കൊച്ചി: സമരത്തെത്തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികളോട് മാപ്പ് പറയണമെന്ന നിലപാടിൽ ഉറച്ച് കാലടി സർവകലാശാല. സസ്പെൻഷൻ പിൻവലിക്കണമെങ്കിൽ വിദ്യാർഥികൾ രേഖാമൂലം മാപ്പ് നൽകണമെന്ന നിലപാടാണ് കേരള ഹൈക്കോടതിയിൽ സർവകലാശാല ആവർത്തിച്ചത്.
എന്നാൽ 60 ദിവസം സസ്പെൻഷൻ അനുഭവിക്കുകയും സെമസ്റ്റർ പരീക്ഷകൾ നഷ്ടപ്പെടുകയും ചെയ്ത വിദ്യാർഥികളോട് വീണ്ടും മാപ്പ് ആവശ്യപ്പെടുന്നതിനെ കോടതി ചോദ്യം ചെയ്തു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് വാദത്തിനിടെ സർവകലാശാലയുടെ നിലപാടിൽ സംശയമുന്നയിച്ചത്.
സസ്പെൻഷനിലേക്ക് നയിച്ച സമരം
2026 ഓഗസ്റ്റിലാണ് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളക്ഷാമം, അധ്യാപക ഒഴിവുകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ ക്യാംപസിൽ പ്രതിഷേധിച്ചത്.
വൈസ് ചാൻസലർ സീസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാര ഘോഷയാത്ര നടത്തിയെന്നും അവരെ കയ്യേറ്റം ചെയ്തെന്നും വാഹനത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിച്ചെന്നുമായിരുന്നു സർവകലാശാലയുടെ ആരോപണം.
ഇതിനെത്തുടർന്ന് 16 വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തു. എന്നാൽ ആരോപണങ്ങൾ വിദ്യാർഥികൾ നിഷേധിച്ചു.
പ്രവർത്തനരഹിതമായ സ്റ്റേജ് ലൈറ്റുകളെ പ്രതീകാത്മകമായി സംസ്കരിക്കുന്ന തെരുവുനാടകമാണ് അവതരിപ്പിച്ചതെന്നായിരുന്നു അവരുടെ വിശദീകരണം.
മാപ്പ് പറയണമെന്ന നിബന്ധന തള്ളി വിദ്യാർഥികൾ
നവംബർ ആദ്യവാരത്തിൽ ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം 12 വിദ്യാർഥികളുടെ സസ്പെൻഷൻ രേഖാമൂലം മാപ്പ് നൽകണമെന്ന വ്യവസ്ഥയിൽ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു.
മറ്റ് നാല് വിദ്യാർഥികളുടെ സസ്പെൻഷൻ അന്വേഷണത്തിന്റെ ഭാഗമായി രണ്ടുമാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.
മാപ്പ് നൽകുന്നത് ഉന്നയിക്കാത്ത കുറ്റങ്ങൾ സമ്മതിക്കുന്നതിന് തുല്യമാകുമെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഈ നിർദേശം തള്ളി. തുടർന്ന് ക്യാംപസിൽ അനിശ്ചിതകാല നിരാഹാരസമരവും ആരംഭിച്ചു.
സർവകലാശാലയുടെ നിലപാടിനെ ചോദ്യം ചെയ്ത് കോടതി
വിദ്യാർഥികളുടെ ഹർജി പരിഗണിക്കവെയാണ് സസ്പെൻഷൻ പിൻവലിക്കാൻ മാപ്പ് നിർബന്ധമാക്കുന്നതിനെ ഹൈക്കോടതി ചോദ്യം ചെയ്തത്. 60 ദിവസത്തെ സസ്പെൻഷൻ വിദ്യാർഥികൾ ഇതിനകം അനുഭവിച്ചെന്നും സെമസ്റ്റർ പരീക്ഷകൾ നഷ്ടപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ടുമാസം ക്യാംപസിൽനിന്ന് മാറ്റിനിർത്തിയത് മതിയായ ശിക്ഷയല്ലേയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാദത്തിനിടെ ചോദിച്ചു.അതേസമയം, അച്ചടക്കനടപടിയെ സർവകലാശാല കോടതിയിൽ ന്യായീകരിച്ചു. വിദ്യാർഥികൾ മാപ്പ് നൽകാതെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടും ആവർത്തിച്ചു.
പ്രത്യേക പരീക്ഷ നടത്തുമെന്ന് ഉറപ്പ്
വിദ്യാർഥികൾക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടായാൽ പ്രത്യേക പരീക്ഷ നടത്തുമെന്ന് സർവകലാശാല കോടതിയെ അറിയിച്ചു.
നേരത്തെയുള്ള സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉറപ്പ്.വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി നവംബർ 13-ന് വീണ്ടും വാദം കേൾക്കും.
English Summary : Sree Sankaracharya University of Sanskrit, Kalady, maintained before the Kerala High Court that the suspension of protesting students would be revoked only if they submitted written apologies. Justice P.V. Kunhikrishnan questioned the university’s insistence, noting that the students had already undergone 60 days of suspension and missed their semester examinations. The university assured the court that special examinations would be conducted if the ruling favoured the students. The hearing will continue on November 13, 2026.
