തിരുവനന്തപുരം: ഒരു കൃഷി യൂണിറ്റിൽ നിന്ന് 28 ദിവസത്തിലൊരിക്കൽ 64,000 രൂപ വരെ വരുമാനം നേടാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്ന പട്ടുനൂൽ കൃഷി കേരളത്തിൽ തകർച്ചയുടെ വക്കിൽ.
സബ്സിഡിയും സർക്കാർ പ്രോത്സാഹനങ്ങളും നിലച്ചതോടെ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം കുറഞ്ഞു.
നിലവിൽ പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് ഈ കൃഷി ശേഷിക്കുന്നത്. ഉൽപ്പാദിപ്പിക്കുന്ന കൊക്കൂൺ വിൽക്കാൻ പ്രാദേശിക വിപണികളില്ലാത്തതും കർഷകർക്ക് തിരിച്ചടിയാകുന്നു.
സബ്സിഡി നിലച്ചു; കർഷകർ പ്രതിസന്ധിയിൽ
പട്ടുനൂൽ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് മുതൽമുടക്കിന്റെ 50 ശതമാനം കേന്ദ്ര സർക്കാരും 25 ശതമാനം സംസ്ഥാന സർക്കാരും സബ്സിഡിയായി നൽകിയിരുന്നു.
എന്നാൽ, സബ്സിഡി ലഭിച്ചശേഷം കൃഷി പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ആനുകൂല്യം നിർത്തിയെന്നാണ് റിപ്പോർട്ട്.
മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം പുതിയ പദ്ധതികളോ വിപണന സംവിധാനങ്ങളോ കാര്യമായി നടപ്പാക്കിയില്ല.
ഇതോടെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന കൊക്കൂൺ വിൽക്കാൻ കോയമ്പത്തൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലെ വിപണികളെ ആശ്രയിക്കേണ്ട അവസ്ഥയായി.
സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചു
ഖാദി ബോർഡിന്റെ ചുമതലയിൽ ആരംഭിച്ച പട്ടുനൂൽ പുഴുവളർത്തൽ പദ്ധതി പിന്നീട് സെറിഫെഡിന്റെ നേതൃത്വത്തിലേക്ക് മാറി.
ഇതിന് പിന്നാലെ ക്രമക്കേടുകളും അനധികൃത നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്നു. ഒടുവിൽ സെറിഫെഡിലെ ജീവനക്കാരെ ഗ്രാമവികസന വകുപ്പിലും തദ്ദേശ വകുപ്പിലും പുനർവിന്യസിച്ചു.
ഇതോടെ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ദുർബലമായി. കൊക്കൂണിൽ നിന്ന് പട്ടുനൂൽ ഉൽപ്പാദിപ്പിച്ചിരുന്ന ആലപ്പുഴ പട്ടണക്കാട്ടെ ഫാക്ടറി വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. അങ്കമാലി ടെക്നിക്കൽ യൂണിറ്റും പാലക്കാട് വീവിംഗ് യൂണിറ്റും പ്രവർത്തനം നിർത്തി.
പട്ടുനൂൽ കൃഷിയിലൂടെ തൊഴിൽസാധ്യതകൾ
കൃഷി, ഗ്രാമവികസന വകുപ്പുകൾക്ക് കീഴിൽ പ്രത്യേക ഉപവകുപ്പ് രൂപീകരിച്ച് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പദ്ധതി നടപ്പാക്കിയാൽ മേഖലയിൽ നിരവധി പേർക്ക് തൊഴിലും വരുമാനവും ലഭിക്കുമെന്നാണ് വിലയിരുത്തൽ. സ്ത്രീസംരംഭങ്ങൾക്കും പട്ടുനൂൽ കൃഷി മികച്ച അവസരമാകാം.
ഒരു പട്ടുനൂൽ കൃഷി യൂണിറ്റിന്റെ ഘടന
- കൃഷിസ്ഥലം: ഒരു ഏക്കറിൽ ഏകദേശം 5,000 മൾബറി ചെടികൾ.
- വളർത്തൽ ഷെഡ്: പട്ടുനൂൽ പുഴുക്കളെ വളർത്താൻ 800 ചതുരശ്ര അടി വിസ്തൃതിയുള്ള ഷെഡും അനുബന്ധ സൗകര്യങ്ങളും.
- പുഴുക്കളുടെ എണ്ണം: 100 മുട്ടകളിൽ നിന്ന് 40,000 മുതൽ 50,000 വരെ പുഴുക്കൾ ലഭിക്കും. ഒരു മുട്ടയിൽ നിന്ന് 400–500 ലാർവകൾ വിരിയുമെന്നാണ് കണക്ക്.
- ഉൽപ്പാദന കാലയളവ്: 28 ദിവസത്തിനുള്ളിൽ 70–80 കിലോ കൊക്കൂൺ ലഭിക്കാം.
- വിപണിവില: ഒരു കിലോ കൊക്കൂണിന് 700–800 രൂപ വരെ ലഭിക്കുമെന്നാണ് കണക്ക്.
സർക്കാർ പിന്തുണയും സ്ഥിരമായ വിപണന സംവിധാനവും ഉറപ്പാക്കിയാൽ കേരളത്തിൽ പട്ടുനൂൽ കൃഷിക്ക് വീണ്ടും സാധ്യത തുറക്കാനാകുമെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.
English Summary:
Sericulture in Kerala is facing a serious decline due to the withdrawal of subsidies, lack of government support and limited markets for cocoons. The activity now survives mainly in Palakkad, Idukki and Wayanad districts. Stakeholders are calling for a government-led revival programme, which could create employment and income opportunities, particularly for women-led enterprises.
