കൊച്ചി: സ്കൂൾ വിദ്യാർഥികൾക്ക് വ്യക്തിഗത പഠനസഹായവും അക്കാദമിക് മാർഗനിർദേശവും നൽകുന്നതിനായി എംബിബിഎസ് വിദ്യാർഥികൾ ഒരുക്കിയ ‘എംഷിപ്പ് മെന്റേഴ്സ്’ (MSHIP Mentors) ഓൺലൈൻ മെന്റർഷിപ്പ് ആപ്പ് പ്രവർത്തനം ആരംഭിച്ചു.
മുതിർന്ന വിദ്യാർഥികൾ താഴ്ന്ന ക്ലാസുകളിലെ കുട്ടികൾക്ക് ട്യൂഷൻ നൽകുന്ന രീതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംരംഭത്തിന് തുടക്കമിട്ടത്
എംബിബിഎസ് വിദ്യാർഥികളായ അഭിനവ് തമ്പാൻ, അദീലാ റഷീദ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദ വിദ്യാർഥിയായ അഭിജിത്ത് എന്നിവർ ചേർന്നാണ് ആപ്പ് വികസിപ്പിച്ചത്.
ഐഐടി, എൻഐടി, മെഡിക്കൽ വിദ്യാർഥികൾ മെന്റർമാർ
ഐഐടി, എൻഐടി, മെഡിക്കൽ വിദ്യാർഥികളാണ് ആപ്പിലൂടെ സ്കൂൾ കുട്ടികൾക്ക് മെന്റർമാരായി പ്രവർത്തിക്കുന്നത്. നിലവിൽ ആറു മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സേവനം ലഭിക്കുക.
വൈകാതെ ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
വ്യക്തിഗത പഠനസഹായവും പുരോഗതി വിലയിരുത്തലും
വിദ്യാർഥികൾക്ക് സ്വന്തം പഠനവേഗത്തിനനുസരിച്ച് സംശയങ്ങൾ ചോദിച്ചറിയാനും പഠിക്കാനും ആപ്പിൽ സൗകര്യമുണ്ട്. അധ്യാപകരുമായി നേരിട്ട് സംവദിക്കാവുന്ന വൺ-ഓൺ-വൺ ക്ലാസുകളും (One-on-One Classes) ലഭിക്കും.
കുട്ടികളുടെ അക്കാദമിക് പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്താൻ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുന്നതിനായി പ്രത്യേക കോൺടാക്റ്റ് വ്യക്തിയെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം, യുവ മെന്റർമാർക്ക് പഠനത്തോടൊപ്പം പാർട്ട് ടൈം വരുമാനം നേടാനുള്ള അവസരവും സംരംഭം ഒരുക്കുന്നു.
ഡോ. അജയ്യ കുമാറിന്റെ പിന്തുണ
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ഡോ. അജയ്യ കുമാറിന്റെ പിന്തുണയോടെയാണ് എംഷിപ്പ് പ്രവർത്തിക്കുന്നത്.
‘Being Ajayya’ എന്ന സംരംഭത്തിലൂടെയാണ് അദ്ദേഹം പദ്ധതിക്ക് പിന്തുണ നൽകുന്നത്. സംരംഭത്തിന് മാർഗനിർദേശം നൽകിയതിനൊപ്പം നിക്ഷേപവും നടത്തിയിട്ടുണ്ട്.
“കൃത്രിമബുദ്ധിക്കും പാഠഭാഗങ്ങൾ വിശദീകരിക്കാൻ കഴിയും, എന്നാൽ ഒരു കുട്ടിയുടെ ആത്മവിശ്വാസം വളർത്താൻ മനുഷ്യബന്ധങ്ങൾക്കും മെന്ററുടെ കരുതലിനും മാത്രമേ സാധിക്കൂ”, എന്ന് ഡോ. അജയ്യ കുമാർ വ്യക്തമാക്കി.
English Summary : MSHIP Mentors, an online academic mentorship app developed by MBBS students Abhinav Thampan, Adeela Rasheed and business administration student Abhijith, has started operations. IIT, NIT and medical students will mentor school students, initially covering Classes 6 to 10. The initiative also provides one-on-one classes, academic progress updates for parents and part-time earning opportunities for young mentors
