facebook

അമൂല്യവസ്തുക്കൾ കാണാതായെന്ന ഡിജിപിയുടെ റിപ്പോർട്ട് അടിസ്ഥാനരഹിതം; പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി പോലീസിനെതിരെ രംഗത്ത്

2 Min Read

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും അമൂല്യ വസ്തുക്കൾ കാണാതായെന്നുമുള്ള പോലീസ് റിപ്പോർട്ട് ക്ഷേത്രഭരണസമിതി തള്ളി. ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ളതോ അമൂല്യമായതോ ആയ ഒരു വസ്തുവും നഷ്ടപ്പെട്ടിട്ടില്ലെന്നും നേരിട്ട് പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം ഉറപ്പാക്കിയതെന്നും ഭരണസമിതി അറിയിച്ചു.

സുരക്ഷാ വീഴ്ച സംബന്ധിച്ച് പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ സംസ്ഥാന സർക്കാരിന് കത്ത് നൽകാനാണ് ഭരണസമിതിയുടെ തീരുമാനം. റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഭരണസമിതിയുടെ നിലപാട്.

അതേസമയം, ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെയും അമൂല്യ വസ്തുക്കൾ കാണാതായെന്ന ആരോപണങ്ങളെയും കുറിച്ച് സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് മന്ത്രിക്ക് കൈമാറും. രാജ്യത്തെ ഏറ്റവും സമ്പന്നവും അതീവ സുരക്ഷയുള്ളതുമായ, കോടതിയുടെ മേൽനോട്ടത്തിലുള്ള ക്ഷേത്രത്തിൽ നിന്ന് അമൂല്യ വസ്തുക്കൾ നഷ്ടമായെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നാണ് വിവരം.

അറ്റകുറ്റപ്പണികൾക്കായി പുറത്തേക്ക് കൊണ്ടുപോകുന്ന ചില അമൂല്യ വസ്തുക്കൾ കാണാതാകുന്നതായും ചിലത് യഥാസ്ഥാനത്ത് തിരികെ എത്തുന്നില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. നിലവിൽ എസ്പിയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല.

കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് തയ്യാറാക്കിയത്. രാജകുടുംബാംഗമായ ആദിത്യ വർമയുമായി ബന്ധമുള്ള ചിലർക്ക് രാജകുടുംബത്തിനുള്ള പ്രത്യേക പ്രവേശന കവാടം വഴി പരിശോധനകളില്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുന്നുവെന്ന വിവരവും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

English Summary:

The administrative committee of Sree Padmanabhaswamy Temple has rejected a police report alleging security lapses and the disappearance of valuable items from the temple. The committee stated that no precious objects are missing and that a direct inspection confirmed this. Meanwhile, a report submitted by the DGP highlighting security concerns and alleged irregularities is expected to be reviewed by the state government. Intelligence findings reportedly mention unauthorized access through a special entrance linked to members associated with the royal family.

Share This Article