കൊടുങ്ങല്ലൂർ: വെളിച്ചെണ്ണ മൊത്തവ്യാപാരത്തിന്റെ പേരിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ.
കൊടുങ്ങല്ലൂർ ഭാരത് നഗർ ചെമ്പനേഴത്ത് വീട്ടിൽ സീന (50) ആണ് പിടിയിലായത്. നിക്ഷേപിക്കുന്ന പണത്തിന് ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി പണം കൈപ്പറ്റിയെന്നാണ് പരാതി.
ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈപ്പറ്റി
2025 ഫെബ്രുവരിയിലാണ് തട്ടിപ്പിനായി പ്രതി പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.
എസ്.എൻ. പുരത്തുള്ള ഗ്രീഷ്മ വെളിച്ചെണ്ണ കമ്പനിയിൽനിന്ന് മൊത്തവിലയ്ക്ക് എണ്ണ വാങ്ങി കടകളിൽ വിതരണം ചെയ്ത് കച്ചവടം നടത്തിയാൽ ലാഭമുണ്ടാകുമെന്ന് സീന വിശ്വസിപ്പിച്ചു.
ഇതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ പ്രഭൂസ് കോളജിന് സമീപം താമസിക്കുന്ന തലാപ്പിള്ളി സുനിതയിൽനിന്ന് പലപ്പോഴായി ആറര ലക്ഷം രൂപ പണമായി വാങ്ങിയെന്നാണ് ആരോപണം.
നാലുപേരിൽ നിന്നായി ലക്ഷങ്ങൾ
കൊടുങ്ങല്ലൂർ തെക്കേനടയിലെ പുതിയവീട്ടിൽ ഷബീനയിൽനിന്ന് പല തവണകളിലായി ഗൂഗിൾ പേ വഴിയും നേരിട്ടും 14 ലക്ഷം രൂപ കൈപ്പറ്റി.
സോൾവിനിൽനിന്ന് 7,15,000 രൂപയും ഷംല സിറാജിൽനിന്ന് 8.5 ലക്ഷം രൂപയും വാങ്ങിയതായും പരാതിയിലുണ്ട്.
എന്നാൽ, പണം തിരികെ നൽകിയില്ലെന്നാണ് ആരോപണം. ആദ്യഘട്ടത്തിൽ ചെറിയ തുകകൾ കൈപ്പറ്റിയ ശേഷം ലാഭവിഹിതമെന്ന പേരിൽ അതിൽനിന്ന് ചില തുകകൾ പരാതിക്കാർക്ക് തിരികെ നൽകി വിശ്വാസം നേടിയെടുക്കുകയായിരുന്നു.
പിന്നീട് കൂടുതൽ തുക നിക്ഷേപമായി സ്വീകരിച്ചെന്നാണ് പോലീസ് പറയുന്നത്.
കൂടുതൽ അന്വേഷണം തുടരുന്നു
പ്രതി ഇതിനുമുമ്പും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായ എബിൻ, സൈദ, സി.ആർ. പ്രദീപ്, ജി.എസ്.ഐ അസ്മാബി, ജി.എസ്.സി.പി.ഒ വികാസ്, സി.പി.ഒമാരായ ജിഷ, മജിത, വിഷ്ണു, ഷിനാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
English Summary: A 50-year-old woman from Kodungallur has been arrested in a case involving alleged fraud through promises of profits from wholesale coconut oil trading. Police say several people were cheated of lakhs of rupees.
