില്ലിൽ ഉൾപ്പെടുത്താനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. എന്നാൽ സാധാരണ മീറ്റർ റീഡിങ്ങിനെക്കാൾ കൂടുതൽ സമയവും ശ്രദ്ധയും ആർഎംഡി കണക്കെടുപ്പിന് ആവശ്യമാണെന്ന് മീറ്റർ റീഡർമാർ ചൂണ്ടിക്കാട്ടുന്നു.
ചെറിയ പിഴവ് പോലും ബില്ലിൽ വലിയ വ്യത്യാസമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ, ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള മീറ്ററുകളിൽ ആർഎംഡി പരിശോധിക്കുന്നത് ജീവനക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവർ പറയുന്നു.
ഇതിനെല്ലാം കൂടി ഒരു മീറ്ററിന് 1.60 രൂപ മാത്രമാണ് കെഎസ്ഇബി അധികമായി നൽകാൻ നിർദേശിക്കുന്നതെന്നും കണ്ണൻ പറഞ്ഞു.
ആർഎംഡി വന്നാൽ വൈദ്യുതി ബിൽ കൂടുമോ?
ആർഎംഡി നടപ്പാക്കുന്നതോടെ ഉപയോക്താക്കളുടെ വൈദ്യുതി ബില്ലിലും വർധനയുണ്ടാകുമെന്നാണ് മീറ്റർ റീഡർമാരുടെ നിലപാട്. എന്നാൽ ഇതുസംബന്ധിച്ച് കെഎസ്ഇബി വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്നും കണ്ണൻ ആരോപിച്ചു.
അതേസമയം, മീറ്റർ റീഡിങ് വൈകുന്നതും ഉപയോക്താക്കൾക്ക് അധിക നിരക്ക് വരാനുള്ള സാഹചര്യം സൃഷ്ടിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
സമരം വേഗത്തിൽ അവസാനിപ്പിച്ചില്ലെങ്കിൽ ദിവസങ്ങൾ പരിഗണിച്ച് റീഡിങ് ക്രമീകരിച്ച് ബിൽ നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
റീഡിങ് കൃത്യസമയത്ത് എടുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ നിലവിലുള്ള സംവിധാനമനുസരിച്ച് ബിൽ ക്രമീകരിക്കാൻ സാധിക്കും. അതല്ലാത്ത പക്ഷം ഉപയോക്താക്കൾക്ക് കൂടുതൽ തുക നൽകേണ്ടിവരാനുള്ള സാധ്യതയുണ്ടെന്നും കണ്ണൻ പറഞ്ഞു.
ഒരു ദിവസം എത്ര മീറ്റർ റീഡിങ് എടുക്കും?
മീറ്റർ റീഡർമാർ ദിവസേന എടുക്കുന്ന റീഡിങ്ങിന്റെ എണ്ണം ജോലി ചെയ്യുന്ന പ്രദേശത്തെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. നഗരപ്രദേശങ്ങളിൽ വീടുകൾ അടുത്തടുത്തായതിനാൽ ഒരു ദിവസം 180 മീറ്റർ വരെ റീഡിങ് എടുക്കാറുണ്ട്.
എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ചിലയിടങ്ങളിൽ 40 മീറ്റർ വരെ മാത്രമാണ് ഒരു ദിവസം പരിശോധിക്കാൻ കഴിയുന്നത്. അതിനാൽ ഗ്രാമങ്ങളിലും നഗരങ്ങളിലും റീഡിങ്ങിന് ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ടെന്നും സമരസമിതി പറയുന്നു.
നിലവിൽ ഒരു റീഡിങ്ങിന് 5 മുതൽ 13 രൂപ വരെയാണ് ലഭിക്കുന്നത്. ഇത് 50 ശതമാനം വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ആർഎംഡിക്ക് 20 രൂപയും ടിഒഡിക്ക് 5 രൂപയും സോളാർ ടിഒഡിക്ക് 50 ശതമാനം വർധനയും വേണമെന്നാണ് മീറ്റർ റീഡർമാരുടെ ആവശ്യം.
ആർഎംഡി കൂടി റീഡിങ്ങിന്റെ ഭാഗമാക്കിയാൽ നിലവിൽ ദിവസം 180 മീറ്റർ പരിശോധിക്കുന്ന ജീവനക്കാരന് 40 മീറ്റർ വരെ മാത്രമേ പരിശോധിക്കാൻ കഴിയൂവെന്നും ഇതോടെ ജോലിഭാരം വലിയ തോതിൽ വർധിക്കുമെന്നും കണ്ണൻ പറഞ്ഞു.
കെഎസ്ഇബിയിലെ മീറ്റർ റീഡർമാർ കരാർ ജീവനക്കാരോ?
കെഎസ്ഇബിയിൽ മീറ്റർ റീഡിങ് നടത്തുന്നവരിൽ ഭൂരിഭാഗവും കരാർ ജീവനക്കാരാണെന്ന് സമരസമിതി പറയുന്നു. സ്ഥിരം ജീവനക്കാർ ഏകദേശം 20 ശതമാനം മാത്രമാണ്.
2,700-ലേറെ കരാർ ജീവനക്കാരാണ് നിലവിൽ മീറ്റർ റീഡിങ് ജോലി ചെയ്യുന്നതെന്നും കണ്ണൻ വ്യക്തമാക്കി.ചർച്ചയ്ക്ക് കെഎസ്ഇബി തയ്യാറാകുന്നില്ലെന്ന് ആരോപണംസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിട്ടും അധികൃതർ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നാണ് സമരസമിതിയുടെ ആരോപണം.
സമരത്തോട് കെഎസ്ഇബി മുഖംതിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്നും കണ്ണൻ പറഞ്ഞു.കരാർ ജീവനക്കാരോട് മീറ്റർ റീഡിങ് ഉപകരണങ്ങൾ തിരിച്ചേൽപ്പിക്കാൻ കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിൽ ഭൂരിഭാഗം ജീവനക്കാരും ഉപകരണങ്ങൾ തിരിച്ചുനൽകിയതായും അദ്ദേഹം പറഞ്ഞു.മീറ്റർ റീഡിങ്ങിനിടെ ജീവനക്കാർക്ക് നായയുടെയും പാമ്പിന്റെയും കടിയേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. കൂടാതെ ചില മീറ്ററുകളിൽ തൊടുമ്പോൾ വൈദ്യുതാഘാതമേൽക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ടെന്ന് കണ്ണൻ പറഞ്ഞു.
ഇത്തരം സാഹചര്യങ്ങൾക്കിടയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാന്യമായ വേതനം നൽകാൻ കെഎസ്ഇബി തയ്യാറാകണമെന്നാണ് സമരസമിതിയുടെ ആവശ്യം.
English summary:KSEB meter readers in Kerala have entered the fifth day of an indefinite strike, raising demands for wage revision and opposing the inclusion of RMD calculations in regular meter reading. The All Kerala Meter Readers Collective says wages have not been increased for five years and that RMD will significantly increase workload and the possibility of billing errors. The workers also warn that prolonged delays in meter reading could affect consumers if billing adjustments are not properly handled.
