കൊച്ചി: എ.ഡി.ജി.പി പി. വിജയനെതിരെ സമൂഹമാധ്യമത്തിൽ മോശം ഭാഷയിൽ കമന്റിട്ട കേസിൽ യുവാവിനെ എറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പറവൂർ കൈതാരം കോട്ടുവള്ളി പടന്നേൽപ്പറമ്പ് വീട്ടിൽ രാഹുൽ രാജു (28) ആണ് അറസ്റ്റിലായത്.
വീഡിയോയ്ക്ക് താഴെ കമന്റ്
ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ചയാളുടെ വീട്ടിലെത്തി മടങ്ങുന്ന എ.ഡി.ജി.പി പി. വിജയന്റെ വീഡിയോയ്ക്ക് താഴെയാണ് പ്രതി കമന്റിട്ടതെന്ന് പൊലീസ് അറിയിച്ചു. തെറ്റിദ്ധാരണയും വിദ്വേഷവും സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമർശമാണ് ഇയാൾ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരമാണ് സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് രാഹുൽ രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്വേഷണ സംഘത്തിൽ ഏഴുപേർ
സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ, എസ്.ഐ. സി.കെ. രാജേഷ്, എ.എസ്.ഐമാരായ ടി.എൻ. സ്വരാജ്, ജെറി കുര്യാക്കോസ്, സലാവുദ്ദീൻ, സീനിയർ സി.പി.ഒ. ടി.എ. ഷിബിൻ, സി.പി.ഒ. അരുൺരാജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
English Summary: Ernakulam Rural Cyber Crime Police arrested a 28-year-old man from North Paravur for allegedly posting an offensive comment targeting ADGP P. Vijayan on social media. His mobile phone was also seized.
