facebook

കുളത്തിൽ മുങ്ങിത്താഴ്ന്ന കുഞ്ഞിനെ രക്ഷിച്ചു; കാർത്തിക്കിന് ഉജ്ജ്വല ബാല്യം പുരസ്‌കാരം

2 Min Read

തളിപ്പറമ്പ്: വിവാഹച്ചടങ്ങിനിടെ കുളത്തിൽ വീണ് മുങ്ങിത്താഴ്ന്ന കൊച്ചുകുട്ടിയെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥി എസ്. കാർത്തിക്കിന് ഉജ്ജ്വല ബാല്യം പുരസ്‌കാരം. തളിപ്പറമ്പ് പുഷ്പഗിരി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയും കൂവേരി കൊട്ടക്കാനം സ്വദേശികളായ കെ.വി. സജിത്തിന്റെയും ജി. പ്രിയയുടെയും മകനുമാണ് കാർത്തിക്.

നിലവിളി കേട്ടയുടൻ കുളത്തിലേക്ക് ചാടി

കരുവഞ്ചാലിന് സമീപത്തെ ഓഡിറ്റോറിയത്തിൽ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കാർത്തിക്. ഭക്ഷണം കഴിച്ചശേഷം ഏതാനും കുട്ടികൾ ഓഡിറ്റോറിയത്തിന് സമീപത്തെ നീന്തൽക്കുളത്തിനടുത്ത് കളിക്കുകയായിരുന്നു.

അതിനിടെ ഒരു കുട്ടി കാൽതെറ്റി കുളത്തിലേക്ക് വീണു. വെള്ളത്തിൽ എന്തോ ശക്തമായി വീഴുന്ന ശബ്ദവും കുട്ടികളുടെ നിലവിളിയും കേട്ട കാർത്തിക് ഉടൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തി.

അമ്മയുടെ ഫോണിൽ ചിത്രങ്ങൾ പകർത്തുകയായിരുന്ന കാർത്തിക് കൈയിലുണ്ടായിരുന്ന ഫോൺ കൂടെയുണ്ടായിരുന്നവർക്ക് കൈമാറിയശേഷം കുളത്തിലേക്ക് എടുത്തുചാടി.

വെള്ളത്തിനടിയിലേക്ക് താഴ്ന്ന കുട്ടിയെ രക്ഷിച്ചു

കാർത്തിക് കുളത്തിലെത്തുമ്പോഴേക്കും കുട്ടി വെള്ളത്തിനടിയിലേക്ക് താഴ്ന്നിരുന്നു. മുങ്ങിച്ചെന്ന് കുട്ടിയെ കൈയിലെടുത്ത് വെള്ളത്തിന് മുകളിലേക്ക് ഉയർത്തി കരയിലെത്തിച്ചു.

അപ്പോഴേക്കും നിരവധി പേർ കുളത്തിന് സമീപം എത്തിയിരുന്നു. അവർ കുട്ടിയെ ഏറ്റുവാങ്ങി ഉടൻ ആശുപത്രിയിലെത്തിച്ചു. സമയത്ത് രക്ഷപ്പെടുത്താൻ കഴിഞ്ഞതിനാൽ കുട്ടി വെള്ളം കുടിച്ചതല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായില്ലെന്നാണ് റിപ്പോർട്ട്.

കൂവേരി പുഴയോരത്ത് താമസിക്കുന്നതിനാൽ കാർത്തിക്കിന് നീന്തൽ അറിയാമായിരുന്നു. ഈ പരിചയവും രക്ഷാപ്രവർത്തനത്തിൽ നിർണായകമായി.

രക്ഷിച്ചത് സ്വന്തം സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയെ

സംഭവങ്ങളെല്ലാം കഴിഞ്ഞ ശേഷമാണ് കാർത്തിക് രക്ഷിച്ചത് താൻ പഠിക്കുന്ന സെന്റ് ജോസഫ്സ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയായ ശിവദത്തിനെയാണെന്ന് തിരിച്ചറിഞ്ഞത്. കാർത്തിക്കിനൊപ്പം വാഹനത്തിൽ സ്കൂളിലേക്ക് വരാറുള്ള കുട്ടിയാണ് ശിവദത്ത്. ശിവദത്തും കുടുംബത്തോടൊപ്പമാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

കാർത്തിക്കിന്റെ അമ്മയും ബന്ധുക്കളും ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു. അവർ തിരിച്ചെത്തുമ്പോഴേക്കും രക്ഷാപ്രവർത്തനം പൂർത്തിയായിരുന്നു.

സ്കൂളിലും നാട്ടിലും അഭിനന്ദനങ്ങൾ

സംഭവത്തെക്കുറിച്ച് കാർത്തിക് ആദ്യം നാട്ടിൽ അധികമാരോടും പറഞ്ഞിരുന്നില്ല. സ്കൂളിൽ ശിവദത്താണ് തന്നെ രക്ഷിച്ചത് കാർത്തിക്കാണെന്ന് അധ്യാപികയോട് പറഞ്ഞത്. തുടർന്ന് സ്കൗട്ട് യൂണിറ്റ് അംഗമായ കാർത്തിക്കിനെ സ്കൗട്ട് അധികൃതർ അനുമോദിച്ചു.

പിന്നാലെ നാട്ടിലെ വായനശാലയും വിവിധ ക്ലബ്ബുകളും അഭിനന്ദനങ്ങളുമായി എത്തി. ഇപ്പോൾ വിമുക്ത സൈനികനായ പിതാവ് സജിത്ത് മംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. അനുജത്തി കീർത്തനയും കാർത്തിക്കിനൊപ്പം അതേ സ്കൂളിലാണ് പഠിക്കുന്നത്.

English Summary:

S. Karthik, a Class 10 student from Taliparamba, has been selected for the Ujjwala Balyam Award for rescuing an LKG student who fell into a swimming pool during a wedding function. Karthik jumped into the pool and brought the child, identified as Shivadath, safely to shore. His swimming skills helped him carry out the rescue.

Share This Article