facebook

മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് ഇനി പുതിയ പേര്; സർക്കാർ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു

3 Min Read

കൊച്ചി: സംസ്ഥാനത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ പേര് നൽകാൻ സർക്കാർ തീരുമാനിച്ചതായി ഹൈക്കോടതിയെ അറിയിച്ചു.

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രധാന മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് ‘റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹാപ്പിനസ് ആൻഡ് വെൽനസ്’ (Regional Institute for Happiness and Wellness) എന്ന പേര് നൽകും.

ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് അഡ്വക്കറ്റ് ജനറൽ കെ. ജാജു ബാബു ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നേരത്തെ ഈ സ്ഥാപനങ്ങൾക്ക് ‘ഹാപ്പിനസ് ആൻഡ് വെൽനസ് സെന്ററുകൾ’ എന്ന പേര് നൽകാനായിരുന്നു സർക്കാർ നിർദേശം.

എതിർപ്പിന് പിന്നാലെ പേര് മാറ്റി

സർക്കാർ നിർദേശിച്ച പേരിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും എതിർപ്പ് അറിയിച്ചിരുന്നു. തുടർന്ന് ബന്ധപ്പെട്ട സംഘടനകളുമായി സർക്കാർ ചർച്ച നടത്തി ആശങ്കകൾ പരിഹരിച്ചതിന് ശേഷമാണ് പുതിയ പേര് അന്തിമമാക്കിയത്.

അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ പേരുമാറ്റം സംബന്ധിച്ച സർക്കാർ ഉത്തരവ് കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എന്നാൽ പേര് മാറ്റുന്നതിൽ മാത്രം നടപടി ഒതുങ്ങരുതെന്നും സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന രീതികളും മെച്ചപ്പെടുത്തുകയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി.

നാല് വിഷയങ്ങളിൽ അടിയന്തര നടപടി

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലും നേരിട്ട് പരിശോധന നടത്തിയ ശേഷമാണ് കോടതി അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടിയത്.

സുരക്ഷാ മതിൽ നിർമിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, മരുന്നുകളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിന് ആവശ്യമായ വാഹനങ്ങൾ ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.

സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സുരക്ഷാ മതിലിന് നിർണായക പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിർമാണം വൈകുന്നതിൽ പ്രത്യേക ആശങ്കയും രേഖപ്പെടുത്തി.

മതിൽ നിർമാണം വൈകിയാൽ നടപടിയെന്ന് മുന്നറിയിപ്പ്

നിശ്ചിത സമയത്തിനുള്ളിൽ മതിൽ നിർമാണത്തിൽ പുരോഗതിയുണ്ടായില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, മരുന്ന് വിതരണം സുഗമമാക്കിയതായും ആവശ്യമായ വാഹനങ്ങൾ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വാങ്ങുമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.

മതിൽ നിർമാണവും വേഗത്തിൽ പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് സർക്കാർ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. പുതിയ ആരോഗ്യ സെക്രട്ടറിക്ക് ഫയലുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സമയം വേണമെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.

അടുത്ത ഹിയറിങ്ങിൽ റിപ്പോർട്ടുകൾ

മരുന്ന് വിതരണവും വാഹനങ്ങൾ വാങ്ങുന്നതുമായുള്ള പുരോഗതി അടുത്ത ഹിയറിങ്ങിൽ അറിയിക്കണം. മതിൽ നിർമാണവും ജീവനക്കാരുടെ നിയമനവും സംബന്ധിച്ച റിപ്പോർട്ട് തുടർന്നുവരുന്ന ചൊവ്വാഴ്ച സമർപ്പിക്കാനും കോടതി നിർദേശിച്ചു.

മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമം മുൻനിർത്തി 1996-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടരുന്ന ഹർജികളിലാണ് ഹൈക്കോടതി നടപടി സ്വീകരിക്കുന്നത്.

English Summary : The Kerala government has informed the High Court that government mental health centres in Thiruvananthapuram, Thrissur and Kozhikode will be renamed as Regional Institutes for Happiness and Wellness. The court also stressed that improving infrastructure and functioning is more important than merely changing the names.The High Court directed urgent action on boundary walls, staff shortages, uninterrupted medicine supply and vehicles for transporting food and essential supplies.

Share This Article