തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷത്തിന്റെ മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യങ്ങൾ നിലവിലുണ്ടെന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അടുത്ത രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലുകളുടെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മേഖലയിലേക്കും ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവർഷം മുന്നേറാൻ അനുകൂല സാഹചര്യം നിലനിൽക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന് പുറമേ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്നാട് തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും മധ്യ-കിഴക്കൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മൂന്നാമത്തെ ചക്രവാതച്ചുഴിയും സജീവമാണ്.
ഈ സാഹചര്യങ്ങളുടെ സ്വാധീനഫലമായി മേയ് 29, 31, ജൂൺ 1, 2 തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മേയ് 29 മുതൽ ജൂൺ 2 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴ ലഭിക്കാനിടയുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നാല് ജില്ലകളിൽ വീതം ശക്തമായ മഴ മുന്നറിയിപ്പ് തുടരുകയും ചെയ്യും.
English Summary:
The India Meteorological Department (IMD) has indicated that the southwest monsoon may reach Kerala within the next two days. Three cyclonic circulations over the Arabian Sea and Bay of Bengal are influencing weather conditions, leading to widespread rainfall. Yellow alerts have been issued in nine districts today, with chances of heavy rain, thunderstorms, and strong winds up to 50 kmph across Kerala, Mahe, and Lakshadweep.
