facebook

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാന തട്ടിപ്പ്;  കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്

2 Min Read

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ സർക്കാർ. കേസിൽ അന്വേഷണം നടത്തുന്നതിനുള്ള സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് വിവരം. 

മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാനുള്ള അനുമതി ഉത്തരവ് ലഭിച്ചാൽ പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

മുൻ മന്ത്രിക്കൊപ്പം കൂടുതൽ പേരും പ്രതിപ്പട്ടികയിലേക്ക്

മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി സത്യവാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും അന്വേഷണസംഘം റിപ്പോർട്ട് നൽകുകയെന്നാണ് പുറത്തുവരുന്ന വിവരം.

നിലവിൽ മുൻ മന്ത്രി അബ്ദുറഹ്മാൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ എന്നിവരടക്കം നാല് പേരാണ് കേസിലെ പ്രതികൾ. കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം

മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

അർജന്റീന ഫുട്ബോൾ അസോസിയേഷനിൽനിന്നും വിവരങ്ങൾ തേടാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളായിരിക്കും പ്രധാനമായും പരിശോധിക്കുക.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചശേഷം കൂടുതൽ ചോദ്യം ചെയ്യലുകൾ നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും വ്യാഴാഴ്ച ഗവർണർ അനുമതി നൽകിയിരുന്നു.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലെന്ന് റിപ്പോർട്ടിൽ പറയുന്നു.

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ അനുമതി തേടിയത്. ഇതുമായി ബന്ധപ്പെട്ട ഫയലിനാണ് ഗവർണർ അംഗീകാരം നൽകിയത്.

English Summary:

The Kerala government is moving to expand the investigation into the alleged financial fraud linked to promises of bringing Lionel Messi and the Argentina football team to the state. Former Sports Minister V. Abdurahiman may be added to the accused list following the Governor’s sanction for prosecution under the Prevention of Corruption Act. The SIT is also examining financial transactions involving institutions that funded the proposed event and may seek information from the Argentina Football Association.

Share This Article