facebook

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് പഴയിടം രുചി; കോഴിക്കോട് ഒരുങ്ങുന്നത് രണ്ട് അടുക്കളകൾ

2 Min Read

കോഴിക്കോട് : സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ കായികതാരങ്ങൾക്കായി രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണം ഒരുക്കുന്നത് പ്രമുഖ പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയാണ്.

ചിക്കനും ബീഫും പാലും പഴവും മുട്ടയുമടങ്ങിയ വിഭവങ്ങളാണ് ഇത്തവണ താരങ്ങൾക്കായി ഒരുക്കുന്നത്. മത്സരവേദികളിലെത്തുന്ന കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ അതാതു വേദികളിൽ ഭക്ഷണം എത്തിച്ചു നൽകാൻ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.​

പി.കെ. അരവിന്ദൻ അധ്യക്ഷനായുള്ള ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നത്. ആകെ 10 വേദികളിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്.

ഭക്ഷണശാലകൾ പ്രവർത്തിക്കുന്ന എൻഐടിയും കൊടിയത്തൂർ പിടിഎമ്മും ഒഴികെയുള്ള എട്ട് വേദികളിലേക്കും എൻഐടിയിലെ പ്രധാന അടുക്കളയിൽ നിന്ന് പ്രത്യേക വാഹനങ്ങളിലാണ് ഭക്ഷണം എത്തിക്കുന്നത്.

​പ്രധാന അടുക്കളയും പാചകശാലകളും​

ചാത്തമംഗലം പന്ത്രണ്ടിലെ എൻഐടിയുടെ പുതിയ സ്പോർട്സ് അരീനയിലാണ് പ്രധാന അടുക്കളയും ഭക്ഷണപ്പുരയും ഒരുക്കിയിരിക്കുന്നത്. കൊടിയത്തൂർ പിടിഎം എച്ച്എസ്എസ്സിലാണ് രണ്ടാമത്തെ പാചകശാല പ്രവർത്തിക്കുന്നത്.

എൻഐടി മൈതാനത്ത് 12000 ചതുരശ്ര അടിയുള്ള വലിയ പാചകശാലയുടെ നിർമാണ ജോലികൾ അവസാനഘട്ടത്തിലാണ്.ഭക്ഷണശാലയിൽ ഒരുനേരം ശരാശരി 15,000 പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം എന്നിവയ്ക്ക് പുറമെ ഇടനേരങ്ങളിൽ സംഘാടകർക്കും റഫറിമാർക്കും ചായയും ചെറുകടികളും എത്തിച്ചു നൽകും.

പാചകശാലകളുടെ നിർമാണ പുരോഗതി വിലയിരുത്താൻ പഴയിടം മോഹനൻ നമ്പൂതിരിയും മകൻ യദു പഴയിടവും അടങ്ങുന്ന സംഘം എൻഐടി മൈതാനം സന്ദർശിച്ചിരുന്നു.​

കായികതാരങ്ങൾക്കായുള്ള പ്രത്യേക ക്രമീകരണങ്ങൾ​

കായികതാരങ്ങൾക്ക് രാവിലെ ഭക്ഷണത്തിനൊപ്പം പാലും മുട്ടയും രാത്രി ഭക്ഷണത്തിനൊപ്പം കട്ട് ഫ്രൂട്‌സും നൽകുന്നതാണ് പതിവ് രീതി. ഇത്തവണയും മത്സരവേദികളിൽ ഈ ക്രമീകരണം കർശനമായി പാലിച്ചായിരിക്കും ഭക്ഷണം വിതരണം ചെയ്യുന്നത്.

അതത് വേദികളിൽ തന്നെ താരങ്ങൾക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.​രണ്ടു വർഷം മുൻപ് കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനും പഴയിടം മോഹനൻ നമ്പൂതിരിയായിരുന്നു ഭക്ഷണമൊരുക്കിയത്.

എൻഐടിയിലെ പ്രധാന പാചകശാലയുടെ അവസാനവട്ട മിനുക്കുപണികൾ പൂർത്തിയാകുന്നതോടെ മേളയ്ക്കുള്ള ഭക്ഷണ ഒരുക്കങ്ങൾ പൂർണ്ണതോതിലാകും.

English Summary​: Pazhayidom Mohanan Namboothiri will helm the catering for the upcoming state school sports meet in Kozhikode, ensuring nutritious meals including chicken, beef, milk, and fruits for the athletes. Two large kitchens are being set up at the NIT sports arena and Kodiyathur PTM HSS to serve around 15,000 people per meal. Special transport vehicles have also been arranged to deliver fresh food directly to all eight competition venues outside the kitchen locations.

Share This Article