തിരുവനന്തപുരം: തിരുവനന്തപുരം പേയാട് കാവടിക്കടവിൽ നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ സുജിത്തിന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
ഇന്നലെ കുളിക്കാനായി നദിയിലിറങ്ങിയപ്പോഴാണ് സുജിത് ഒഴുക്കിൽപ്പെട്ടത്. കാണാതായ സ്ഥലത്ത് നിന്ന് താഴെയായി മുളയിൽ തങ്ങി വെള്ളത്തിനടിയിൽ മുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം സ്കൂബ ടീമും കാട്ടാക്കട അഗ്നിരക്ഷാസേനയും ചേർന്നാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കിൽപ്പെട്ടിരുന്നെങ്കിലും നാട്ടുകാരുടെ ഇടപെടലിൽ രക്ഷപ്പെടുകയായിരുന്നു. മൂന്ന് സഹപ്രവർത്തകർക്കൊപ്പമാണ് സുജിത് കാവടിക്കടവിൽ എത്തിയത്. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് നീരൊഴുക്ക് ശക്തമായിരുന്നു.
നിരവധി അപകടങ്ങൾ നടന്നിട്ടുള്ള കാവടിക്കടവിൽ ഇന്നലെ നടത്തിയ തെരച്ചിലിൽ സുജിത്തിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ ഏകദേശം പത്ത് അടി താഴ്ചയിലായിരുന്നു മൃതദേഹമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
തിരുമല പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരായ അഭിജിത്, ബ്രിട്ടോ, ശ്രീയേഷ്, സുജിത് എന്നിവർ വിശ്രമവേളയിൽ വിനോദത്തിനായി കാവടിക്കടവിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. വിളപ്പിൽശാല പോലീസും അഗ്നിരക്ഷാസേനയും പ്രത്യേക സ്കൂബ സംഘവും ചേർന്ന് ഇന്നലെ മുതൽ തിരച്ചിൽ നടത്തിവരികയായിരുന്നു.
English Summary:
The body of Army personnel Sujith, a native of Kozhikode, was recovered from the river at Kavadikkadavu in Peyad, Thiruvananthapuram, after he went missing in strong currents while bathing. A joint operation by the scuba team and Fire Force recovered the body after hours of search. Another soldier who was caught in the current was rescued by locals. The incident occurred while four soldiers from Pangode Military Camp were spending their leisure time at the spot.
