facebook

ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

2 Min Read

മലബാർ എക്സ്പ്രസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ആറ്റിങ്ങൽ സ്വദേശി വിജേഷിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയ യുവതിയോടാണ് യാത്രയ്ക്കിടെ ഇയാൾ മോശമായി പെരുമാറിയതെന്നാണ് പരാതി. യുവതി ബഹളം വച്ചതോടെ സഹയാത്രികർ ഇടപെട്ട് ഇയാളെ മാറ്റിനിർത്തി.

തുടർന്ന് പേട്ട റെയിൽവേ സ്റ്റേഷനിൽ വച്ച് വീണ്ടും യുവതിയെ സമീപിച്ച പ്രതി ആക്രമിച്ചെന്നും പരാതിയുണ്ട്.ട്രെയിനിൽ തിരക്കുണ്ടായിരുന്നതിനാൽ ബാഗ് മുന്നിൽ ചേർത്തുപിടിച്ചാണ് നിന്നിരുന്നതെന്ന് യുവതി പറഞ്ഞു.

ഇതിനിടെ പിന്നിൽനിന്ന് തള്ളുന്നതുപോലെയും മുഖത്ത് അമർത്തുന്നതുപോലെയും അനുഭവപ്പെട്ടു. ആദ്യം തിരക്കുമൂലമാകാമെന്നാണ് കരുതിയത്.

വീണ്ടും ആവർത്തിച്ചതോടെ തിരിഞ്ഞുനോക്കിയപ്പോഴാണ് ഇയാൾ മോശം ആംഗ്യങ്ങൾ കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്നും യുവതി പറഞ്ഞു.

സഹയാത്രികർ ഇടപെട്ടു

യുവതിയുടെ അടുത്തുണ്ടായിരുന്ന ഒരു യുവാവ് സംഭവത്തിൽ ഇടപെട്ടു. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് വിജേഷിന്റെ കോളറിൽ പിടിച്ച് മാറ്റിനിർത്തുകയായിരുന്നു.

തുടർന്ന് യുവതി ഒരു വശത്തേക്ക് മാറി നിന്നു.കഴക്കൂട്ടം എത്തിയപ്പോൾ തിരക്ക് കുറഞ്ഞെങ്കിലും വിജേഷ് മറ്റൊരു ഭാഗത്തുനിന്ന് കൈ കാണിച്ചുകൊണ്ടിരുന്നുവെന്നും യുവതി പറഞ്ഞു.

പേട്ട സ്റ്റേഷനിൽ ഇറങ്ങുന്നതിന് മുൻപ് തന്നെ ഇയാൾ ട്രെയിനിൽനിന്ന് ഇറങ്ങി. തുടർന്ന് പ്ലാറ്റ്ഫോമിൽവച്ച് വീണ്ടും യുവതിയുടെ അടുത്തെത്തി മോശമായി പെരുമാറിയെന്നാണ് പരാതി.

പൊലീസിൽ പറയുമെന്ന് പറഞ്ഞപ്പോൾ ആക്രമണം

സംഭവം പൊലീസിനോട് പറയുമെന്ന് യുവതി പറഞ്ഞതോടെ വിജേഷ് അസഭ്യം പറയുകയും മുഖത്ത് ഇടിക്കുകയും ചെയ്തെന്നാണ് പരാതി.

മുഖത്ത് കൈ ചുരുട്ടി ഇടിച്ചതിനെ തുടർന്ന് യുവതി പ്ലാറ്റ്ഫോമിൽ വീണു. തുടർന്ന് ചവിട്ടാൻ ഇയാൾ കാലുയർത്തിയെന്നും യുവതി പറഞ്ഞു.

ബഹളം കേട്ട് പ്ലാറ്റ്ഫോമിലുണ്ടായിരുന്നവർ ഓടിയെത്തി ഇയാളെ തടഞ്ഞു. ആക്രമണത്തെ തുടർന്ന് ബോധരഹിതയായ യുവതിക്ക് പിന്നീട് ഓർമ തിരിച്ചുകിട്ടുകയായിരുന്നു.

നാട്ടുകാർ ചേർന്ന് വിജേഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

‘ഓടുന്ന ട്രെയിനായിരുന്നെങ്കിൽ എന്താകുമായിരുന്നു’

ആക്രമണത്തെക്കുറിച്ച് യുവതി കണ്ണീരോടെ പ്രതികരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനായിരുന്നെങ്കിൽ തന്നെ പുറത്തേക്ക് വലിച്ചെറിയുമായിരുന്നുവെന്നും മറ്റൊരു സൗമ്യയായി മാറുമായിരുന്നുവെന്നും യുവതി പറഞ്ഞു.

“രാത്രിയിലോ അല്ലെങ്കിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനോ ആയിരുന്നെങ്കിൽ എന്താവും സംഭവിക്കുക. ട്രെയിൻ നിർത്തി പ്ലാറ്റ്ഫോമിൽ ആയതുകൊണ്ടാണ് ഇങ്ങനെ ആയത്,” എന്നും യുവതി പറഞ്ഞു.

സംഭവത്തിന് പിന്നാലെ യുവതി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വായ തുറക്കാൻ പോലും കഴിയാത്ത നിലയിലാണെന്നും ശരീരത്തിൽ വലിയ വേദനയുണ്ടെന്നും യുവതി പറഞ്ഞു. തുടർന്ന് പൊലീസിന് മൊഴി നൽകി പരാതി നൽകുകയായിരുന്നു.

English Summary : A railway police team arrested Vijeesh, a native of Attingal, following a complaint that he sexually harassed a young woman aboard the Malabar Express. The woman alleged that he later followed her at Petta railway station and assaulted her after she said she would inform the police. She was taken to the General Hospital for treatment and later gave her statement to the police.

Share This Article