എൽ.കെ.ജിയിൽ ചേർത്തത് ഈ വർഷം, സ്കൂളിൽ പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ മരണം; കണ്ണൂരിനെ കണ്ണീരിലാഴ്ത്തി കുഞ്ഞു തഷ്‌റീഫയുടെ വേർപാട്

1 Min Read
1 Min Read

കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം സ്കൂട്ടറിലിരിക്കുകയായിരുന്ന നാലുവയസ്സുകാരി ഗുഡ്‌സ് വാഹനം ഇടിച്ച് മരിച്ചു. കുറ്റിയാട്ടൂർ പാവന്നൂർ കടവ് പള്ളിക്ക് സമീപം വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു ദാരുണ അപകടം.

കുറ്റിക്കുന്നുമ്മൽ പി.കെ. മുഹമ്മദ് സാജിദ് – എം.കെ. മൈമൂനത്ത് ദമ്പതികളുടെ മകൾ തഷ്‌റീഫ (4) ആണ് മരിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലിരിക്കെ അമിതവേഗത്തിൽ എത്തിയ ഗുഡ്‌സ് വാഹനം ഇടിച്ചുകയറിയതായാണ് നാട്ടുകാർ പറയുന്നത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തഷ്‌റീഫയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മാതാപിതാക്കളായ സാജിദും മൈമൂനത്തും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പാവന്നൂർ എ.എൽ.പി സ്കൂളിൽ ഈ വർഷം എൽ.കെ.ജി വിദ്യാർത്ഥിനിയായി തഷ്‌റീഫയെ ചേർത്തിരുന്നു. സ്കൂളിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയ അപകടം സംഭവിച്ചത്.

English Summary:

A four-year-old girl, Tashreefa, died after a speeding goods vehicle crashed into a scooter parked by the roadside at Pavannur in Kannur. She was with her parents when the accident occurred. Though rushed to hospital, her life could not be saved. Her parents were injured and are undergoing treatment. Tashreefa had recently been admitted to LKG and was preparing to start school.

Share This Article